മിഠായിത്തെരുവില്‍ ആറു കടകളില്‍ മോഷണശ്രമം
കോഴിക്കോട്: മിഠായിത്തെരുവില്‍ മൊയ്തീന്‍ പള്ളി റോഡിലെ ബേബി മാര്‍ക്കറ്റില്‍ ആറു കടകളില്‍ മോഷണശ്രമം. മറ്റൊരു കടയില്‍ നിന്നു 25,730 രൂപ നഷ്ടപ്പെട്ടു. കടയുടെ പൂട്ടുകള്‍ തകര്‍ത്താണു മോഷണം നടന്നത്. രാവിലെ പൂട്ടു തകര്‍ത്ത നിലയില്‍ കണ്ടതിനെ തുടര്‍ന്ന് മാര്‍ക്കറ്റ് വൃത്തിയാക്കാനെത്തിയ ജീവനക്കാരാണ് പൊലിസില്‍ വിവരമറിയിച്ചത്.
പുതുതായി തുറന്ന മിഠായികള്‍ വില്‍ക്കുന്ന കടയായ ഷഫീര്‍ ട്രെയ്‌ഡേഴ്‌സില്‍ നിന്നാണ് പണം നഷ്ടപ്പെട്ടത്. കടയുടെ ഷട്ടര്‍ പൂര്‍ണമായും മുകളിലേക്ക് ഉയര്‍ത്തിയ നിലയിലായിരുന്നു. ഈ കടയുടെ ഭാഗത്തേക്കുള്ള സി.സി.ടി.വി കാമറ സ്ഥാനം മാറ്റിയതായും കണ്ടെത്തിയിട്ടുണ്ട്. സമീപത്തുള്ള ന്യൂ സ്റ്റൈല്‍, അപ്‌സര ഏജന്‍സി ആന്‍ഡ് എന്റര്‍പ്രൈസസ്, ഐഡിയ പ്ലാസ്റ്റിക്‌സ്, ബി.കെ ടൈംസ്, ജിയോ ടൈലേഴ്‌സ്, കെവിന്‍ ആര്‍ക്കേഡ് എന്നിവിടങ്ങളിലാണ് മോഷണശ്രമം നടന്നത്. എന്നാല്‍ ഇവിടെനിന്നു സാധനങ്ങളൊന്നും നഷ്ടമായിട്ടില്ല.
കഴിഞ്ഞദിവസം രാത്രിയാണ് മോഷണശ്രമം നടന്നതെന്നു പൊലിസ് അറിയിച്ചു. സി.സി.ടി.വികള്‍ തകരാറിലാക്കിയ ശേഷമാണ് മോഷ്ടാക്കള്‍ പ്രവൃത്തിയാരംഭിച്ചത്. ഉടമകളെ വിളിച്ചുവരുത്തി പൊലിസ് സാന്നിധ്യത്തിലാണ് പരിശോധന നടന്നത്. പൂട്ട് കമ്പിപ്പാര കൊണ്ട് തകര്‍ത്ത നിലയിലാണ്. ടൗണ്‍ പൊലിസും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. മണം പിടിച്ച നായ കേരള ഭവന്‍ ലോഡ്ജിനു സമീപം വരെയെത്തി നിന്നു.
അഞ്ചു ഗേറ്റുകളുള്ള മാര്‍ക്കറ്റിലെ നാലെണ്ണം പൂട്ടിയതിനു ശേഷം ഒന്ന് പോര്‍ട്ടര്‍മാര്‍ക്ക് സാധനങ്ങള്‍ ഇറക്കാന്‍ തുറന്നുവയ്ക്കാറാണ് പതിവ്. രാത്രി 10.30നാണ് കട പൂട്ടി അവസാനത്തെ വ്യാപാരിയും പോയത്. അതിനു ശേഷമായിരിക്കും മോഷണം നടന്നതെന്നാണ് കരുതുന്നതെന്നു വ്യാപാരികള്‍ പറഞ്ഞു. അതേസമയം ഉത്സവ സീസണില്‍ കവര്‍ച്ച, പിടിച്ചുപറി, ഭവനഭേദനം എന്നിവ ലക്ഷ്യമിട്ട് മധുരയില്‍ നിന്ന് നാടോടി സംഘങ്ങളെത്തിയതായി പൊലിസിന് സൂചന ലഭിച്ചിട്ടുണ്ട്. നൂറു പേരടങ്ങുന്ന സംഘമാണ് ഇത്തരത്തില്‍ ജില്ലയുടെ വിവിധഭാഗങ്ങളില്‍ കേന്ദ്രീകരിച്ചിരിക്കുന്നത്. കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ ആളൊഴിഞ്ഞ സ്ഥലങ്ങളിലാണ് ഇവര്‍ തമ്പടിച്ചിരിക്കുന്നതെന്നും പൊലിസ് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."