ഭിന്നശേഷിയുള്ളവര്‍ക്ക് ലൈസന്‍സ്: 49 പേര് ഡ്രൈവിങ് ലേണേഴ്സ് ടെസ്റ്റ് പാസായി
കണ്ണൂര്‍: ജില്ലയിലെ ഭിന്നശേഷിക്കാരായ ആളുകള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നതിന്റെ ഭാഗമായി ഇന്നലെ കണ്ണൂര്‍ ആര്.ടി ഓഫിസില്‍ പ്രത്യേകമായി നടത്തിയ ലേണേഴ്സ് ടെസ്റ്റില്‍ 49 പേര് പാസായി. 63 പേരാണ് ടെസ്റ്റില്‍ പങ്കെടുത്തത്. ഇതില്‍ മൂന്നുപേര്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എതിരായതിനാല്‍ ടെസ്റ്റില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. ഇവര്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് അനുകൂലമായി കിട്ടുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫിസില്‍ പ്രത്യേകം അപ്പീല്‍ നല്‍കാനാകുമെന്ന് ആര്.ടി ഓഫിസിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ലേണേഴ്സ് ടെസ്റ്റില്‍ 11 പേര് പരാജയപ്പെട്ടു. എന്നാല്‍ ഇവര്‍ക്ക് അടുത്തതവണ വീണ്ടും ടെസ്റ്റില്‍ പങ്കെടുക്കാനാകും. ഭിന്നശേഷിക്കാരായ ആളുകള്‍ ജില്ലാ കലക്ടറെ കണ്ടതിനെത്തുടര്‍ന്നാണ് വാഹനം ഓടിക്കാനാകുന്ന ഭിന്നശേഷിക്കാര്‍ക്ക് ലൈസന്‍സ് എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനായി ആര്.ടി ഓഫിസുമായി സഹകരിച്ച് പ്രത്യേക ലേണേഴ്സ് ടെസ്റ്റ് നടത്തിയത്. ലൈസന്‍സ് ലഭിക്കുന്നവര്‍ക്ക് സന്നദ്ധ സംഘടനകള്‍ വാഹനം നല്‍കുന്നതിനും ധാരണയായിട്ടുണ്ട്. ഈ വാഹനങ്ങള്‍ ആര്.ടി ഓഫിസ് ഉദ്യോഗസ്ഥര്‍ പരിശോധിച്ച് സര്‍ട്ടിഫിക്കറ്റില്‍ ഒപ്പുവച്ചതിനു ശേഷം ഭിന്നശേഷിയുള്ള ആളുകള്‍ക്ക് ഡ്രൈവിങ് ടെസ്റ്റിനും ഉപയോഗിക്കാനാകും. ലേണേഴ്സ് ടെസ്റ്റ് പാസായവര്‍ക്ക് റോഡ് നിയമങ്ങളെക്കുറിച്ചുള്ള ക്ലാസ് നല്‍കിയതിനു ശേഷമായിരിക്കും പ്രത്യേകം അനുവദിച്ച ദിവസം ഡ്രൈവിങ് ടെസ്റ്റ് നടത്തുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."