500 പി.എച്ച്.സികള്‍ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കും: മന്ത്രി ശൈലജ
കണ്ണൂര്‍: വന്‍കിട കോര്‍പറേറ്റ് സ്വകാര്യ ആശുപത്രികളില്‍ ലഭിക്കുന്ന അതേ സാങ്കേതിക തികവുള്ള ചികിത്സ നാട്ടിലെ പാവപ്പെട്ടവര്‍ക്കും ലഭ്യമാക്കാന്‍ ഗവ. ആശുപത്രികളെ മെച്ചപ്പെടുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി കെ.കെ ശൈലജ. ലോകാരോഗ്യ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സര്‍ക്കാര്‍ ആശുപത്രികളെ മെച്ചപ്പെടുത്താന്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ 4300 പുതിയ തസ്തികകള്‍ സൃഷ്ടിച്ചു. രണ്ടു വര്‍ഷത്തിനിടെ സ്റ്റാഫ് നഴ്‌സുമാരുടെ 830ലേറെ തസ്തികകള്‍ സൃഷ്ടിച്ചു. പ്രാഥമികാരോഗ്യ മേഖലയെ ശക്തിപ്പെടുത്തുന്നതിനാണ് മൂന്ന് ഡോക്ടര്‍മാര്‍, നാല് സ്റ്റാഫ് നഴ്‌സുമാര്‍, ലാബ് ടെക്‌നീഷ്യന്‍, ഫാര്‍മസിസ്റ്റ് എന്നിവടങ്ങിയ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ മാതൃക രൂപപ്പെടുത്തിയത്.
ആദ്യഘട്ടത്തില്‍ 170 പി.എച്ച്.സികളെ തെരഞ്ഞെടുത്തു. നൂറിലധികം പി.എച്ച്.സികള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി പ്രവര്‍ത്തനം തുടങ്ങി.
ബാക്കി ഏപ്രില്‍, മെയ് മാസത്തോടെ പൂര്‍ത്തിയാവും. അടുത്ത വര്‍ഷത്തേക്ക് 500 കേന്ദ്രങ്ങള്‍ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കാനാണ് ഉദ്ദേശിക്കുന്നത്. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 76 കോടി രൂപയുടെ വികസന പ്രവര്‍ത്തനം അടുത്ത മാസം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
മേയര്‍ ഇ.പി ലത അധ്യക്ഷയായി. പി.കെ ശ്രീമതി എം.പി ആരോഗ്യ ദിനാചരണ സന്ദേശം നല്‍കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. നാരായണ നായ്ക്, ഡോ. സി.കെ. ജഗദീശന്‍, ആര്‍. അനില്‍ കുമാര്‍ സംസാരിച്ചു. ബോധവത്കരണ സെമിനാറില്‍ ഡോ. ആര്‍.കെ. സുമ വിഷയാവതരണം നടത്തി. ജീവിതശൈലി നിര്‍ണയ ക്യാംപും കൂട്ടനടത്തവും ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."