പുറ്റിങ്ങല്‍ ദുരന്തം: പീതാംബരക്കുറുപ്പിനെ കേന്ദ്ര അന്വേഷണസംഘം ചോദ്യം ചെയ്യും
കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ടപകടം സംബന്ധിച്ചു കോണ്‍ഗ്രസ് നേതാവും മുന്‍ എം.പിയുമായ എന്‍. പീതാംബരക്കുറുപ്പിനെ ചോദ്യം ചെയ്യും. വെടിക്കെട്ടപകടം അന്വേഷിക്കുന്ന കേന്ദ്ര ഏജന്‍സിയാണ് ചോദ്യം ചെയ്യുക. അന്വേഷണസംഘത്തിനു മുന്‍പില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് പീതാംബരക്കുറുപ്പിനു നോട്ടീസ് അയച്ചു.
ക്ഷേത്രത്തില്‍ മത്സരക്കമ്പം നടത്താന്‍ അനുമതി വാങ്ങിത്തരാമെന്നു ക്ഷേത്രം ഭാരവാഹികള്‍ക്കു പീതാംബരക്കുറുപ്പ് വാഗ്ദാനം നല്‍കിയെന്ന മൊഴിയെ തുടര്‍ന്നാണു ചോദ്യം ചെയ്യുക. വെടിക്കെട്ട് ദുരന്തത്തിന്റെ കാരണങ്ങള്‍ അന്വേഷിക്കുന്ന കേന്ദ്രകമ്മിഷന്‍ മുന്‍പാകെ ക്ഷേത്രഉത്സവ കമ്മിറ്റി സെക്രട്ടറി കൃഷ്ണന്‍കുട്ടിപ്പിള്ളയാണു മൊഴിനല്‍കിയത്. കലക്ടര്‍ അനുമതി ആദ്യം നിഷേധിച്ച മത്സരക്കമ്പത്തിന് പിന്നീട് അനുമതി ലഭിക്കുകയായിരുന്നു. ഇത് പീതാംബരകുറുപ്പിന്റെ ഇടപെടലിനെതുടര്‍ന്നാണെന്നാണ് അന്വേഷണസംഘത്തിനു ലഭിച്ച മൊഴി.
പുറ്റിങ്ങല്‍ ദുരന്തത്തില്‍ കേന്ദ്ര അന്വേഷണ സംഘത്തിന്റെ തെളിവെടുപ്പ് കഴിഞ്ഞ മാസം 30നാണ് ആരംഭിച്ചത്.
കേസില്‍ പ്രതികളായ 12 ക്ഷേത്രകമ്മിറ്റി ഭാരവാഹികളുടെ ഉള്‍പ്പെടെ മൊഴി കേന്ദ്രസംഘം രേഖപ്പെടുത്തിയിട്ടുണ്ട്. വെടിക്കെട്ട് ദുരന്തം നടന്നതിന്റെ അടുത്ത ദിവസം തന്നെ സ്ഥലത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന് സംഭവത്തില്‍ ഉത്തരവാദിത്തം ഉണ്ടെന്ന ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. പിന്നീടാണ് ഇതു മുന്‍ എം.പി എന്‍.പീതാംബരക്കുറുപ്പാണെന്ന വിവരം പുറത്തുവന്നത്.
ഇക്കഴിഞ്ഞ ഏപ്രില്‍ 10ന് പുലര്‍ച്ചെ നടന്ന രാജ്യത്തെ നടുക്കിയ ദുരന്തത്തില്‍ 114 പേര്‍ മരിക്കുകയും മുന്നൂറിലേറെപ്പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പരുക്കേറ്റവരില്‍ പലരും ഇപ്പോഴും വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
കേസില്‍ ക്ഷേത്രകമ്മിറ്റി അംഗങ്ങളെ ഉള്‍പ്പെടെ പ്രതിചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. ക്ഷേത്രകമ്മിറ്റി അംഗങ്ങളുടെ ജാമ്യാപേക്ഷ കഴിഞ്ഞയാഴ്ച ഹൈക്കോടതി തള്ളിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."