സഊദിയില്‍ ഭീകരാക്രമണ പദ്ധതി തകര്‍ത്തു; സുരക്ഷാ ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടു
റിയാദ്: സഊദിയിപ്പോലെ കിഴക്കന്‍ മേഖലയില്‍ സുരക്ഷാ അധികൃതര്‍ നടത്തിയ പരിശോധനക്കിടെ മേഖലയില്‍ നടത്താനിരുന്ന വന്‍ ഭീകരാക്രമണ പദ്ധതി തകര്‍ത്തതായി സുരക്ഷാ ഏജന്‍സികള്‍ വ്യക്തമാക്കി.
സംഭവത്തില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന് കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. കിഴക്കന്‍ സഊദിയിലെ വാണിജ്യ നഗരമായ ദമാമിനു സമീപം ശീഈകള്‍ തിങ്ങി താമസിക്കുന്ന പ്രദേശമായ ഖത്തീഫിലെ അവാമിയയില്‍ വെള്ളിയാഴ്ചയാണ് സംഭവം.
ഭീകരരെ നേരിടുന്നതിനിടെ സുരക്ഷാ ഓഫീസറായ അഹ്മദ് ഹസ്സന് അല്‍ സഹ്റാനി യാണ് കൊല്ലപ്പെട്ടതെന്ന് അധികൃതര്‍ ശനിയാഴ്ച പുറത്ത് വിട്ട പ്രസ്താവനയില്‍ വ്യക്തമാക്കി.
വ്യാഴാഴ്ച വൈകീട്ടാണ് ഭീകരര്‍ ഒളിഞ്ഞിരിക്കുന്നെന്ന് കരുതിയ പ്രദേശത്ത് സുരക്ഷാ സേന തിരച്ചില്‍ നടത്തിയത്. നിരവധി ആയുധങ്ങളും സ്ഫോടക വസ്തുക്കളും ഇവിടെ നിന്നും സുരക്ഷാ സേന കണ്ടെടുത്തിട്ടുണ്ട്. അവാമിയയിലെ പരിസര പ്രദേശങ്ങളില്‍ വന്‍ സ്ഫോടനം പദ്ധതിയിട്ടത് തകര്‍ക്കാന്‍ കഴിഞ്ഞതായി സുരക്ഷാ സേനയെ ഉദ്ധരിച്ചു അല്‍ അറബിയെ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ തന്റെ ജോലിയുടെ ഭാഗമായി നടത്തിയ പെട്രോളിംഗിനിടെ ഹൈവേക്കു സമീപം അവാമിയയിലെ കൃഷിസ്ഥലത്തു നിന്നുള്ള വെടിവെപ്പ് നടന്നതിനെ തുടര്‍ന്നാണ് സൈന്യം തിരച്ചില്‍ നടത്തിയതെന്നും ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
സംഭവത്തില്‍ ഉന്നത റാങ്കില്‍ പെട്ട രണ്ടു ഉദ്യോഗസ്ഥര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തു വിടുമെന്ന് ആഭ്യന്തര മന്ത്രാലയ അധികൃതര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."