ഹരിപ്പാട്, വയനാട് മെഡി. കോളജുകളുടെ നിര്‍മാണം: അഴിമതി അന്വേഷണത്തിന് ഉത്തരവ്
തിരുവനന്തപുരം: ഹരിപ്പാട്, വയനാട് മെഡിക്കല്‍ കോളജുകളുടെ നിര്‍മാണത്തിലെ കണ്‍സള്‍ട്ടന്‍സി കരാറിലെ അഴിമതി ആരോപണം അന്വേഷിക്കാന്‍ പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ ഉത്തരവിട്ടു.
പൊതുമരാമത്ത് വകുപ്പിലെ വിജിലന്‍സായിരിക്കും അഴിമതി ആരോപണം അന്വേഷിക്കുക. രണ്ടു മെഡിക്കല്‍ കോളജുകളുടെയും നിര്‍മാണത്തില്‍ സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി കരാര്‍ നല്‍കിയത് സര്‍ക്കാരിന് 12.31 കോടി രൂപയുടെ നഷ്ടമുണ്ടായതാണ് അന്വേഷണത്തിന് മന്ത്രി നേരിട്ട് ഉത്തരവിട്ടത്. ഹരിപ്പാട് മെഡിക്കല്‍ കോളജിന്റെ കരാറില്‍ 4.61 കോടി രൂപയും, വയനാട് മെഡിക്കല്‍ കോളജിന്റ കരാറില്‍ 7.70 കോടി രൂപയാണ് സര്‍ക്കാരിന് നഷ്ടമെന്നാണ് ആരോപണം.
പദ്ധതി തുകയുടെ 1.90 ശതമാനത്തില്‍ കൂടുതല്‍ തുകയ്ക്ക് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കരുതെന്ന ചട്ടം ലംഘിച്ചതായും ആരോപണമുണ്ട്. മൊത്തം അഞ്ച് കമ്പനികള്‍ക്കാണ് ടെന്‍ഡര്‍ നല്‍കിയത്. ആര്‍.ജി മാട്രിക്‌സ് എന്ന കമ്പനിക്കാണ് ഹരിപ്പാട് മെഡിക്കല്‍ കോളജിന്റെ കരാര്‍. അടങ്കല്‍ തുകയുടെ 2.94 ശതമാനമാണ് കരാര്‍ തുക. കരാര്‍ വ്യവസ്ഥ അനുസരിച്ച് മൂന്ന് കമ്പനികള്‍ മാത്രമാണ് യോഗ്യത നേടിയത്. 1.38, 2.94, 1.71 എന്നിങ്ങനെ നിരക്കുകളിലായിരുന്നു മൂന്ന് കമ്പനികളുടെ ടെന്‍ഡര്‍. സര്‍ക്കാര്‍ നിര്‍ദേശത്തിനും താഴെ ക്വാട്ട് ചെയ്ത കമ്പനിയെ തഴഞ്ഞ് 2.94 ശതമാനം നിരക്ക് ക്വാട്ട് ചെയ്ത കമ്പനിക്ക് കരാര്‍ നല്‍കുകയായിരുന്നുവെന്നാണ് ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."