സഊദി കിരീടാവകാശി ഫ്രാന്‍സില്‍; 18 കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പുവയ്ക്കും
റിയാദ്: സഊദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന് ഔദ്യോഗിക സന്ദര്‍ശനത്തിനായി ഫ്രാന്‍സില്‍ എത്തി. മൂന്നാഴ്ചത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിന് ശേഷമാണ് കിരീടാവകാശി ഫ്രാന്‍സില്‍ എത്തിയത്.
പാരീസില്‍ വിമാനമിറങ്ങിയ കിരീടാവകാശിയെ ഫ്രാന്‍സ് ഭരണകൂടം രാജകീയ സ്വീകരണമാണ് നല്‍കിയത്. ഫ്രാന്‍സ് ഗവണ്മെന്റിന്റെ ക്ഷണം സ്വീകരിച്ച് നടത്തുന്ന രണ്ടു ദിവസത്തെ സന്ദര്‍ശനത്തില്‍ യമന്‍ യുദ്ധം, സിറിയ, ഇറാന് ആണവ കരാര്‍ എന്നിവ പ്രധാന ചര്‍ച്ചാ വിഷയങ്ങളായിരിക്കുമെന്നു സഊദി ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇവിടെ നടക്കുന്ന സാംസ്കാരിക പരിപാടിയിലും സാമ്പത്തിക ഫോറത്തിലും കിരീടാവകാശി പങ്കെടുക്കും. ഫ്രാന്‍സ് സഹകരണത്തോടെ സഊദിയില്‍ നടപ്പിലാക്കുന്ന ടൂറിസം പദ്ധതിയും പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. കൂടാതെ, ഊര്‍ജ്ജം, ടൂറിസം, കാര്‍ഷികം, സാംസ്കാരികം തുടങ്ങിയ മേഖലകളിലായി പതിനെട്ടോളം കരാറുകളും ഇരു രാജ്യങ്ങളും ഒപ്പുവയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കിരീടാവകാശിയുടെ സംഘത്തിലെ അംഗത്തെ ഉദ്ധരിച്ചു സാമ്പത്തിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഞായറാഴ്ച രാവിലെ ഫ്രാന്‍സിലെ പാരീസിന് സമീപമുള്ള ബോര്‍ഗെറ്റ് വിമാനത്താവളത്തില്‍ ഇറങ്ങിയ കിരീടാവകാശിയെ ഫ്രാന്‍സ് വിദേശ കാര്യ മന്ത്രി ജീന്‍ യുവേസ് ലെ ദാറിന്റെ നേത്രൃത്വത്തിലുള്ള സംഘം സ്വീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."