ജനം വേറെ, ജനപ്രതിനിധി വേറെ
മാര്‍ച്ച് 24-നു തൊടുപുഴയില്‍ ചേര്‍ന്ന കെ.എസ്.ആര്‍.ടി.സി പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന സമ്മേളനത്തില്‍വച്ച് ഗതാഗതവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ജീവനക്കാരോട് ഒരു കാര്യം ഊന്നിപ്പറയുകയുണ്ടായി. ചെലവ് ചുരുക്കി കെ.എസ്.ആര്‍.ടി.സിയെ രക്ഷിച്ചെടുക്കാനുള്ള കര്‍മപദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ഇവ വിജയിക്കണമെങ്കില്‍ ജീവനക്കാര്‍ ത്യാഗമനോഭാവം കാട്ടുകതന്നെ വേണം എന്നാണ് മന്ത്രി പറഞ്ഞത്.
ഒരു ഉദാഹരണവും മന്ത്രി പറഞ്ഞു- ബസുകളുടെയും ജീവനക്കാരുടെയും എണ്ണത്തില്‍ അന്തരമുള്ളത് കണക്കിലെടുത്ത് ഡ്യൂട്ടി പാറ്റേണ്‍ പരിഷ്‌കരിക്കേണ്ടതുണ്ട്. ഇങ്ങനെ ചെയ്യുമ്പോള്‍ ജീവനക്കാര്‍ ത്യാഗ മനോഭാവം കാണിക്കണം. മറ്റു മേഖലകളിലും ചെലവ് ചുരുക്കല്‍ ആവശ്യമാണ്. ജീവനക്കാര്‍ പലതും ത്യജിക്കാന്‍ തയാറായാലേ ചെലവു ചുരുക്കല്‍ വിജയിക്കുകയുള്ളു. ആകെക്കൂടി നോക്കിയാല്‍ മന്ത്രിയുടെ പ്രസംഗത്തിന്റെ സന്ദേശം വളരെ വ്യക്തമായിരുന്നു. കെ.എസ്.ആര്‍.ടി.സിയെ രക്ഷിച്ചെടുക്കണമെങ്കില്‍ ജീവനക്കാര്‍ തങ്ങള്‍ക്ക് കിട്ടുന്ന പല ആനുകൂല്യങ്ങളും വേണ്ടെന്നുവയ്‌ക്കേണ്ടിവരും. പ്രതിഫലം കിട്ടാതെ തന്നെ അധിക സമയം ജോലിയെടുക്കേണ്ടിവരും, പലതും ത്യജിക്കേണ്ടിവരും. ചുരുക്കത്തില്‍ മുണ്ടുമുറുക്കിയുടുത്തു വേണം കെ.എസ്.ആര്‍.ടി.സിയെ രക്ഷിച്ചെടുക്കേണ്ടത് അത് ജീവനക്കാരുടെ ഉത്തരവാദിത്തമാണ്.
മന്ത്രി പറഞ്ഞതില്‍ യാതൊരു തെറ്റുമില്ല. ജീവനക്കാര്‍ ചെലവ് ചുരുക്കിയാല്‍ മാത്രമേ കെ.എസ്.ആര്‍.ടി.സി രക്ഷപ്പെടുകയുള്ളു. എന്നാല്‍ മന്ത്രി ഇങ്ങനെ പറയുന്നതിനു നാലു ദിവസം മുമ്പ് പത്രങ്ങളില്‍ വന്ന ഒരു വാര്‍ത്ത അതിനോട് ചേര്‍ത്തുവച്ച് ഓര്‍മിച്ചപ്പോഴാണ് അല്‍പം പന്തികേട് തോന്നിയത്. മന്ത്രിമാരുടെയും എം.എല്‍.എമാരുടെയും ശമ്പളം വര്‍ധിപ്പിക്കുന്നതിനുള്ള 'പെയ്‌മെന്റ് ഓഫ് സാലറീസ് ആന്‍ഡ് അലവന്‍സസ് (അമെന്റ്‌മെന്റ്) ബില്‍' അന്നേദിവസം നിയമസഭയില്‍ അവതരിപ്പിക്കുന്നു എന്നായിരുന്നു വാര്‍ത്ത. തൊട്ടുമുമ്പത്തെ ബുധനാഴ്ച നടന്ന മന്ത്രിസഭാ യോഗം ബില്ലിന് അംഗീകാരം നല്‍കുകയും ചെയ്തിരുന്നു.
എങ്ങനെയൊക്കെയാണെന്നോ ഈ ശമ്പള വര്‍ധന? മന്ത്രിമാരുടെ ശമ്പളം 55012-ല്‍ നിന്ന് 90300 രൂപ ആയിട്ടാണ് വര്‍ധിപ്പിച്ചിട്ടുള്ളത്. എം.എല്‍.എമാരുടേത് 39500-ല്‍ നിന്ന് 70,000 ആയും വര്‍ധിക്കുന്നു. സംസ്ഥാനത്തിനകത്ത് യാത്രചെയ്യാനും പുറത്തേക്കു പോകാനുമുള്ള അലവന്‍സിലുമുണ്ട് വന്‍ വര്‍ധന. അതിനു പുറമെയാണ് നിയമസഭാ സമിതി യോഗങ്ങളില്‍ പങ്കെടുക്കുന്നതിന് അമ്പതിനായിരം രൂപ വിമാനക്കൂലി അനുവദിച്ചിട്ടുള്ളത്. നിയമസഭാ സാമാജികരുടെ ഇന്‍ഷൂറന്‍സ് തുക അഞ്ചുലക്ഷത്തില്‍ നിന്ന് 20 ലക്ഷമാക്കിയാണ് വര്‍ധിപ്പിച്ചത്. പെന്‍ഷനിലുമുണ്ട് ഗണ്യമായ വര്‍ധന. മൊത്തം ശമ്പളം വകയില്‍ അഞ്ചേകാല്‍ കോടിയിലധികമാണ് പ്രതിമാസം സര്‍ക്കാരിന്റെ അധിക ബാധ്യത. എങ്ങനെ നോക്കിയാലും ജനപ്രതിനിധിയാവുന്നവര്‍ക്ക് കുശാല്‍.
ജനപ്രതിനിധികള്‍ക്ക് അന്തസായി ജീവിക്കുന്നതിനാവശ്യമായ ശമ്പളം നല്‍കണം എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവില്ല എന്നാല്‍ ദൈനംദിനച്ചെലവുകള്‍ക്കു പോലും പണമില്ലാതിരിക്കുകയും ജീവനക്കാരോട് മുണ്ടുമുറുക്കിയുടുക്കണമെന്നാവശ്യപ്പെടുകയും ചെയ്യുന്ന വേളയില്‍ ഇത്രയും ഭാരിച്ച വര്‍ധനവ് ന്യായീകരിക്കാവുന്നതാണോ എന്നതാണ് ചോദ്യം. സകലമാന കാര്യങ്ങളിലും സര്‍ക്കാരിനെ എതിര്‍ക്കുന്ന പ്രതിപക്ഷത്തിനുമില്ല ഇക്കാര്യത്തില്‍ എതിര്‍പ്പ്. വര്‍ധിച്ച ശമ്പളവും അലവന്‍സും എനിക്ക് വേണ്ട എന്ന് ഏതെങ്കിലുമൊരു എം.എല്‍.എ പറഞ്ഞുവോ? ഇക്കാര്യത്തില്‍ എല്ലാ ജനപ്രതിനിധികള്‍ക്കും ഏക മനസാണ്. എങ്ങനെയെങ്കിലുമൊന്ന് എം.എല്‍.എയോ എം.പിയോ ആയിക്കിട്ടിയാല്‍ രക്ഷപ്പെട്ടുഎന്ന നിലയിലാണ് ഇന്ന് നമ്മുടെ ജനാധിപത്യ സംവിധാനം എത്തിനില്‍ക്കുന്നത്. ഇക്കാര്യം തുറന്നു പറഞ്ഞ ഒരു മന്ത്രിയുണ്ടായിരുന്നു കേരളത്തില്‍-പഴയ സി.പി.ഐ മന്ത്രി കാന്തലോട്ട് കുഞ്ഞമ്പു. പഴയ ത്യാഗോജ്വല പാരമ്പര്യത്തിന്റെ ഉടമയായ ഈ മന്ത്രി ഒരഭിമുഖത്തില്‍ പറഞ്ഞത് എം.എല്‍.എ ആയാല്‍ മതി, നിയമസഭാ കമ്മിറ്റി യോഗത്തിനുള്ള യാത്രക്കൂലിയും അലവന്‍സും വകയില്‍ ജീവിതച്ചെലവ് ഒത്തുകിട്ടുമെന്നാണ്. ഇതിന് കണക്കാക്കിയാണ് നിയമസഭാ കമ്മിറ്റി യോഗങ്ങള്‍ക്ക് തീയതി നിശ്ചയിക്കാറുള്ളത് എന്നും പറഞ്ഞു നിഷ്‌കളങ്കനായ ആ സഖാവ്. വടക്കുനിന്നുള്ള എം.എല്‍.എമാര്‍ക്ക് യാത്രക്കൂലി വകയില്‍ കൂടുതല്‍ അലവന്‍സ് ലഭിക്കുന്നു എന്ന് തെക്കു നിന്നുള്ള ജനപ്രതിനിധികള്‍ മുറുമുറുത്ത അനുഭവങ്ങളും കേരളത്തിലുണ്ടായിട്ടുണ്ട്. ഇത്തരം മുറുമുറുപ്പുകള്‍ ഒഴിവായിക്കിട്ടുന്ന തരത്തില്‍ നിയമസഭാ കമ്മിറ്റി യോഗങ്ങള്‍ ക്രമീകരിക്കുന്ന ഭാരിച്ച പണിയാണ് നിയമസഭാ ഉദ്യോഗസ്ഥര്‍ക്കുള്ളത്. കണക്കെടുത്തു നോക്കിയാല്‍ ജനാധിപത്യം മുന്നോട്ടു കൊണ്ടുപോകാനുള്ള പണച്ചെലവ് നമുക്ക് കൃത്യമായി ലഭിക്കും. അത് എത്രയെന്നറിഞ്ഞാല്‍ ഞെട്ടിപ്പോവുകയും ചെയ്യും. ഹെലികോപ്റ്റര്‍ വാടക, വീടിന് മോടി വരുത്താന്‍ വേണ്ടിയുള്ള ചെലവുകള്‍ തുടങ്ങി മന്ത്രിമാരുണ്ടാക്കുന്ന ചെലവുകള്‍ ഇതിനു പുറമെയാണ്. ചുരുക്കത്തില്‍ കാട്ടിലെ മരം, തേവരുടെ ആന... പിന്നെ വലിയെടാ വലി തന്നെ.
ഒരിക്കല്‍ എം.പിയോ എം.എല്‍.എയോ ആയാല്‍ ആജീവനാന്തം നല്‍കുന്ന പെന്‍ഷനും ഓസു പാസുകളും എത്രയെന്ന് കണക്കു കൂട്ടിയിട്ടുണ്ടോ വല്ലവരും? എം.പിമാര്‍ക്ക് മാത്രമല്ല, മുന്‍ എം.പിമാര്‍ക്കും ആജീവനാന്തം ഇന്ത്യയിലുടനീളം സൗജന്യ യാത്രയാണ്. ഒരു സഹായിയേയും കൂടെ കൊണ്ടുപോവാം; പെന്‍ഷന്‍ വേറെ. ഇത്തരം ആനുകൂല്യങ്ങളെല്ലാം കൈപ്പറ്റി ഈ പൊതുജന ദാസന്മാര്‍ ചെയ്യുന്ന സേവനങ്ങളെന്താണെന്ന് കൂടി ആലോചിക്കുന്നത് നല്ലതാണ്. കായല്‍ നികത്തി റിസോര്‍ട്ട് പണിയുന്നു, ഏതെങ്കിലും സ്ത്രീ കൊഞ്ചിക്കുഴഞ്ഞ് സംസാരിക്കുമ്പോള്‍ ആ കെണിയില്‍ തലവച്ചു കൊടുക്കുന്നു, നിയമം ലംഘിച്ച് ഭൂമി കൈവശം വയ്ക്കുകയും തടയണയും റിസോര്‍ട്ടും പണിയുകയും ചെയ്യുന്നു. ജനപ്രതിനിധി എന്ന പ്രത്യേക ആനുകൂല്യം ഉപയോഗപ്പെടുത്തി മിക്കപ്പോഴും നിയമത്തിന്റെ ഊരാക്കുടുക്കുകളില്‍ നിന്ന് രക്ഷപ്പെടുന്നു-ഇവരാണ് ജീവിതത്തിന്റെ രണ്ടറ്റങ്ങളും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന പാവങ്ങളോട് ത്യാഗം ചെയ്യാന്‍ ആവശ്യപ്പെടുന്നത് എന്നതാണ് ഈ കഥയിലെ വൈരുധ്യം.
ജനപ്രതിനിധികള്‍ക്ക് പ്രത്യേകാവകാശങ്ങള്‍ വേണം. ജീവിക്കുന്നതിനാവശ്യമായ മാന്യമായ വേതനവും നല്‍കണം. പക്ഷേ ഈ അവകാശങ്ങളും വേതനവും നിര്‍ണയിക്കുന്നത് അവര്‍ തന്നെയാണ് എന്നതാണ് ഈ വിഷയത്തിലെ അനൗചിത്യം. സാധാരണ നിലക്ക് തൊഴിലെടുക്കുന്നവരുടെ സേവന വേതന വ്യവസ്ഥകള്‍ നിര്‍ണയിക്കുന്നത് ഇന്ത്യയില്‍ ശമ്പളക്കമ്മീഷനുകളോ വേജ്‌ബോര്‍ഡോ ഒക്കെയാണ്. അവാര്‍ഡുകളുടെ രൂപത്തിലും സേവന വേതന നിര്‍ണയം നടക്കുന്നു. ഉഭയകക്ഷി ചര്‍ച്ചകളിലൂടെയും ഇത് സാധിക്കാറുണ്ട്. ഏത് നിലക്കായാലും ഒരു മൂന്നാം കക്ഷിയുടെ ഇടപെടലുണ്ട്. എന്നാല്‍ ജനപ്രതിനിധികളുടെ ശമ്പളവും അലവന്‍സും ആനുകൂല്യങ്ങളും എത്രയായിരിക്കണം എന്നും എങ്ങനെയായിരിക്കണം എന്നും തീരുമാനിക്കുന്നത് ജനപ്രതിനിധിസഭകള്‍ തന്നെയാണ്. ആയതിനു വേണ്ട നിയമം കൊണ്ടുവരുന്നതും അതിനു ഭേദഗതി വരുത്തുന്നതും ശമ്പളം വാങ്ങുന്നവര്‍ തന്നെ. ഈ അനൗചിത്യം നിലനില്‍ക്കുന്നിടത്തോളം കാലം പ്രസ്തുത വേതന നിര്‍ണയം സംശയത്തിന്റെ നിഴലിലായിരിക്കും. ബാഹ്യ ഏജന്‍സിയുടെ ശുപാര്‍ശകള്‍ ഉണ്ടായതുകൊണ്ടൊന്നും സ്വയം വേതന വ്യവസ്ഥകള്‍ നിര്‍ണയിക്കുന്നു എന്ന അനൗചിത്യം ഇല്ലാതാവുന്നില്ല. അതുകൊണ്ടുതന്നെ അതിനെതിരായുള്ള വിമര്‍ശനങ്ങള്‍ 'സോഷ്യല്‍ ഓഡിറ്റിങി'ന്റെ ഭാഗമാണെന്ന് കരുതിയാല്‍ മതി.
ജനപ്രതിനിധികളുടെ പ്രത്യേകാവകാശങ്ങളെക്കുറിച്ചു പറയുമ്പോള്‍ ഓര്‍ക്കുന്നത് ബ്രിട്ടനില്‍ പണ്ടെങ്ങോ നടന്നതായി പറയപ്പെടുന്ന ഒരു കഥയാണ്. ഒരു വറുതിക്കാലത്ത് സര്‍ക്കാര്‍ ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്ന ഒരു കേന്ദ്രത്തില്‍ ആളുകള്‍ ക്യൂ നില്‍ക്കുന്നു. ഔട്ട്‌ലെറ്റിനു മുമ്പില്‍ നീണ്ട വരിയാണുള്ളത്. അപ്പോള്‍ ഒരാള്‍ വരി തെറ്റിച്ച് തള്ളിക്കയറി വന്ന് മുന്നില്‍ സ്ഥലം പിടിക്കാന്‍ ശ്രമിച്ചു. നേരത്തെ ക്യൂവില്‍ നിന്നവര്‍ സ്വാഭാവികമായും അതിനെ എതിര്‍ക്കുമല്ലോ... അതോടെ കശപിശയായി. അപ്പോള്‍ വരി തെറ്റിച്ചു മുന്നില്‍ കയറി നിന്ന ആള്‍ പറഞ്ഞു- 'ഞാന്‍ ജനപ്രതിനിധിയാണ്; എനിക്ക് പ്രത്യേകാവകാശമുണ്ട്.' ഇതു കേട്ട് ക്യൂവിലുള്ളവരുടെ മറുപടി ഇങ്ങനെയായിരുന്നുവത്രെ: 'താങ്കള്‍ ജനപ്രതിനിധി മാത്രമല്ലേ? ഞങ്ങള്‍ ജനം തന്നെയാണ്, പോയി വരിയുടെ പിന്നില്‍ നില്‍ക്കൂ'. യൂ ആര്‍ ഓണ്‍ലി പീപ്പിള്‍സ് റെപ്രസന്റേറ്റീവ്, വി ആര്‍ പീപ്പിള്‍' എന്ന ഈ മറുപടിയില്‍ ജനാധിപത്യത്തിന്റെ അന്തസത്തയാണ് കുടികൊള്ളുന്നത്. കെ.എസ്.ആര്‍.ടി.സി ജീവനക്കാരോട് ത്യാഗത്തിനു തയാറാകണമെന്നാവശ്യപ്പെട്ട മന്ത്രിയെങ്കിലും തനിക്ക് ഈ ഭാരിച്ച ശമ്പള വര്‍ധനവ് വേണ്ടെന്നു പറഞ്ഞിരുന്നെങ്കില്‍ നമുക്കും ഈ അന്തസത്തയെപറ്റിപ്പറഞ്ഞ് അഭിമാനിക്കാമായിരുന്നു. കഷ്ടം, അദ്ദേഹമെന്നല്ല ഒറ്റ എം.എല്‍.എ പോലും അതിന് വഴിയുണ്ടാക്കിയില്ലല്ലോ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."