നാലാം ദിനത്തില്‍ ഇന്ത്യയുടെ മെഡല്‍ കൊയ്ത്ത്
ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ നാലാം ദിനത്തില്‍ ഇന്ത്യയുടെ മെഡല്‍ കൊയ്ത്ത്. മൂന്ന് സ്വര്‍ണം, ഒരു വെള്ളി, രണ്ട് വെങ്കലമടക്കം ആറ് മെഡലുകളാണ് ഇന്നലെ വിവിധയിനങ്ങളില്‍ നിന്നായി ഇന്ത്യന്‍ താരങ്ങള്‍ രാജ്യത്തിനായി നേടിയത്.
ആദ്യ മൂന്ന് ദിവസങ്ങളിലായി ഭാരോദ്വഹന താരങ്ങളുടെ കരുത്തില്‍ മുന്നേറിയ ഇന്ത്യക്ക് നാലാം ദിനത്തില്‍ ഭാരോദ്വഹനത്തില്‍ തന്നെ ആദ്യ സ്വര്‍ണം സ്വന്തമാക്കാനായി. വനിതകളുടെ 69 കിലോ വിഭാഗത്തില്‍ പൂനം യാദവാണ് ഇന്ത്യക്കായി അഞ്ചാം സ്വര്‍ണം ഉയര്‍ത്തിയത്. പുരുഷന്മാരുടെ 94 കിലോ വിഭാഗം ഭാരോദ്വഹനത്തില്‍ വികാസ് താക്കൂര്‍ വെങ്കലം നേടി. പിന്നാലെ ഷൂട്ടിങ്ങില്‍ വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ കൗമാര താരം മനു ഭക്കര്‍ ആറാം സ്വര്‍ണം വെടിവച്ചിട്ടു. ഈയിനത്തില്‍ തന്നെയാണ് ഇന്ത്യയുടെ ഇന്നലത്തെ വെള്ളി നേട്ടവും. ഹീന സിദ്ധുവാണ് രണ്ടാം സ്ഥാനത്തെത്തിയത്. പുരുഷന്മാരുടെ പത്ത് മീറ്റര്‍ എയര്‍ റൈഫിളില്‍ രവി കുമാറാണ് ഇന്നലെ രണ്ടാം വെങ്കലം ഇന്ത്യക്കായി നേടിയത്. അവസാന സെഷനില്‍ വനിതകളുടെ ടേബിള്‍ ടെന്നീസ് ടീമിനത്തിലും ഇന്ത്യ സുവര്‍ണ നേട്ടത്തിലെത്തി.
ചരിത്രത്തിലാദ്യമായാണ് ഇന്ത്യ കോമണ്‍വെല്‍ത്ത് ഗെയിംസ് ടേബിള്‍ ടെന്നീസില്‍ സ്വര്‍ണം നേടുന്നത്. ഫൈനലില്‍ സിംഗപ്പൂരിനെ 3-1 എന്ന സ്കോറിന് കീഴടക്കിയാണ് വനിതാ ടേബിള്‍ ടെന്നീസ് ടീമിന്റെ നേട്ടം. ഏഴ് സ്വര്‍ണം, രണ്ട് വെള്ളി, മൂന്ന് വെങ്കലം മെഡലുകളുമായി ഇന്ത്യ പട്ടികയില്‍ നാലാം സ്ഥാനത്താണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."