മുഖ്യമന്ത്രിയുടെ സഹായം ഇനി നേരിട്ട് അക്കൗണ്ടില്‍; ചെക്ക് കൊടുക്കുന്ന രീതി നിര്‍ത്തി
മലപ്പുറം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുള്ള സര്‍ക്കാര്‍ സഹായം ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടില്‍ നേരിട്ടെത്തിക്കുന്ന പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കം. ധനസഹായ വിതരണത്തിലെ കാലതാമസം ഒഴിവാക്കി വേഗത്തില്‍ വിതരണം നടത്താനുദ്ദേശിച്ചാണ് ധനകാര്യവകുപ്പിന്റെ നേതൃത്വത്തില്‍ പദ്ധതി തയാറാക്കിയിരിക്കുന്നത്്.
നേരത്തേ ചെക്ക് നല്‍കുന്ന രീതി ആയതിനാല്‍ ഏറെ വൈകിയാണ് ഗുണഭോക്താക്കള്‍ക്ക് പണം ലഭിച്ചിരുന്നത്്. പുതിയ രീതി നടപ്പാക്കുന്നതിന് ആവശ്യമായ മാനദണ്ഡങ്ങള്‍ തയാറാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട അപേക്ഷ, സൂക്ഷ്മപരിശോധന, റിപ്പോര്‍ട്ട്്, ഉത്തരവ് പുറപ്പെടുവിക്കല്‍, ധനസഹായ വിതരണം തുടങ്ങിയ എല്ലാ പ്രവൃത്തികളും cmo.kerala.gov.in എന്ന സോഫ്റ്റ് വെയര്‍ സംവിധാനത്തിലൂടെയാണ് നടക്കുക.
ദുരിതാശ്വാസനിധിയില്‍നിന്ന് അര്‍ഹമായ ധനസഹായം ഓണ്‍ലൈന്‍ ഡി.ബി.ടി സംവിധാനം വഴി തിരുവനന്തപുരം ജില്ലാ ട്രഷറിയിലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ മുഖ്യ അക്കൗണ്ടില്‍നിന്ന് നേരിട്ട് ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പണം എത്തും. ധനകാര്യവകുപ്പില്‍നിന്ന് പണം നല്‍കാന്‍ നിര്‍ദേശിക്കുന്ന ദിവസംതന്നെ ഡി.ബി.ടി സംവിധാനത്തിലൂടെ ഗുണഭോക്താവിന് പണം കൈമാറാനാണ് തീരുമാനം. തുക അനുവദിക്കുന്നതിന് നിലവിലുള്ള ചെക്ക് സമ്പ്രദായം പൂര്‍ണമായും ഒഴിവാക്കി പുതിയ രീതി അവലംബിക്കുന്നതിന് ട്രഷറി കോഡിന്റെ ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയിട്ടുണ്ട്.
അപേക്ഷകള്‍ ഓണ്‍ലൈനായി സ്വീകരിക്കുന്നതിനുപുറമേ ഗുണഭോക്താവിന്റെ അക്കൗണ്ടിലേക്ക് നേരിട്ട് പണം നല്‍കുന്ന രീതി കൂടി നിലവില്‍വന്നതോടെ നടപടിക്രമങ്ങള്‍ കൂടുതല്‍ ലളിതമായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."