ഓഖി: നഷ്ടപരിഹാരം നല്‍കിയിട്ടില്ലെന്ന ആരോപണം വാസ്തവവിരുദ്ധമെന്ന് ഫിഷറീസ് വകുപ്പ്
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ കാണാതായവരുടെ കുടുംബങ്ങള്‍ക്കു നഷ്ടപരിഹാരം നല്‍കിയിട്ടില്ലെന്ന ആരോപണം വാസ്തവവിരുദ്ധമെന്ന് ഫിഷറീസ് വകുപ്പ്. കാണാതായ 91 പേരുടെ കുടുംബാംഗങ്ങള്‍ക്കും സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരത്തുക നല്‍കിക്കഴിഞ്ഞതായി വകുപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കി.
മൂന്നുമാസം കഴിഞ്ഞാല്‍ കാണാതായവരുടെ കുടുംബങ്ങള്‍ക്കും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നല്‍കുന്ന എല്ലാ ആനുകൂല്യവും നല്‍കുമെന്ന് ദുരന്തവേളയില്‍ തന്നെ മുഖ്യമന്ത്രിയും ഫിഷറീസ് മന്ത്രിയും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, അത് ഇതുവരെ ലഭിച്ചില്ലെന്ന ആരോപണമുയരുന്നുണ്ട്. ചില ക്രൈസ്തവ സഭാ മേധാവികളും വി.എസ് ശിവകുമാര്‍ എം.എല്‍.എയുമൊക്കെ ആരോപണം ഉന്നയിച്ചിരുന്നു. ഇതെല്ലാം വസ്തുതാവിരുദ്ധമാണെന്നാണ് ഫിഷറീസ് വകുപ്പിന്റെ വാദം. കാണാതായവരുടെ ബന്ധുക്കളുടെ അക്കൗണ്ടുകളിലേക്ക് കഴിഞ്ഞ മാസം 27ന് 20 ലക്ഷം രൂപ വീതം നല്‍കിയിട്ടുണ്ട്. ഇനി കേന്ദ്ര സര്‍ക്കാരില്‍ നിന്നുള്ള രണ്ടു ലക്ഷം രൂപ വീതമാണ് നല്‍കാനുള്ളത്. അതു ചെക്കായി നല്‍കേണ്ടതാണ്. അടുത്തദിവസം തന്നെ അതു നല്‍കും.
മരിച്ചവരും കാണാതായവരുമായ മലയാളികളുടേതായി സഭാനേതാക്കള്‍ പറയുന്ന കണക്കുകളില്‍ പിശകുണ്ട്. അവരില്‍ ചിലര്‍ തമിഴ്‌നാട്ടുകാരാണ്. അവര്‍ക്കു നഷ്ടപരിഹാരത്തുക നല്‍കേണ്ടത് തമിഴ്‌നാട് സര്‍ക്കാരാണ്. അതിന്റെ വിശദവിവരങ്ങള്‍ തിരുവനന്തപുരം ജില്ലാ കലക്ടര്‍ തമിഴ്‌നാട് അധികൃതര്‍ക്കു നല്‍കിയിട്ടുണ്ടെന്നും വകുപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."