മെഡിക്കല്‍ പ്രവേശന ബില്‍: അഴിമതി അന്വേഷിക്കണമെന്ന് ബെന്നി ബെഹനാന്
കൊച്ചി: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളിലെ വിദ്യാര്‍ഥി പ്രവേശനവുമായി ബന്ധപ്പെട്ട ബില്‍ ഗവര്‍ണര്‍ തള്ളിയ സാഹചര്യത്തില്‍ സാമ്പത്തിക അഴിമതിയെക്കുറിച്ച് അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ബെന്നി ബെഹനാന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ബില്‍ പാസാക്കുന്നതുമായി ബന്ധപ്പെട്ട് കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നുവെന്നാണ് അറിയാന്‍ കഴിഞ്ഞത്. പിണറായി സര്‍ക്കാരിലെ ഉന്നതരുടെ അറിവോടെയാണ് അഴിമതി നടന്നത്.
കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളില്‍ പ്രവേശനം നേടിയ ഭൂരിപക്ഷം വിദ്യാര്‍ഥികളും നീറ്റ് മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ മൂന്ന് ലക്ഷത്തിനും നാല് ലക്ഷത്തിനും ഇടയില്‍ റാങ്ക് ലഭിച്ചവരാണെന്ന ഞെട്ടിക്കുന്ന വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്.
സ്വകാര്യ മാനേജ്മെന്റ് വിദ്യര്ഥികളില്നിന്ന് വന്‍തോതില്‍ തലവരിപ്പണം വാങ്ങിയതിന്റെ തെളിവും പുറത്തുവന്നിരിക്കുകയാണ്. തലവരിപ്പണം വാങ്ങുന്നത് ക്രിമിനല്‍ കുറ്റമാണെന്നും ഇങ്ങനെ ചെയ്യുന്ന മാനേജ്മെന്റുകള്‍ക്കെതിരേ ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്നുമുള്ള സുപ്രിംകോടതിയുടെ ഒന്നിലധികം വിധികള്‍ നിലവിലുണ്ട്.
ഒന്നാം വര്‍ഷ ഫീസായി 10 ലക്ഷവും സ്പെഷല്‍ ഫീസായി 1.65 ലക്ഷവും ഈടാക്കേണ്ട സ്ഥാനത്താണ് സ്വാശ്രയ കോളജുകള്‍ 45 ലക്ഷം മുതല്‍ 1 കോടി രൂപ വരെ വാങ്ങിയതായി പൊലിസ് കണ്ടെത്തിയിരിക്കുന്നതെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."