മെഡിക്കല്‍ ബില്‍ നിലപാട്: പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച വേണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ ശക്തം
തിരുവനന്തപുരം: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജ് ബില്ലില്‍തൊട്ട് കൈപൊള്ളിയതിനെക്കുറിച്ച് പാര്‍ട്ടിക്കുള്ളില്‍ വിശദമായ ചര്‍ച്ച വേണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ ശക്തം. ബില്‍ ഗവര്‍ണര്‍ തടഞ്ഞതോടെ പ്രതിരോധത്തിലായ സാഹചര്യത്തില്‍ മുതിര്‍ന്ന നേതാക്കള്‍ തന്നെ ഈ ആവശ്യവുമായി രംഗത്തുവന്നിട്ടുണ്ട്. വിമതസ്വരമുയര്‍ത്തിയ പ്രമുഖ നേതാക്കളിലൊരാളായ ബെന്നി ബെഹനാന്‍ ബില്ലുമായി ബന്ധപ്പെട്ട് അഴിമതി ആരോപണംവരെ ഉന്നയിച്ചത് പാര്‍ട്ടി നേതൃത്വത്തിന് തലവേദനയായിട്ടുണ്ട്. സര്‍ക്കാരിനെതിരേയെന്ന വ്യാജേന ബെന്നി പ്രാധാനമായി ലക്ഷ്യംവയ്ക്കുന്നത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ആണെന്ന സംസാരം പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നിട്ടുണ്ട്.
ബെന്നിയുടെ അഴിമതി ആരോപണം തള്ളിക്കളഞ്ഞെങ്കിലും നിയമസഭയില്‍ സ്വീകരിച്ച നിലപാടിനെക്കുറിച്ച് പാര്‍ട്ടി ചര്‍ച്ച ചെയ്യണമെന്ന ആവശ്യം കെ. മുരളീധരന്‍ എം.എല്‍.എയും ഉന്നയിച്ചു. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്ന് കരുതുന്നു. എന്നാല്‍, ബില്ലിനെ പിന്തുണയ്ക്കാനുള്ള തീരുമാനം എല്ലാവരും ഒരുമിച്ച് എടുത്തതാണെന്നും മുരളീധരന്‍ ഇന്നലെ മാധ്യമങ്ങളോടു പറഞ്ഞു.
ബില്‍ സംബന്ധിച്ച് ദുരൂഹതകളുണ്ടെന്നും രാഷ്ട്രീയകാര്യ സമിതി ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്നും വി.എം സുധീരനും പറഞ്ഞു. ബില്ലിനെ പിന്തുണയ്ക്കാന്‍ തീരുമാനമെടുക്കുന്നതിനുമുന്‍പ് രാഷ്ട്രീയകാര്യ സമിതി ഇക്കാര്യം ചര്‍ച്ചചെയ്ത് നിലപാടെടുക്കേണ്ടിയിരുന്നു. ഇനി പ്രധാനപ്പെട്ട വിഷയങ്ങളിലെല്ലാം വിശദമായ ചര്‍ച്ചയ്ക്കുശേഷമേ തീരുമാനമെടുക്കാവൂ. നിയമവിരുദ്ധമായി വന്‍ തുകകള്‍ ഈ മാനേജ്‌മെന്റുകള്‍ വിദ്യാര്‍ഥികളുടെ രക്ഷിതാക്കളില്‍നിന്ന് വാങ്ങിയതായി ആരോപണമുയരുന്നുണ്ട്. ബില്ലുമായി ബന്ധപ്പെട്ടും സാമ്പത്തിക ആരോപണമുയര്‍ന്നിട്ടുണ്ട്. എല്ലാ ദുരൂഹതകളും നീങ്ങണമെന്നും അദ്ദേഹം പറഞ്ഞു.
മുതിര്‍ന്ന നേതാക്കള്‍ പരസ്യമായി ആവശ്യപ്പെട്ട സാഹചര്യത്തില്‍ രാഷ്ട്രീയകാര്യ സമിതി ചേര്‍ന്ന് വിഷയം ചര്‍ച്ച ചെയ്യുമെന്നാണ് നേതാക്കള്‍ നല്‍കുന്ന സൂചന. കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍ ഇപ്പോള്‍ ജനമോചന യാത്ര നയിക്കുകയാണ്. യാത്ര സമാപിച്ച ശേഷമായിരിക്കും രാഷ്ട്രീയകാര്യ സമിതി വിളിച്ചുചേര്‍ക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."