അറ്റകൈ പ്രയോഗവുമായി വീണ്ടും സിറിയ
ദമസ്‌കസ്: ഖാന്‍ ശൈഖൂനില്‍ സ്വന്തം ജനതയ്ക്കു നേരെ നടത്തിയ ക്രൂരമായ മനുഷ്യാവകാശ ലംഘനത്തിന്റെ പാകക്കറ മാറും മുന്‍പ് വീണ്ടും അറ്റകൈ പ്രയോഗവുമായി ബശ്ശാറുല്‍ അസദ്. കിഴക്കന്‍ ഗൂഥയിലെ ദൂമയില്‍ സൈന്യം നാട്ടുകാര്‍ക്കെതിരേ നടത്തിയ രാസായുധ പ്രയോഗത്തില്‍ നൂറോളം പേരുടെ മരണം സ്ഥിരീകരിച്ചു കഴിഞ്ഞു. നിരവധി പേര്‍ക്ക് ശ്വാസതടസം അടക്കമുള്ള ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. മരണസംഖ്യ 100 കടക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്.
വിമതര്‍ക്കെതിരായ സൈനിക നടപടിയില്‍നിന്ന് നാട്ടുകാരെ രക്ഷിക്കാനെന്ന പേരില്‍ നിര്‍മിച്ച ബോംബ് ഷെല്‍ട്ടര്‍ കേന്ദ്രത്തിലാണ് ഇപ്പോള്‍ ആക്രമണമുണ്ടായിരിക്കുന്നത്. ഇവിടെ കുട്ടികളും സ്ത്രീകളുമടക്കം നിരവധി പേരുടെ മൃതശരീരങ്ങള്‍ അടിയട്ടിയായിക്കിടക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ചെറിയ കുഞ്ഞുങ്ങളാണ് ദുരന്തത്തിന്റെ ഏറ്റവും വലിയ ഇരകളായിരിക്കുന്നത്. ശ്വാസതടസം നേരിട്ട് കുഞ്ഞുങ്ങള്‍ വാവിട്ടു കരയുന്നത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ പ്രാദേശിക ചാനലുകളും വിവിധ സന്നദ്ധ സംഘങ്ങളും പുറത്തുവിട്ടിട്ടുണ്ട്.
വായില്‍നിന്നു നുരയും പതയും വന്ന് കരയാന്‍ പോലും കഴിയാത്ത സ്ഥിതിയിലായിരുന്നു പല കുഞ്ഞുങ്ങളും. വിവിധ ആരോഗ്യകേന്ദ്രങ്ങളിലെത്തിച്ച് ഓക്‌സിജന്‍ നല്‍കിയും ശരീരത്തില്‍ പമ്പ് വഴി വെള്ളമൊഴിച്ച് തണുപ്പിച്ചുമാണ് ഇവര്‍ക്ക് താല്‍ക്കാലിക ആശ്വാസം നല്‍കിയിരിക്കുന്നത്.
ദുരന്തത്തിനിരയായവരെ പരിചരിക്കാന്‍ ദൂമയില്‍ മതിയായ ആശുപത്രി സംവിധാനങ്ങളില്ലെന്ന് സന്നദ്ധ സംഘമായ സിറിയന്‍ അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്റെ പ്രസിഡന്റ് അഹ്മദ് തറാക്ജി പറഞ്ഞു. വിരലിലെണ്ണാവുന്ന ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും മാത്രമാണ് നൂറുകണക്കിനു പേരെ പരിചരിക്കാന്‍ ഇവിടെയുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിനിടെ, വിമതസംഘമായ ജയ്ഷുല്‍ ഇസ്‌ലാമും സിറിയയുടെ സഖ്യരാജ്യമായ റഷ്യയും തമ്മില്‍ അന്തിമ അനുരഞ്ജന ശ്രമങ്ങള്‍ ഇന്നലെയും പുരോഗമിക്കുന്നതായി പ്രതിപക്ഷ അനുകൂല ചാനലായ ഓറിയന്റ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ഇക്കാര്യത്തില്‍ ജയ്‌ഷോ റഷ്യയോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ജയ്ഷ് ഒരുനിലക്കും വിട്ടുവീഴ്ചയ്ക്കു തയാറാകാത്തതിനെ തുടര്‍ന്ന് വെള്ളിയാഴ്ച ദൂമയില്‍ സിറിയ ആക്രമണം ശക്തമാക്കിയിരുന്നു. നഗരം ഏറെക്കുറെ പൂര്‍ണമായി തകര്‍ന്നടിഞ്ഞതായി ദൂമ മീഡിയ സെന്റര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."