ഭൂമി നല്‍കിയത് റദ്ദാക്കിയ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നടപടി ദലിത് പീഡനം: ചെന്നിത്തല
കണ്ണൂര്‍: സി.പി.എം പാര്‍ട്ടി ഗ്രാമത്തില്‍ ജാതിവിവേചനത്തിനെതിരേ സമരംചെയ്ത ദലിത് ഓട്ടോഡ്രൈവര്‍ ചിത്രലേഖയ്ക്കു വീടുവയ്ക്കാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ അഞ്ചു സെന്റ് ഭൂമി നല്‍കിയത് റദ്ദാക്കിയ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നടപടി ദലിത് പീഡനമാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ഉത്തരവിറക്കിയ ഉദ്യോഗസ്ഥനെതിരേ പട്ടിക വിഭാഗക്കാര്‍ക്കെതിരായ പീഡനം തടയുന്ന നിയമപ്രകാരം പൊലിസ് കേസെടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. കാട്ടാമ്പള്ളിയില്‍ ചിത്രലേഖയുടെ വീടു നിര്‍മിക്കുന്ന സ്ഥലം ഇന്നലെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ചെന്നിത്തല.
വീടു നിര്‍മാണം തടസപ്പെടുത്തുന്നതിനെതിരേ വളപട്ടണം പൊലിസില്‍ പരാതി നല്‍കാന്‍ അദ്ദേഹം ചിത്രലേഖയ്ക്കു നിര്‍ദേശം നല്‍കി. ചീഫ് സെക്രട്ടറി, റവന്യു ചീഫ് സെക്രട്ടറി, റവന്യു അഡിഷനല്‍ ചീഫ് സെക്രട്ടറി എന്നിവര്‍ക്കെതിരേ പട്ടികജാതി പട്ടികവര്‍ഗ പീഡനനിയമത്തിലെ മൂന്ന് (എഫ്) വകുപ്പു പ്രകാരം കേസെടുക്കേണ്ടിവരുമെന്നും ചെന്നിത്തല പറഞ്ഞു.
ഭൂമി തിരിച്ചുപിടിക്കാനുള്ള ഉത്തരവിനെതിരേ ഹൈക്കോടതിയില്‍ ഹരജി നല്‍കാന്‍ കെ.പി.സി.സി വൈസ് പ്രസിഡന്റ് ലാലി വിന്‍സന്റിനെ ചുമതലപ്പെടുത്തിയതായും ചെന്നിത്തല അറിയിച്ചു.
മുസ്‌ലിം ലീഗ് നിയമസഭാകക്ഷി നേതാവ് എം.കെ മുനീര്‍, കെ.പി.സി.സി ജന. സെക്രട്ടറിമാരായ വി.എ നാരായണന്‍, സജീവ് ജോസഫ്, സുമാ ബാലകൃഷ്ണന്‍, ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി, പ്രൊഫ. എ.ഡി മുസ്തഫ, ഡോ. കെ.വി ഫിലോമിന തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."