പോണ്ടിച്ചേരി രജിസ്‌ട്രേഷന്‍ വാഹനങ്ങള്‍ക്ക് 30വരെ പൊതുമാപ്പ്
മുക്കം: നികുതി വെട്ടിപ്പിനായി കേന്ദ്ര ഭരണ പ്രദേശമായ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത ആഡംബര വാഹന ഉടമകള്‍ക്ക് പൊതുമാപ്പ് (ആംനസ്റ്റി സ്‌കീം) നല്‍കി സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ്.
പോണ്ടിച്ചേരിയില്‍ വ്യാജ വിലാസമുണ്ടാക്കി ആഡംബര വാഹനങ്ങള്‍ വ്യാപകമായി രജിസ്റ്റര്‍ ചെയ്യുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് നടപടികള്‍ ശക്തമാക്കിയിരുന്നു. എന്നാല്‍ ഇങ്ങനെ രജിസ്റ്റര്‍ ചെയ്യുന്നതിന്റെ നിയമ വശങ്ങളെക്കുറിച്ചോ ക്രിമിനല്‍ നിയമ നടപടികളെക്കുറിച്ചോ വ്യക്തമായി അറിയാത്തതിനെ തുടര്‍ന്ന് ചിലര്‍ സംഭവത്തില്‍ അകപ്പെട്ടത് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പൊതുമാപ്പ് പ്രഖ്യാപിച്ചത്. കഴിഞ്ഞ ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത് സംസ്ഥാനത്ത് ഓടുന്ന വാഹനങ്ങള്‍ക്ക് പൊതുമാപ്പ് നല്‍കുമെന്ന് പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.
ഈ മാസം 30നകം പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ക്ക് യാതൊരു പിഴയും കൂടാതെ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യാം. പൊലിസിന്റെ നിയമ നടപടികളും ഉണ്ടാവില്ല. 1976ലെ സംസ്ഥാന മോട്ടോര്‍ വാഹന ടാക്‌സേഷന്‍ നിയമത്തില്‍ ഇളവു വരുത്തിയാണ് പൊതുമാപ്പ് നല്‍കുന്നത്. പോണ്ടിച്ചേരിയില്‍ വീടോ മറ്റോ ഉണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കിയാല്‍ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് അനുവദിച്ച തിയതി മുതലോ വാഹനം കേരളത്തില്‍ ഓടിയത് മുതലോ ഉള്ള നികുതി അടച്ചാല്‍ മതി.
ആഡംബര വാഹനങ്ങള്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്യുന്നത് കാരണം നികുതി ഇനത്തില്‍ ലഭിക്കേണ്ട കോടികള്‍ സംസ്ഥാനത്തിന് നഷ്ടമായിരുന്നു. ഇതോടെയാണ് സംസ്ഥാന മോട്ടോര്‍ വാഹനവകുപ്പും പൊലിസും ഇതിനെതിരെയുള്ള നടപടികള്‍ ശക്തമാക്കിയത്.
പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത് സംസ്ഥാനത്ത് നികുതിയടക്കാതെ അനധികൃതമായി ഓടുന്ന വാഹനങ്ങള്‍ക്ക് പൊതുമാപ്പ് പ്രഖ്യാപിച്ചതോടെ നിയമ നടപടികള്‍ പേടിച്ച് മാറിനില്‍ക്കുന്നവരടക്കം കൂടുതല്‍ പേര്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യുമെന്നാണ് സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."