റേഷന്‍ സാധനങ്ങള്‍ തൂക്കിയെടുക്കാന്‍ ആധുനിക ത്രാസുകള്‍ അനുവദിച്ചു
ഹരിപ്പാട്: കാര്‍ത്തികപ്പള്ളി താലൂക്കില്‍ ആധുനിക ത്രാസുകള്‍ ലഭ്യമാക്കി.നിലവില്‍ ഒരു ത്രാസ് മാത്രമാണുണ്ടായിരുന്നത്.ഇതിനാല്‍ എല്ലാ കടകളിലേക്കും സാധനങ്ങള്‍ തൂക്കി കൊടുക്കാന്‍ കഴിയില്ലായിരുന്നു.
ഇത് ചില്ലറ വില്‍പ്പനക്കാരും സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കത്തിന് കാരണമായിരുന്നു.ഇതിന്റെ പേരില്‍ താലൂക്കിലെ ചില്ലറ വില്‍പ്പനക്കാര്‍ സമരം നടത്തിയിരുന്നു.
ആവശ്യത്തിന് ത്രാസില്ലാത്തതിനാല്‍ അരിയും ഗോതമ്പും ചാക്കിന്‍ പടി കൊടുക്കുകയായിരുന്നു. ഭക്ഷ്യധാന്യങ്ങള്‍ 50 കിലോഗ്രാം ചാക്കിലാണ് വരുന്നത്.പലപ്പോഴും അളവില്‍ കുറവുണ്ടാകും. തൂക്കാത്തതിനാല്‍ ഇതിന്റെ നഷ്ടം പൂര്‍ണ്ണമായും ചില്ലറ വില്‍പ്പനക്കാര്‍ സഹിക്കേണ്ടി വരുമായിരുന്നു. ഇനി ഇത്തരം പരാതികള്‍ ഉണ്ടാകില്ലെന്നാണ് പ്രതീക്ഷ.
ഗോഡൗണില്‍ നിന്ന് ഭക്ഷ്യധാന്യങ്ങള്‍ തൂക്കി കൊടുക്കുമ്പോള്‍ തന്നെ ബന്ധപ്പെട്ട കടയിലെ ഇ പോസ് യന്ത്രത്തില്‍ ധാന്യങ്ങളുടെ തൂക്കമെത്തും.
റേഷന്‍ കടകള്‍ മുതല്‍ സംസ്ഥാനതലം വരെയുള്ള റേഷന്‍ വിതരണ സംവിധാനങ്ങള്‍ ബന്ധപ്പെടുത്തുന്ന അത്യാധുനിക സോഫ്റ്റ് വേയര്‍ സംവിധാനമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇതിനാല്‍ ഓരോ കടകളിലേക്കും നല്‍കുന്ന സാധനങ്ങളുടെ അളവ് പല തലങ്ങളില്‍ പരിശോധിക്കുവാന്‍ സാധിക്കുന്നതാണ്.
കാര്‍ത്തികപ്പളളി താലൂക്കിലെ 266 റേഷന്‍ കടകളിലും ഇ പോസ് യന്ത്രം വഴി റേഷന്‍ വിതരണത്തിനുള്ള തയ്യാറെടുപ്പ് പൂര്‍ത്തിയായി.നേരത്തേ തന്നെ കടകളില്‍ യന്ത്രം എത്തിച്ചിരുന്നു. ചില്ലറ വില്‍പ്പനക്കാര്‍ക്ക് യന്ത്രം ഉപയോഗിക്കുവാനുള്ള പരിശീലനം താലൂക്ക് തലത്തില്‍ നല്‍കി.
ഇപ്പോള്‍ 40 കടകള്‍ വീതമുള്ള ഗ്രൂപ്പായി തിരിച്ച് പരിശീലനം നല്‍കുകയാണ്.മാര്‍ച്ച് 15നാണ് പരിശീലന പരിപാടി തുടങ്ങിയത്.ഇ പോസ് വിതരണം തുടങ്ങിയ ശേഷവും പരിശീലകരുടെ സേവനം തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."