ഗ്രാമീണ റൂട്ടുകളില്‍ കെ.എസ്.ആര്‍.ടി.സി സര്‍വിസ് മുടക്കുന്നത് പതിവാകുന്നു
തൊടുപുഴ: ഗ്രാമീണമേഖലകളില്‍ കെ.എസ്.ആര്‍.ടി.സി സര്‍വിസുകള്‍ മുടങ്ങുന്നതു യാത്രക്കാരെ വലയ്ക്കുന്നു. തൊടുപുഴ ഡിപ്പോയില്‍നിന്നുള്ള ഗ്രാമീണ സര്‍വിസുകളാണു മുന്നറിയിപ്പില്ലാതെ പല ദിവസങ്ങളിലും മുടക്കുന്നത്. വൈക്കം, ആനക്കയം തുടങ്ങിയ റൂട്ടുകളിലാണു യാത്രക്കാര്‍ സ്ഥിരമായി പെരുവഴിയിലാകുന്നത്. സ്വകാര്യബസ് കമ്പനിയെ റൂട്ടില്‍നിന്നു ഇല്ലാതാക്കി കെ.എസ്.ആര്‍.ടി.സി കുത്തകയാക്കിയ തൊടുപുഴ-കൂത്താട്ടുകുളം-വൈക്കം റൂട്ടിലെ യാത്രക്കാരാണ് ഇപ്പോള്‍ ഏറെ ദുരിതത്തിലായിരിക്കുന്നത്.
ഏതാനും വര്‍ഷം മുന്‍പ് വൈക്കം റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി തുടരെ ബസുകള്‍ ഓടിച്ചു സ്വകാര്യബസുകളെ നിര്‍ത്തിക്കുകയായിരുന്നു. എന്നാല്‍ കെ.എസ്.ആര്‍.ടി.സി മാത്രമായതോടെ ഈ റൂട്ടിലെ യാത്രക്കാരുടെ ദുരിതം ആരംഭിച്ചു. ആദ്യകാലങ്ങളില്‍ 20 മിനിറ്റ് ഇടവിട്ട് ഓടിയിരുന്ന ബസുകള്‍ പിന്നീട് അരമണിക്കൂര്‍മുതല്‍ ഒരുമണിക്കൂര്‍വരെ വ്യത്യാസത്തിലായി ഓട്ടം. പിന്നീടു മൂന്നും നാലും ബസുകള്‍ അഞ്ചു മിനിറ്റ് വ്യത്യാസത്തില്‍ ഓടാന്‍ തുടങ്ങി. ഇതോടെ യാത്രക്കാരുടെ ദുരിതം വര്‍ധിച്ചു.
നാലു ബസുകള്‍ അടുത്തടുത്തുപോയാല്‍ പിന്നെ അടുത്ത ബസ് വരുന്നത് ഒന്നുമുതല്‍ രണ്ടുവരെ മണിക്കൂര്‍ കഴിഞ്ഞാണ്. പുറമേ പല ബസുകളും ലിമിറ്റഡ് സ്‌റ്റോപ് ഓര്‍ഡിനറി എന്ന വിഭാഗത്തിലാക്കിയപ്പോള്‍ യാത്രക്കാര്‍ പിന്നെയും വലഞ്ഞു. പലപ്പോഴും ബസ് അതിവേഗം കടന്നുപോകുന്നതു കണ്ടുനില്‍ക്കാനാണ് ഈ റൂട്ടിലെ യാത്രക്കാരുടെ വിധി.
യാത്രക്കാരുടെ നിരന്തരമായ ആവശ്യം പരിഗണിച്ച് ഏതാനും മാസം മുന്‍പ് തൊടുപുഴ ഡിപ്പോയില്‍നിന്നു കൂത്താട്ടുകുളം-തൊടുപുഴ റൂട്ടില്‍ ഓര്‍ഡിനറി സര്‍വിസ് ആരംഭിച്ചു.
ഒന്‍പതു ട്രിപ്പ് ഓടിയിരുന്ന ബസ് ഈ റൂട്ടിലെ യാത്രക്കാരുടെ ദുരിതത്തിനു ചെറിയ ആശ്വാസം ആയിരുന്നു.
എന്നാല്‍ ഈ ബസ് ഇപ്പോള്‍ പല ദിവസങ്ങളിലും ഓടിക്കാതെ യാത്രക്കാരെ പെരുവഴിയിലാക്കുകയാണ്. തൊടുപുഴയില്‍നിന്നു രാവിലെ ഏഴിന് ആനക്കയത്തെത്തി അവിടെനിന്ന് 8.15നു തിരികെ തൊടുപുഴയ്ക്കു പോരുന്ന തരത്തിലാണു ട്രിപ്പ്. ഈ ബസില്‍ ആനക്കയം, അഞ്ചിരി, തെക്കുംഭാഗം പ്രദേശങ്ങളില്‍നിന്നുള്ള നൂറുകണക്കിനു വിദ്യാര്‍ഥികളും മറ്റു സ്ഥിരം യാത്രക്കാരും സഞ്ചരിക്കുന്നതാണ്. എന്നാല്‍ പല ദിവസവും ട്രിപ്പ് മുടങ്ങുകയാണ്. എന്താണു പ്രശ്‌നമെന്ന് ഇനിയും മനസ്സിലായിട്ടില്ലെന്നു സ്ഥിരം യാത്രക്കാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."