മൂന്നാര്‍ ടൗണില്‍ ട്രാഫിക് പരിഷ്‌കാരം 15 മുതല്‍
മൂന്നാര്‍: മൂന്നാര്‍ ടൗണില്‍ ട്രാഫിക് പരിഷ്‌കാരങ്ങള്‍ 15നു നിലവില്‍ വരും. നീലക്കുറിഞ്ഞി പൂക്കുന്ന നാളുകള്‍ അടുത്തുവരുന്നതിന്റെ ഭാഗമായിട്ട് നഗരത്തിലെ ഗതാഗതക്കുരുക്കുകള്‍ ഒഴിവാക്കാന്‍ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കുന്നത്. പഞ്ചായത്തിന്റെയും പൊലിസ് ട്രാഫിക് വിഭാഗത്തിന്റെയും നേതൃത്വത്തില്‍ ചേര്‍ന്ന ഗതാഗത ഉപദേശക സമിതി യോഗത്തിലാണ് പരിഷ്‌കാരങ്ങള്‍ സംബന്ധിച്ചു തീരുമാനമായത്.
ടൗണിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു മുന്നില്‍ ഒരേസമയം ഒന്നിലധികം ബസുകള്‍ നിര്‍ത്തിയിടുന്നതു മൂലം പലപ്പോഴും ഇവിടെ ഗതാഗത തടസ്സമുണ്ടാകുന്നുണ്ട്. ഇതു പരിഹരിക്കാന്‍ ബസ് സ്റ്റാന്‍ഡ് പഴയ മൂന്നാറിലെ ടാറ്റാ മൈതാനത്തിന് എതിര്‍വശത്തെ പഞ്ചായത്തുവക പാര്‍ക്കിങ് ഗ്രൗണ്ടിലേക്കു മാറ്റാനാണു തീരുമാനം. ടൗണിലേക്കു വരുന്ന ബസുകള്‍ പോസ്റ്റ് ഓഫിസ് കവലയില്‍ യാത്രക്കാരെ ഇറക്കി ബൈപാസ് റോഡ് വഴി പഴയമൂന്നാറിലെത്തി നിര്‍ത്തിയിടുകയും പിന്നീടു സമയമാവുമ്പോള്‍ ടൗണിലെത്തി ആളെ കയറ്റി പോവുകയുമാണു ചെയ്യേണ്ടത്.
ടൗണില്‍ ടൂറിസ്റ്റ് ടാക്‌സി സ്റ്റാന്‍ഡില്‍ കാറുകള്‍ ഒറ്റവരിയായി മാത്രം നിര്‍ത്തിയിടുകയും കുറെ ടാക്‌സി കാറുകള്‍ പഴയ മൂന്നാറിലെ സ്റ്റാന്‍ഡിലേക്കു മാറുകയും ചെയ്യണം. മെയിന്‍ ബസാറില്‍ വ്യാപാരികള്‍ കാല്‍നടക്കാര്‍ക്കു ബുദ്ധിമുട്ട് സൃഷ്ടിച്ച് വഴിയിലേക്ക് ഇറക്കിവച്ചിരിക്കുന്ന സാധനങ്ങള്‍ മാറ്റണം. അല്ലാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കും. ടൗണില്‍ വഴിയോരം കൈയേറി കച്ചവടം ചെയ്യുന്നവരെയും യാചകരെയും ഒഴിപ്പിക്കും. ടൗണിലെ പാതയോരങ്ങളില്‍ ഉപേക്ഷിച്ചിട്ടിരിക്കുന്ന ഉപയോഗശൂന്യമായ വാഹനങ്ങള്‍ പഞ്ചായത്ത് ഇടപെട്ട് നീക്കം ചെയ്യും സ്റ്റാന്‍ഡുകളില്‍ ഓട്ടോകള്‍ ഒറ്റവരിയായി നിര്‍ത്തിയിടണം. മൂന്നാര്‍ കോളനിയിലേക്കുള്ള ട്രിപ് ഓട്ടോകള്‍ മാട്ടുപ്പെട്ടി റോഡിലേക്കു വരാതെ ഈസ്‌റ്റെന്‍ഡ് ഹോട്ടലിനു സമീപത്തുനിന്നു സര്‍വിസ് നടത്തണം. പഴയമൂന്നാര്‍ മൂലക്കടയിലെ പഞ്ചായത്തുവക ബസ് സ്റ്റാന്‍ഡില്‍ ടൂറിസ്റ്റ് ബസുകള്‍ക്കു നിര്‍ത്തിയിടാന്‍ സൗകര്യം ഒരുക്കും.
ഹെഡ് വര്‍ക്‌സ് ഡാം മുതല്‍ ടൗണ്‍ വരെ റോഡ് പുറമ്പോക്കുകള്‍ കൈയേറി കെട്ടിയിരിക്കുന്ന വഴിയോര ഷെഡ്ഡുകള്‍ മുഴുവന്‍ നീക്കം ചെയ്യും. അടച്ചിട്ടിരിക്കുന്ന പൊതുശുചിമുറികളെല്ലാം അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി ഉടന്‍ പ്രവര്‍ത്തന സജ്ജമാക്കും. 15ന് ആരംഭിച്ച് മുപ്പതിനകം ഈ തീരുമാനങ്ങളെല്ലാം നടപ്പാക്കാനാണ് ഗതാഗത ഉപദേശകസമിതി തീരുമാനിച്ചിരിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് ആര്‍. കറുപ്പസാമിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ സെക്രട്ടറി എ.പി ഫ്രാന്‍സിസ്, ട്രാഫിക് വിഭാഗം എസ്.ഐ കെ.എ ജോസഫ് എന്നിവരും വിവിധ സംഘടനാ പ്രതിനിധികളും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."