റോഡ് തകര്‍ന്നു; പൊതുമരാമത്ത് ഓഫിസ് ഉപരോധം 13ന്
മാങ്കുളം: തകര്‍ന്നു കിടക്കുന്ന കല്ലാര്‍-മാങ്കുളം റോഡിന്റെ നിര്‍മാണം കഴിഞ്ഞ മാസം 15നു മുന്‍പ് ആരംഭിക്കുമെന്ന് ഇടുക്കി പൊതുമരാമത്തുവകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ നല്‍കിയ ഉറപ്പ് പാലിക്കാത്തതില്‍ പ്രതിഷേധിച്ചും റോഡ് നിര്‍മാണം അടിയന്തരമായി പൂര്‍ത്തീകരിക്കണമെന്നാവശ്യപ്പെട്ടും മാങ്കുളം വികസന സമിതി 13നു മൂന്നാറിലുള്ള പൊതുമരാമത്തു വകുപ്പ് ഓഫിസ് ഉപരോധിക്കും.
റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മാസം ഒന്‍പതിനു പൊതുമരാമത്ത് ഓഫിസ് ഉപരോധം സംബന്ധിച്ചുള്ള നോട്ടിസ് നല്‍കുന്നതിനായി മാങ്കുളം വികസന സമിതി ചെയര്‍മാന്‍ ഫാ. ജോണ്‍, കലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജി മാത്യു എന്നിവരുള്‍പ്പെടുന്ന വികസന സമിതി ഭാരവാഹികള്‍ ഇടുക്കിയിലെ പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഓഫിസിലെത്തിയിരുന്നു.
കഴിഞ്ഞ മാസം 15നകം റോഡിന്റെ നിര്‍മാണം ആരംഭിക്കുമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഉറപ്പു നല്‍കി. മാങ്കളം ടൗണിലും പീച്ചാട് ഭാഗത്തും ടൈല്‍ വിരിക്കല്‍ ജോലികള്‍ 15നു മുന്‍പ് ആരംഭിക്കുമെന്നും അറിയിച്ചു.
പീച്ചാട് ഭാഗത്ത് 140 മീറ്റര്‍ നീളത്തിലും, മാങ്കുളം ടൗണില്‍ 40 മീറ്റര്‍ നീളത്തിലും ടൈല്‍ വിരിക്കുന്നതിനുള്ള കരാര്‍ ഉറപ്പിച്ചിട്ടുള്ളതാണ്. ടെന്‍ഡറായിട്ടുള്ള കുരിശുപാറ മുതല്‍ വിരിപാറ വരെയുള്ള റോഡിന്റെ അറ്റകുറ്റപ്പണി 64 ലക്ഷം രൂപ, സുകമാരന്‍കട മാങ്കുളം 30 ലക്ഷം രൂപ എന്നീ ജോലികള്‍ക്കു ടെന്‍ഡറായെങ്കിലും പീച്ചാട് ഭാഗത്ത് ടൈല്‍ വിരിക്കുന്നതിനായി റോഡില്‍ കുറെ ഭാഗത്തെ ടാര്‍ ഇളക്കി മാറ്റിയതൊഴിച്ചാല്‍ നിര്‍മാണം തുടങ്ങാന്‍ കരാറുകാരന്‍ തയാറായിട്ടില്ല.
ഈ രണ്ടു ജോലികളും 15ന് അകം പൂര്‍ത്തീകരിക്കുമെന്നാണ് ഉറപ്പ് ലഭിച്ചിരുന്നത്. ഉറപ്പിന്റെ അടിസ്ഥാനത്തില്‍ സമരപരിപാടികള്‍ തല്‍ക്കാലത്തേക്കു നിര്‍ത്തിവയ്ക്കുകയും ചെയ്തു. എന്നാല്‍ മഴയെത്തുന്നതിനു മുന്‍പു റോഡ് ഗതാഗതയോഗ്യമാക്കുന്നതിനുള്ള നടപടി ഇനിയുമുണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് സമരത്തിനിറങ്ങാന്‍ മാങ്കുളം വികസന സമിതി വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗം തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."