ശുഹൈബ് വധം; അന്വേഷണം ഊര്‍ജിതം
മട്ടന്നൂര്‍: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി എടയന്നൂരിലെ എസ്.പി ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പൊലിസ് വീണ്ടും അന്വേഷണം ഊര്‍ജിതമാക്കി. ശുഹൈബ് വധക്കേസ് അന്വേഷണം സി.ബി.ഐക്ക് വിട്ട ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന് ബെഞ്ച് സ്റ്റേ ചെയ്തതോടെയാണ് പോലിസ് അന്വേഷണം വീണ്ടും ആരംഭിച്ചത്. കഴിഞ്ഞമാസം കേസ് സി.ബി.ഐക്ക് വിട്ടതായുള്ള ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് പൊലിസ് അന്വേഷണം നിലച്ചമട്ടിലായിരുന്നു. ഇതുവരെയായി സംഭവവുമായി ബന്ധപ്പെട്ട് 11 സി.പി.എം പ്രവര്‍ത്തകരെ അന്വേഷണ സംഘം അറസ്റ്റു ചെയ്തിരുന്നു. ഇവര്‍ കണ്ണൂര്‍ സ്പെഷല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ്. ഇനിയും കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ചുപേര്‍ കൂടി പിടിയിലാകാനുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. അഞ്ചുപേര്‍ അക്രമിസംഘത്തിലുള്ളവരും ആറുപേര്‍ ഗൂഢാലോചനയിലും കൊലപാതക ആസൂത്രണത്തിലും പങ്കാളികളുമാണ്. കഴിഞ്ഞ ഫെബ്രുവരി 12നാണ് തെരൂരിലെ തട്ടുകടയില്‍ ചായ കുടിക്കുന്നതിനിടെ ശുഹൈബിനെ കാറിലെത്തിയ അഞ്ചംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."