ജില്ലയില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ 35.42 ലക്ഷം തൊഴില്‍ ദിനങ്ങള്‍
മലപ്പുറം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ജില്ലയില്‍ 35.42 ലക്ഷം തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ചു. ഏറ്റവും കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ (4.25 ലക്ഷം) സൃഷ്ടിച്ചത് കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തും ഏറ്റവും കുറവ് തൊഴില്‍ ദിനങ്ങള്‍ (1.03 ലക്ഷം) സൃഷ്ടിച്ചത് വേങ്ങര ബ്ലോക്ക് പഞ്ചായത്തുമാണ്.
പദ്ധതിയുടെ നടത്തിപ്പിനായി സാമ്പത്തിക വര്‍ഷം 117 കോടി രൂപയോളം ചെലവഴിച്ചു. 15 ബ്ലോക്കുകളും 94 ഗ്രാമപഞ്ചായത്തുകളുമുള്ള ജില്ലയില്‍ തൊഴിലുറപ്പ് പദ്ധതി പ്രകാരം മൂന്നു ലക്ഷത്തിലേറെ തൊഴില്‍ കാര്‍ഡുകള്‍ നല്‍കിയിട്ടുണ്ട്. 28.9 ലക്ഷം തൊഴില്‍ ദിനങ്ങളാണ് കണക്കാക്കിയിരുന്നത്. ഇതില്‍ 35.42 ലക്ഷം തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ചത് പദ്ധതിക്കു വന്‍ നേട്ടമായി.
2016-17 സാമ്പത്തിക വര്‍ഷത്തില്‍ 47.09 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും ഇതില്‍ 39.9 ലക്ഷം തൊഴില്‍ ദിനങ്ങളാണ് സൃഷ്ടിച്ചിരുന്നത്. 35.42 ലക്ഷം തൊഴില്‍ ദിനങ്ങളില്‍ എസ്.സി വിഭാഗം 33.59 ശതമാനവും എസ്.ടി വിഭാഗം 1.46 ശതമാനവും തൊഴില്‍ ദിനങ്ങളാണ് സൃഷ്ടിച്ചത്. സ്ത്രീ ശാക്തീകരണത്തിനു പ്രാധാന്യം നല്കുന്ന തൊഴിലുറപ്പ് പദ്ധതിയില്‍ 90 ശതമാനം തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ചതു സ്ത്രീകളാണ്.
പദ്ധതിയുടെ കണക്കനുസരിച്ച് ഈ വര്‍ഷം 77,000 കുടുംബങ്ങളും 85,000 വ്യക്തികളുമാണ് തൊഴിലുറപ്പ് പദ്ധതിയില്‍ പ്രവര്‍ത്തിച്ചത്. ഭിന്നശേഷിക്കാരും പങ്കാളികളായി. പദ്ധതി മുഖേന 100 ദിവസത്തെ തൊഴില്‍ ദിനങ്ങളാണ് തൊഴിലാളികള്‍ക്കു കണക്കാക്കിയിരുന്നത്. എന്നാല്‍, ജില്ലയെ വരള്‍ച്ചാ ബാധിത പ്രദേശങ്ങളില്‍ ഉള്‍പ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ തൊഴിലാളികളുടെ ആവശ്യാനുസരണം ഇത്തവണ തൊഴില്‍ ദിനങ്ങള്‍ 150 ആക്കിയിട്ടുണ്ട്. 639 കുടുംബങ്ങളാണ് ഇത്തവണ 150 തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തീകരിച്ചത്.
7,928 കുടുംബങ്ങള്‍ 100 ദിവസത്തെ വേതന തൊഴിലും പൂര്‍ത്തീകരിച്ചു. 4.05 ലക്ഷം തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ച് നിലമ്പൂരും 3.03 ലക്ഷം തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ചു തിരൂരും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. അരീക്കോട് (2.9 ലക്ഷം), വണ്ടൂര്‍ (2.7 ലക്ഷം), കാളികാവ് (2.4 ലക്ഷം), മങ്കട (2.2 ലക്ഷം), പെരിന്തല്‍മണ്ണ (2.1 ലക്ഷം), കുറ്റിപ്പുറം (1.9ലക്ഷം), പെരുമ്പടപ്പ് (1.8 ലക്ഷം), തിരൂരങ്ങാടി (1.8 ലക്ഷം), മലപ്പുറം (1.6 ലക്ഷം), പൊന്നാനി( 1.6 ലക്ഷം), താനൂര്‍ (1.4 ലക്ഷം) എന്നിങ്ങനെയാണ് തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."