സമരം അടിച്ചൊതുക്കിയാല്‍ നേരിടുമെന്ന് യു.ഡി.എഫ്
തിരൂരങ്ങാടി: ന്യായമായ ആവശ്യങ്ങള്‍ക്കുവേണ്ടിയുള്ള ജനകീയ സമരങ്ങളെ പൊലിസിനെക്കൊണ്ടു നേരിട്ടാല്‍ ജനങ്ങള്‍ക്കൊപ്പം യു.ഡി.എഫുണ്ടാകുമെന്നും സമരം അടിച്ചൊതുക്കിയാല്‍ നേരിടുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ദേശീയപാതയ്ക്കായുള്ള സ്ഥലമേറ്റെടുപ്പ് സര്‍വേയ്ക്കിടെ സംഘര്‍ഷമുണ്ടായ എ.ആര് നഗര്‍ അരീത്തോട്ട് സന്ദര്‍ശനം നടത്തിയ ശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അലൈന്മെന്റ് സംബന്ധിച്ചു സര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടത്. ഇവിടെ ദേശീയപാത വേണ്ടെന്ന് ആരും പറയുന്നില്ലെന്നും വികസനത്തില്‍ ആളുകളുടെ ബിദ്ധിമുട്ടുകള്‍ കുറയ്ക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ സര്‍വകക്ഷി യോഗം നടത്തുംമുന്പു സര്‍വേ നടത്തിയതാണ് പ്രശ്നങ്ങള്‍ക്കു കാരണമെന്നും അദ്ദേഹം പറഞ്ഞു. 11നു നടക്കുന്ന ചര്‍ച്ചയില്‍ പ്രശ്നം പരിഹരിക്കണം. വീടുകള്‍ കയറി ജനങ്ങളെ അറസ്റ്റ് ചെയ്യുന്ന നടപടി ഒഴിവാക്കുകയും നാട്ടുകാരെ തല്ലിച്ചതച്ച പൊലിസ് ഉദ്യോഗസ്ഥരുടെ പേരില്‍ നടപടിയെടുക്കുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അഡ്വ. കെ.എന്‍.എ ഖാദര്‍ എം.എല്‍.എ, ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ്, കെ.പി അബ്ദുല്‍ മജീദ്, കൊളക്കാട്ടില് ഇബ്രാഹിംകുട്ടി, കാവുങ്ങല്‍ ലിയാഖത്തലി, കാടേങ്ങല്‍ അസീസ് ഹാജി, സി.കെ മുഹമ്മദ് ഹാജി, പി.കെ നൗഫല്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."