സരസ് മേള കൊടിയിറങ്ങി
പട്ടാമ്പി: പത്ത് ദിവസമായി പട്ടാമ്പിയില്‍ നടന്ന് വന്ന സരസ് മേള ആഘോഷത്തിന് കൊടിയിറങ്ങി. സരസ് മേളയുടെ സമാപന സമ്മേളനം എം.ബി രാജേഷ് എം.പി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ ചടങ്ങില്‍ അധ്യക്ഷനായിരുന്നു.
സാംസ്‌കാരിക പ്രവര്‍ത്തകന്‍ ടി.ആര്‍ അജയനെയും കവയത്രി സാഹിറ കുറ്റിപ്പുറത്തിനെയും ചടങ്ങില്‍ ആദരിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ പട്ടാമ്പി എം.എല്‍.എ മുഹമ്മദ് മുഹസിന് സരസ് മേളയുടെ സമാപന സമ്മേളനത്തില്‍ പുരസ്‌കാരം നല്‍കി. സരസ് മേളയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ ഘോഷയാത്രയില്‍ നിന്ന് മുതുതല, ഓങ്ങല്ലൂര്‍ പഞ്ചായത്തുകള്‍ക്കും, പട്ടാമ്പി മുനിസിപ്പാലിറ്റിക്കും മികച്ച ഘോഷയാത്രകള്‍ക്കുളള പുരസ്‌കാരം നല്‍കി. മികച്ച റിപ്പോര്‍ട്ടിങ്ങിനുളള അച്ചടിമാധ്യമങ്ങള്‍ക്കുളള പുരസ്‌ക്കാരം ദേശാഭിമാനി ലേഖകന്‍ പി.കെ സുമേഷ്, മാധ്യമം ലേഖകന്‍ മോഹന്‍ ചരപറമ്പില്‍ എന്നിവര്‍ക്കും, ദൃശ്യ മാധ്യമങ്ങള്‍ക്കുളള പുരസ്‌കാരം എ.സി.വി, പി.സി.വി, എസ്.ടി.വി എന്നിവര്‍ക്കും നല്‍കി. മികച്ച കേരള ഫുഡ് കോര്‍ട്ടിനുളള പുരസ്‌കാരത്തിന് കോഴിക്കോട് അലീഫ് കഫെ അര്‍ഹരായി. ഗോവയാണ് മികച്ച അയല്‍സംസ്ഥാന ഫുഡ്‌കോര്‍ട്ടിനുളള പുരസ്‌കാരം ലഭിച്ചത്. ഔട്ട്സ്റ്റാന്റിങ് പെര്‍ഫോര്‍മന്‍സിന് അട്ടപ്പാടി ചൈതന്യ കഫെ, കോഴിക്കോട് പുനര്‍ജന്മം ജ്യൂസ് വേള്‍ഡ് അര്‍ഹരായി. സരസ് മേള കണ്ടനുഭവിച്ചവര്‍ എഴുതി തയ്യാറാക്കിയ ഞാന്‍ കണ്ട സരസ് അനുഭവകുറിപ്പിനുളള പുരസ്‌കാരം പെരിങ്ങോട് സ്‌കൂളില്‍ നിന്നും വിരമിച്ച കെ.പി ശൈലജ ടീച്ചര്‍ക്ക് ലഭിച്ചു. സമാപന സമ്മേളനത്തിനോട് മുന്നോടിയായി നടന്ന സാംസ്‌കാരിക സദസ് എഴുത്തുകാരി ഡോ. ഖദീജ മുംതാസ് ഉദ്ഘാടനം ചെയ്തു. കവി പി. രാമന്‍ ചടങ്ങില്‍ അധ്യക്ഷനായിരുന്നു.
വിപണനത്തിന്റെ സാധ്യതകള്‍ കണ്ടെത്തി മുന്നേറുന്ന കുടുംബശ്രീ അംഗങ്ങള്‍ സ്ത്രീശാക്തീകരണത്തിന്റെ ഉന്നതിയിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണെന്ന് ഡോ. ഖദീജ മുംതാസ് പറഞ്ഞു. സാംസ്‌കാരിക സദസിന് മുന്നോടിയായി നടന്ന കലാപരിപാടികളില്‍ ട്രാന്‍സ്‌ജെന്റേഴ്‌സ് അവതരിപ്പിച്ച നൃത്തം കാണികള്‍ക്ക് വ്യത്യസ്ത അനുഭവമായി. എം.ജി ശശി സംവിധാനം ചെയ്ത ധീരാബായ് എന്ന നാടകം ആറങ്ങോട്ടുകര കനവ് നാടക സംഘം അവതരിപ്പിച്ചു.
ഏഴ് കോടി രൂപയോളമാണ് പത്ത് ദിവസമായി നടന്ന് വന്ന സരസ് മേളയുടെ വിറ്റുവരവ്. കുടുംബശ്രീ പാലക്കാടാ ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ പി. സെയ്തലവി ചടങ്ങില്‍ സ്വാഗതവും, അസി ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എം. ദിനേഷ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."