ക്രൈംബ്രാഞ്ച് അന്വേഷണം വഴിമുട്ടി
ചെറുതുരുത്തി: ഭാരതപ്പുഴയ്ക്ക് കുറുകെയുള്ള ചെറുതുരുത്തി റെയില്‍വെ പാലത്തിനു താഴെ പൈങ്കുളം റെയില്‍വെ ഗെയ്റ്റിനടുത്ത് കാരൂര്‍ ശ്രീകൃഷ്ണ ക്ഷേത്ര കടവിനു സമീപം പുഴയില്‍ അജ്ഞാത യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം വഴിമുട്ടി. കൊലപാതകം നടന്ന് മാസം ഒന്നാകാറായിട്ടും കൊല്ലപ്പെട്ട യുവാവിനെ തിരിച്ചറിയാനാകാത്തത് അന്വേഷണത്തിന് തിരിച്ചടിയാവുകയാണ്.
ഡിവൈ.എസ്.പി ഫ്രാന്‍സിസ് ഷെല്‍ബിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിയ്ക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥര്‍ ഇതര സംസ്ഥാനങ്ങളില്‍ പോയി അന്വേഷണം നടത്തുകയും അവിടെ നിന്നു പ്രസിദ്ധീകരിയ്ക്കുന്ന പത്രങ്ങളില്‍ യുവാവിന്റെ ഫോട്ടോ പരസ്യം നല്‍കുകയും ചെയ്തിട്ടും ഫലമൊന്നുമുണ്ടായിട്ടില്ല.
ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥ സംഘം യുവാവ് മരിച്ച് കിടന്നിരുന്ന സ്ഥലത്തെത്തുകയും പ്രത്യേക തെളിവെടുപ്പ് നടത്തുകയും ചെയ്തിരുന്നു. അന്വേഷണ ചുമതലയുണ്ടായിരുന്ന വടക്കാഞ്ചേരി പൊലിസ് ഹൗസ് സ്റ്റേഷന് ഓഫിസര്‍ പി.എസ് സുരേഷ് കുമാറില്‍ നിന്നു വിശദ റിപ്പോര്‍ട്ട് ഏറ്റെടുത്തതിന് ശേഷമാണ് അന്വേഷണം ആരംഭിച്ചിരുന്നത്. മരണം കൊലപാതകമാണെന്ന് പൊലിസ് സ്ഥിരീകരിച്ചിരുന്നു.
അടിവസ്ത്രം മാത്രം ധരിച്ചിരുന്ന ജഡത്തില്‍ ഷര്‍ട്ട് പിച്ചിചീന്തി കഴുത്തില്‍ വരിഞ്ഞു മുറക്കിയ നിലയിലായിരുന്നു പ്രദേശത്ത് മല്‍പ്പിടുത്തം നടന്നതിന്റെ ലക്ഷണങ്ങളും കണ്ടെത്തിയിരുന്നു. യുവാവിന്റേതെന്നു കരുതുന്ന പച്ച നിറത്തിലുള്ള ലുങ്കിയും ചെരുപ്പും ജഡത്തിനു സമീപത്ത് നിന്നും കണ്ടെത്തുകയും ചെയ്തിരുന്നു.
തൃശൂര്‍ റൂറല്‍ ജില്ലാ പൊലിസ് സൂപ്രണ്ട് ജി.എച്ച് യതീഷ് ചന്ദ്ര, കുന്നംകുളം ഡിവൈ.എസ്.പി പി. വിശ്വംഭരന്, സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി ദേവമനോഹര്‍, വടക്കാഞ്ചേരി പൊലിസ് ഹൗസ് സ്റ്റേഷന് ഓഫിസര്‍ പി.എസ് സുരേഷ്, ചെറുതുരുത്തി എസ്.ഐ പത്മരാജന് എന്നിവരുടെ നേതൃത്വത്തില്‍ ഉന്നത പൊലിസ് സംഘം സ്ഥലത്തെത്തി തെളിവെടുപ്പു നടത്തുകയും ചെയ്തിരുന്നതാണ്.
കൊലപാതകത്തില്‍ മേഖലയിലെ കഞ്ചാവ് ലോബിയ്ക്ക് പങ്കുണ്ടെന്ന റിപ്പോര്‍ട്ടു പുറത്ത് വന്നതും കൊല്ലപ്പെട്ടത് തമിഴ്നാട് സ്വദേശിയാണെന്ന വിലയിരുത്തലുമാണു കേസ് ക്രൈംബ്രാഞ്ചിന് കൈമാറുന്നതിന് വഴിവെച്ചത്. അതിനിടെ ബിസിനസ് സംബന്ധമായ തര്‍ക്കമാണു കൊലപാതകത്തിനു വഴിവെച്ചതെന്ന വാര്‍ത്തയും പുറത്തു വരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."