പാര്‍ളിക്കാട് വളവ് നിവര്‍ന്നു: റോഡ് തകര്‍ന്നുതന്നെ
വടക്കാഞ്ചേരി: പാര്‍ളിക്കാട് വളവ് നിവര്‍ന്നിട്ടും റോഡ് തകര്‍ന്നുതന്നെ കിടക്കുന്നത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാകുന്നു. ഷൊര്‍ണൂര്‍-കൊടുങ്ങല്ലൂര്‍ സംസ്ഥാന പാതയില്‍ അത്താണി മുതല്‍ പാര്‍ളിക്കാട് വരെയുള്ള പ്രദേശത്തിന്റെ നവീകരണത്തിനായി മൂന്നു കോടി രൂപ അനുവദിച്ചതായും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിയ്ക്കുന്നതായും അനില്‍ അക്കര എം.എല്‍.എ പറയുന്നു. എന്നാല്‍ ഇപ്പോഴും തകര്‍ന്നു തരിപ്പണമായ റോഡിലൂടെ ദുരിതയാത്ര നടത്തുകയാണു ജനങ്ങള്‍.
പാര്‍ളിക്കാട്ടെ അപകട വളവു നിവര്‍ത്താന്‍ വാഹന ഗതാഗതം വരെ സ്തംഭിപ്പിച്ചു നടത്തിയ പാറ തകര്‍ക്കല്‍ പ്രവര്‍ത്തനവും പാതിവഴിയിലാണ്. പാര്‍ളിക്കാട് മുതല്‍ വാഴക്കോട് വരെയുള്ള ഭാഗം ടാറിങ് നടത്തണമെന്ന ജനങ്ങളുടെ നിരന്തര ആവശ്യവും അടുത്തൊന്നും യാഥാര്‍ഥ്യമാകാന്‍ സാധ്യതയില്ല. ഈ പദ്ധതിയ്ക്കായി ഏഴു കോടിയുടെ പദ്ധതി സര്‍ക്കാരിന്റെ പരിഗണനയിലാണെന്നാണ് എം.എല്‍.എ യുടെ വാദം.
റോഡാകെ തകര്‍ന്നു വാഹനങ്ങള്‍ നിരത്തിലിറങ്ങാന്‍ പോലും കഴിയാത്ത സ്ഥിതിയാണ്. ഇരുചക്ര വാഹനങ്ങള്‍ക്കു പോലും സഞ്ചരിയ്ക്കാനാകാത്ത വിധം റോഡാകെ തകര്‍ന്നുകിടപ്പാണ്. ഒരു കാലത്തു സംസ്ഥാനത്തെ ഏറ്റവും മികച്ച റോഡുകളിലൊന്നായിരുന്നു ഷൊര്‍ണൂര്‍ കൊടുങ്ങല്ലൂര്‍ സംസ്ഥാന പാത ഈ റോഡാണു ഇപ്പോള്‍ പൂര്‍ണമായി തകര്ന്നുകിടക്കുന്നതെന്നതു വലിയ പ്രതിഷേധം ക്ഷണിച്ചു വരുത്തുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."