വ്യാജ മാധ്യമ പ്രവര്‍ത്തകര്‍ കുടുങ്ങും
കൊല്ലം: മാധ്യമപ്രവര്‍ത്തകരല്ലാത്തവര്‍ വാഹനങ്ങളില്‍ പ്രസ് ബോര്‍ഡ് വെച്ച് സഞ്ചരിക്കുന്നതും വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കൈവശം വെക്കുന്നതും വ്യാപകമായതോടെ വ്യാജന്മാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാന്‍ പൊലിസ് തീരുമാനിച്ചു.
മാധ്യമപ്രവര്‍ത്തകരുടെ സമൂഹത്തിലുള്ള അംഗീകാരങ്ങള്‍ വ്യാപകമായി ചൂഷണം ചെയ്യുന്നതായി ആഭ്യന്തര വകുപ്പിന് നിരവധി പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കര്‍ശന നടപടിക്ക് പൊലിസ് ഒരുങ്ങുന്നത്. ആഭ്യന്തര വകുപ്പ് സെക്രട്ടറിയുടെ നിര്‍ദേശ പ്രകാരം എല്ലാ ജില്ലാ പൊലിസ് മേധാവികളേയും അധ്യക്ഷനാക്കി നിരീക്ഷണ സമിതി രൂപീകരിക്കാനാണ് തീരുമാനം. എല്ലാ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെയും നേതൃത്വത്തില്‍ ഇത്തരം പ്രാദേശിക സമിതികളും നിലവില്‍ വരും.
വിവിധ പ്രാദേശിക ചാനലുകള്‍ ഉള്‍പ്പെടെയുള്ള വാര്‍ത്താ ചാനലുകളിലും പത്രങ്ങളിലും മാസികകളിലും അംഗീകൃത ഓണ്‍ലൈന്‍ മാധ്യമങ്ങളിലും പ്രവര്‍ത്തിക്കുന്ന ജില്ലാ ലേഖകന്‍മാരുടെ പട്ടിക ജില്ലാ പൊലിസ് മേധാവിയുടെ നേതൃത്വത്തിലുള്ള സമിതിയും പ്രാദേശിക ലേഖകരുടെ വിശദാംശങ്ങള്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തിലുള്ള സമിതിയും ശേഖരിക്കും. ഈ സമിതികളില്‍ മാധ്യമ പ്രവര്‍ത്തകരാണ് അംഗങ്ങള്‍.
ഇത്തരത്തില്‍ പ്രസിദ്ധീകരിക്കുന്ന പട്ടിക അനുസരിച്ച് മാത്രമേ പ്രസ് എന്ന ബോര്‍ഡ് വാഹനങ്ങളിലും തിരിച്ചറിയല്‍ കാര്‍ഡും ഉപയോഗിക്കാനും പാടുള്ളൂവെന്ന് പൊലിസ് വ്യക്തമാക്കി. കാമറാമാന്‍മാര്‍ക്ക് പ്രത്യേക കാര്‍ഡ് നല്‍കും.
മറ്റു സാങ്കേതിക പ്രവര്‍ത്തകര്‍, വിനോദ പരിപാടികളിലെ അവതാരകര്‍ എന്നിവര്‍ക്ക് മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കുന്ന അവകാശങ്ങള്‍ ഉണ്ടായിരിക്കില്ല. ഇവര്‍ പ്രസ് എന്ന വ്യാജേന സഞ്ചരിച്ചാല്‍ നടപടി സ്വീകരിക്കും. ഇന്ത്യന്‍ ശിക്ഷാ നിയമം 121 എ, ബി വകുപ്പുകളും 84 സി വകുപ്പും അനുസരിച്ച് വ്യാജ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മൂന്ന് വര്‍ഷം തടവും കാല്‍ ലക്ഷം രൂപ പിഴയും ശിക്ഷയായി ലഭിക്കുമെന്നും ആഭ്യന്തര വകുപ്പിന്റെ അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
വ്യാജ പ്രസ് സ്റ്റിക്കര്‍ വാഹനങ്ങളില്‍ ഒട്ടിച്ച് ലഹരി വസ്തുക്കള്‍ കടത്തുന്നവര്‍ പലയിടങ്ങളില്‍ നിന്നായി പിടിയിലായതോടെ കര്‍ശന പരിശോധനക്ക് വിധേയമാക്കാനുള്ള തീരുമാനവും അണിയറയില്‍ നടക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."