ബഹ്‌റൈന്‍ ഫോര്‍മുല വണ്‍ ഗ്രാന്‍ പ്രി: വേഗരാജാവായി വീണ്ടും വെറ്റല്‍
മനാമ: ബഹ്‌റൈനില്‍ നടന്ന ഫോര്‍മുല വണ്‍ ഗ്രാന്‍ പ്രി കാറോട്ട മത്സരത്തില്‍ ഫെറാറി ഡ്രൈവര്‍ സെബാസ്റ്റ്യന്‍ വെറ്റല്‍ വീണ്ടും ചാംപ്യനായി. മെഴ്‌സിഡസിന്റെ വാള്‍ട്ടേരി ബോട്ടാസിനെയും ലൂയിസ് ഹാമില്‍ട്ടണെയും പിന്തള്ളിയാണ് വെറ്റല്‍ ബഹ്‌റൈന്‍ ഗ്രാന്റ് പ്രിയിലെ വേഗരാജാവായത്. ഒരു മണിക്കൂര്‍ 32 മിനിറ്റ് 940 സെക്കന്റ് കൊണ്ടാണ് വെറ്റല്‍ ബഹ്‌റൈന്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടിലെ 57 ലാപ്പുകള്‍ ഫിനിഷ് ചെയ്തത്. ഈ സീസണിലെ രണ്ടാമത്തെ വിജയമാണ് വെറ്റലിന്റേത്. ബഹ്‌റൈന്‍ ഗ്രാന്‍ പ്രീയില്‍ റെഡ്ബുള്ളിനു വേണ്ടി 2012ലും 2013ലും അവസാനമായി നടന്ന 2017ലെ മത്സരത്തിലും വെറ്റല്‍ വിജയിച്ചിരുന്നു.
കാഴ്ചക്കാരെ ഉദ്വേഗത്തിന്റെയും ആവേശത്തിന്റെയും മുള്‍മുനയില്‍ നിര്‍ത്തി നടന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ബോട്ടാസ് രണ്ടാമതും ഹാമില്‍ട്ടണ്‍ മൂന്നാമതും ആയി ഫിനിഷ് ചെയ്തു.
രണ്ടാമനായ ബോട്ടാസ് നേരിയ വ്യത്യാസത്തിനാണ് വെറ്റലിന് മുന്നില്‍ അടിയറവ് പറഞ്ഞത്. തുടക്കം മുതല്‍ മികച്ച വേഗതയില്‍ കുതിച്ച വെറ്റലിന് അവസാനം വരെ വെല്ലുവിളിയായത് ബോട്ടാസായിരുന്നു. തുടക്കത്തില്‍ ഒമ്പതാമനായിരുന്ന ഹാമില്‍ട്ടണ്‍ അവസാനഘട്ടത്തിലാണ് മൂന്നാമനായി ഫിനിഷ് ചെയ്തത്. തുടര്‍ച്ചയായി മൂന്ന് പേരെ പിന്തള്ളിയ ഹാമില്‍ട്ടന്റെ കുതിപ്പ് ബഹ്‌റൈന്‍ ഗ്രാന്റ് പ്രിയിലെ അവിസ്മരണീയ അനുഭവമായി. ഈ സീസണിലെ രണ്ട് ചാംപ്യന്‍ഷിപ്പ് കഴിഞ്ഞപ്പോള്‍ വെറ്റലിന് 17 പോയിന്റ് ലീഡായി. 2004ന് ശേഷം ആദ്യമായാണ് ഫോര്‍മുല വണ്‍ ചാംപ്യന്‍ഷിപ്പിന്റെ ആദ്യരണ്ട് ഗ്രാന്റ് പ്രിയും ഫെരാരി വിജയിക്കുത്. ആദ്യത്തെ 10 ലാപ്പ് പൂര്‍ത്തിയായപ്പോള്‍ വിജയിക്കുമെന്ന് ഉറപ്പിച്ചതായി മല്‍സര ശേഷം വെറ്റല്‍പറഞ്ഞു.
മല്‍സരത്തിനിടെ ഫെരാരിയുടെ മെക്കാനിക്കിന് പരിക്കേറ്റത് ആശങ്കയ്ക്കിടയാക്കി. ഫെരാരിയുടെ കിമി റെയ്ക്കണിന്റെ കാര്‍ കാലില്‍ കയറിയാണ് മെക്കാനിക്കിന് പരിക്കേറ്റത്. ഉടനെ ആശുപത്രിയിലേക്ക് മാറ്റി. ഇതേതുടര്‍ന്ന് റെയ്ക്കണന് മല്‍സരത്തില്‍ നിന്നും പിന്‍മാറേണ്ടി വന്നു. വിജയികള്‍ക്ക് കിരീടാവകാശി ശെയ്ഖ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ഖലീഫ രാജകുമാരന്‍ ട്രോഫികള്‍ സമ്മാനിച്ചു.
അവസാന ദിവസത്തെ മത്സരം വീക്ഷിക്കാന്‍ നിരവധി പേരാണ് എത്തിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കാറോട്ട പ്രേമികള്‍ കുടുംബസമേതം ഇവിടെയത്തെിയിരുന്നു. മത്സരത്തോടനുബന്ധിച്ച് പ്രമുഖ ഡിസൈനര്‍മാര്‍ അണിനിരന്ന സംഗീതപരിപാടികളും പ്രദര്‍ശനങ്ങളും സംഘടിപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."