അന്റാര്‍ട്ടിക്കയിലെ ഹിമപാതത്തില്‍ റെക്കോര്‍ഡ് വര്‍ധന
അന്റാര്‍ട്ടിക്ക: ഹിമപ്രദേശമായ അന്റാര്‍ട്ടിക്കയില്‍ മഞ്ഞുവര്‍ഷം ശക്തിപ്പെടുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ 200 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ ഹിമപാതത്തിനാണ് ഇപ്പോള്‍ വന്‍കര സാക്ഷിയാകുന്നത്. ഇവിടെനിന്നു ശാസ്ത്രസംഘം ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണു നിരീക്ഷണം.
ഹിമപാതത്തില്‍ പത്തു ശതമാനത്തോളം വര്‍ധനയുണ്ടായതായി പഠനം ചൂണ്ടിക്കാട്ടുന്നു. ഇത് ആഗോളതലത്തില്‍ സമുദ്രനിരപ്പിന്റെ ഉയര്‍ച്ചയില്‍ സ്വാധീനം ചെലുത്തുമെന്നാണു കരുതപ്പെടുന്നത്. 1801-1810 കാലയളവിനെ അപേക്ഷിച്ച് 2001നും 2010നുമിടയില്‍ 272 ബില്യന്‍ ടണ്‍ കൂടുതല്‍ മഞ്ഞാണ് അന്റാര്‍ട്ടിക്കയില്‍ അടിഞ്ഞുകൂടിയത്. നിലവില്‍ ചാവുകടലിലെ ജലനിരപ്പിന്റെ രണ്ടിരട്ടിയോളം വര്‍ധനവാണ് ഇക്കഴിഞ്ഞ വര്‍ഷത്തെ ഹിമപാതത്തിലുണ്ടായതെന്നും പഠനത്തില്‍ പറയുന്നു. ന്യൂസിലന്‍ഡിനെ പൂര്‍ണമായും ഒരടി താഴ്ചയില്‍ മുക്കിക്കളയാന്‍ മാത്രം ജലമാണിതുള്ളത്. വിയന്നയില്‍ നടന്ന യൂറോപ്യന്‍ ജിയോസയന്‍സ് യൂനിയന്‍(ഇ.ജി.യു) ജനറല്‍ അസംബ്ലിയില്‍ ഡോ. ലിസ് തോമസ് അവതരിപ്പിച്ച പ്രബന്ധത്തിലാണു പുതിയ നിരീക്ഷണങ്ങളുള്ളത്. ബ്രിട്ടീഷ് അന്റാര്‍ട്ടിക്ക് സര്‍വേ(ബി.എ.എസ്)യില്‍ ഗവേഷകനാണ് ലിസ് തോമസ്. അന്റാര്‍ട്ടിക്കയില്‍നിന്ന് കുഴിച്ചെടുത്ത 79 ഐസ് കട്ടികള്‍ പരിശോധിച്ചാണ് അദ്ദേഹവും സഹഗവേഷകരും ചേര്‍ന്നു പുതിയ നിഗമനത്തിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."