കേംബ്രിജ് അനലിറ്റിക്ക: ചോര്‍ത്തലിനിരയായ അക്കൗണ്ടുകള്‍ അറിയാം
ലണ്ടന്‍: കേംബ്രിജ് അനലിറ്റിക്കയുടെ ഫേസ്ബുക്ക് വിവരം ചോര്‍ത്തലിന് നിങ്ങളും ഇരയായിട്ടുണ്ടോ എന്ന് ഇന്നറിയാം. തങ്ങളുടെ വിവരങ്ങള്‍ ചോര്‍ന്ന കൂട്ടത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നു വ്യക്തമാക്കുന്ന ഒന്നോ രണ്ടോ സന്ദേശങ്ങള്‍ മുഴുവന്‍ ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്കും ലഭിക്കുമെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.
അന്താരാഷ്ട്രതലത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച വിവരം ചോര്‍ത്തല്‍ വിവാദത്തില്‍ ഫേസ്ബുക്ക് ഓഹരി വിപണിയിലടക്കം വന്‍ തിരിച്ചടി നേരിട്ടിരുന്നു. എട്ടു കോടി ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങളാണ് ബ്രിട്ടീഷ് ഡാറ്റാ കണ്‍സള്‍ട്ടിങ് കമ്പനിയായ കേംബ്രിജ് അനലിറ്റിക്ക സ്വന്തമാക്കിയത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഉപയോക്താക്കളുടെ വിശ്വാസ്യത തിരിച്ചുപിടിക്കാനായി ഫേസ്ബുക്ക് അധികൃതര്‍ പുതിയ നടപടികള്‍ കൈക്കൊണ്ടത്. ഓരോരുത്തരും ഉപയോഗിക്കുന്ന ആപ്പുകളെ കുറിച്ചും ആപ്പുകള്‍ ചോര്‍ത്തിയ വിവരങ്ങളെ കുറിച്ചും അറിയാനുമാകുമെന്നാണ് ഫേസ്ബുക്ക് വൃത്തങ്ങള്‍ പുറത്തുവിട്ട വാര്‍ത്താകുറിപ്പില്‍ അറിയിച്ചിരിക്കുന്നത്.
അതിനിടെ, മറ്റൊരു ഡാറ്റാ കണ്‍സള്‍ട്ടിങ് ഏജന്‍സിയായ ക്യുബെയോവിനും ഫേസ്ബുക്ക് അധികൃതര്‍ താല്‍ക്കാലികമായി വിലക്കേര്‍പ്പെടുത്തി. ഉപയോക്താക്കളുടെ വ്യക്തിത്വവും സ്വഭാവവും വിലയിരുത്തുകയും പ്രവചിക്കുകയും ചെയ്യുന്ന ആപ്പുകള്‍ വഴി കമ്പനിയും വിവരങ്ങള്‍ ചോര്‍ത്തിയതായി ആരോപണമുയര്‍ന്നിരുന്നു.
2016ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഫേസ്ബുക്ക് വിവരങ്ങള്‍ ചോര്‍ത്തിയ സംഭവത്തില്‍ സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് നാളെ യു.എസ് ജനപ്രതിനിധി സഭയില്‍ ഹാജരാകാനിരിക്കുകയാണ്. രാഷ്ട്രീയ പരസ്യങ്ങള്‍ക്കു നിയന്ത്രണമേര്‍പ്പെടുത്തിക്കൊണ്ടുള്ള യു.എസ് ഭരണകൂടത്തിന്റെ നിയമനിര്‍മാണത്തിന് നേരത്തെ സുക്കര്‍ബര്‍ഗ് പിന്തുണ അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."