സൈനിക ആസ്ഥാനങ്ങള്‍ തകര്‍ക്കാന്‍ പദ്ധതി; ഇന്ത്യയുടെ 'വാണ്ടഡ്' പട്ടികയില്‍ പാക് നയതന്ത്രജ്ഞനും
ന്യൂഡല്‍ഹി: സൈനിക ആസ്ഥാനങ്ങള്‍ തകര്‍ക്കാന്‍ പദ്ധതിയിട്ടുവെന്ന് കണ്ടെത്തി എന്‍.ഐ.എ തയാറാക്കിയ ഇന്ത്യയുടെ വാണ്ടഡ് പട്ടികയില്‍ പാക് നയതന്ത്രജ്ഞനും. ശ്രീലങ്കയിലെ പാക് ഹൈക്കമ്മിഷനിലെ വിസ കൗണ്‍സിലര്‍ ആയിരുന്ന ആമിര്‍ സുബൈര്‍ സിദ്ദിഖിയെയാണ് എന്‍.ഐ.എ തയാറാക്കിയ വാണ്ടഡ് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇദ്ദേഹത്തെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ചിത്രവും എന്‍.ഐ.എ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
26/11 ഭീകരാക്രമണത്തിന്റെ മാതൃകയില്‍ 2014ല്‍ തെക്കേ ഇന്ത്യയിലെ കര-നാവിക-വ്യോമസേനാ ആസ്ഥാനങ്ങള്‍ തകര്‍ക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് കണ്ടെത്തി എന്‍.ഐ.എ തയാറാക്കിയ പട്ടികയില്‍ ഉള്‍പ്പെട്ട പാകിസ്താനികളില്‍ നാലുപേരില്‍ ഒരാളാണ് ആമിര്‍ സുബൈര്‍. ഇവര്‍ക്കെതിരേ റെഡ്‌കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് എന്‍.ഐ.എ ഇന്റര്‍പോളിനേയും സമീപിച്ചിട്ടുണ്ട്. ആദ്യമായാണ് ഒരു പാക് നയതന്ത്രജ്ഞനെ ഇന്ത്യ വാണ്ടഡ് പട്ടികയില്‍ പെടുത്തിയത്. ശ്രീലങ്കയിലെ പാക് നയതന്ത്രകാര്യാലയത്തിലെ ഒരു ഉദ്യോഗസ്ഥനും ഗൂഢാലോചനയില്‍ പങ്കുണ്ടെന്നും എന്‍.ഐ.എ പറയുന്നു.
സിദ്ദിഖിക്കെതിരേ കഴിഞ്ഞ ഫെബ്രുവരിയില്‍ തന്നെ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. മറ്റ് മൂന്ന് പാക് ഉദ്യോഗസ്ഥരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ചെന്നൈയിലെ യു.എസ് കോണ്‍സുലേറ്റ്, ബംഗളൂരുവിലെ ഇസ്‌റാഈല്‍ കോണ്‍സുലേറ്റ്, വിശാഖപട്ടണത്തെ ഈസ്റ്റേണ്‍ നേവല്‍കമാന്‍ഡ് ആസ്ഥാനം എന്നിവയ്ക്കുനേരെ ആക്രമണം നടത്താനും ഇവര്‍ പദ്ധതിയിട്ടിരുന്നതായും എന്‍.ഐ.എ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."