ചോദ്യപേപ്പര്‍ മാറിക്കിട്ടിയ വിദ്യാര്‍ഥിനിക്ക് പുന:പരീക്ഷ നടത്തണമെന്ന് ഹൈക്കോടതി
കോട്ടയം: സി.ബി.എസ്.ഇ പത്താം ക്ലാസിലെ കണക്ക് പരീക്ഷയില്‍ ചോദ്യപേപ്പര്‍ മാറിക്കിട്ടിയ വിദ്യാര്‍ഥിനിക്ക് മാത്രമായി പുന:പരീക്ഷ നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു .
ഈ വര്‍ഷത്തെ കണക്ക് പരീക്ഷയുടെ മൂല്യനിര്‍ണയം ആരംഭിക്കുന്നതിനു മുന്‍പ് തന്നെ വിദ്യാര്‍ത്ഥിനിക്കു മാത്രമായി പരീക്ഷ നടത്താന്‍ കോടതി സി.ബി.എസ്.ഇക്ക് നിര്‍ദേശം നല്‍കി .ചോദ്യപേപ്പര്‍ മാറിക്കിട്ടിയ വിദ്യാര്‍ഥിനി കോട്ടയം കുമ്മനം സ്വദേശിനി അമിയ സലീമിന്റെ ഹരജിയിലാണ് കോടതിയുടെ ഉത്തരവ്.
ഈ വര്‍ഷം പത്താം ക്ലാസ് കണക്ക് പരീക്ഷ എഴുതിയ അമിയക്ക് ലഭിച്ചത് 2016 ലെ കണക്ക് പരീക്ഷയുടെ ചോദ്യപേപ്പറായിരുന്നു. ഇതു മനസ്സിലാക്കിയ വിദ്യാര്‍ഥിനി സി.ബി.എസ്.ഇ അധികൃതര്‍ക്ക് പരാതി നല്‍കുകയായിരുന്നു.
സി.ബി.എസ്.ഇ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി സംഭവത്തിന് ബന്ധമുള്ളതായും സംശയമുയര്‍ന്നിരുന്നു. യഥാര്‍ഥ ചോദ്യപേപ്പര്‍ മാറ്റി പകരം മറ്റൊരു ചോദ്യപേപ്പര്‍ വയ്ക്കുകയായിരുന്നോ എന്നതാണ് സംശയം.
ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിയായിരുന്നു പെണ്‍കുട്ടി സി.ബി.എസ്.ഇക്ക് പരാതി നല്‍കിയതെങ്കിലും ഇക്കാര്യത്തില്‍ ഒരു നടപടിയുമുണ്ടായില്ല. കണക്ക് പരീക്ഷ രണ്ടാമത് നടത്താന്‍ സി.ബി.എസ്.ഇ തയാറായതുമില്ല.
ഇതിനെത്തുടര്‍ന്നാണ് കോട്ടയം മൗണ്ട് കാര്‍മല്‍ സ്‌കൂളില്‍ പരീക്ഷയെഴുതിയ അമിയ സലിം ഹൈക്കോടതിയെ സമീപിച്ചത്. ഹരജിയില്‍ വാദം കേട്ട കോടതി അമിയക്ക് മാത്രമായി പ്രത്യേകം കണക്ക് പരീക്ഷ നടത്താന്‍ ഉത്തരവിടുകയായിരുന്നു .
പരീക്ഷയുടെ മൂല്യനിര്‍ണയം ആരംഭിക്കുന്നതിനു മുന്‍പായി പെണ്‍കുട്ടിക്ക് മാത്രമായി പുനഃപരീക്ഷ നടത്താനാണ് കോടതിയുടെ നിര്‍ദേശം.2016ലെ ഉത്തര സൂചികയുടെ അടിസ്ഥാനത്തില്‍ മൂല്യനിര്‍ണയം നടത്തണമെന്നായിരുന്നു വിദ്യാര്‍ഥിനിയുടെ ആവശ്യം.
എന്നാല്‍ ഈ ആവശ്യം കോടതി അംഗീകരിച്ചില്ല. പകരം പുനഃപരീക്ഷ നടത്താന്‍ നിര്‍ദേശിക്കുകയായിരുന്നു.
പരീക്ഷയ്ക്ക് തയാറാണെന്ന് അമിയ
കോട്ടയം : എപ്പോള്‍ വേണമെങ്കിലും പരീക്ഷയെഴുതാന്‍ താന്‍ തയാറാണെന്ന് അമിയ സലീം. ഹൈക്കോടതി ഉത്തരവില്‍ ഏറെ സന്തോഷമുണ്ട്.നന്നായി എഴുതാന്‍ കഴിയുമെന്ന് കരുതുന്നു. എനിക്ക് വിഷമമൊന്നുമില്ല. ഒന്നു കൂടി നന്നായി തയാറെടുക്കാന്‍ അവസരമുണ്ടായെന്നും അമിയ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."