ദേശീയ ജലപാത യാഥാര്‍ഥ്യമാക്കും: മുഖ്യമന്ത്രി
ആലപ്പുഴ: കേരളത്തിന്റെ വികസന മുന്നേറ്റത്തിന് ഏറെ സഹായകരമാവുന്ന ദേശീയ ജലപാത കേരളത്തില്‍ യാഥാര്‍ഥ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പാണാവള്ളി ബോട്ട് സ്റ്റേഷന്റെ പുതിയ മന്ദിരത്തിന്റെയും രക്ഷാ ബോട്ടിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
1700 കി.മീ വരുന്ന ജലപാത നമുക്കുണ്ട്. മധ്യകേരളത്തിന്റെ വ്യാപാര സാധ്യതകള്‍ കണക്കിലെടുത്ത് ദേശീയ ജലപാത യാഥാര്‍ഥ്യമാക്കാന്‍ ഒരു സ്‌പെഷല്‍ പര്‍പ്പസ് വെഹിക്കിള്‍ രൂപവല്‍കരിച്ചിട്ടുണ്ടെന്നും കേന്ദ്രവുമായുള്ള ചര്‍ച്ചയില്‍ കേന്ദ്രത്തെ കൂടി അതില്‍ ഉള്‍പ്പെടുത്താന്‍ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനം ഇത് അംഗീകരിച്ചതോടെ ജലപാത യാഥാര്‍ഥ്യമാകുന്നതിനുള്ള വഴി തുറന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴ, കൊല്ലം, എറണാകുളം, പാണാവള്ളി, മുഹമ്മ എന്നിവിടങ്ങളിലേക്ക് ആംബുലന്‍സിന്റെ എല്ലാ സൗകര്യങ്ങളുമുള്ള റസ്‌ക്യൂ ബോട്ടിന്റെ ആദ്യ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. കൂടാതെ 14 പുതിയ ബോട്ടുകളും ജലഗതാഗത വകുപ്പ് പുറത്തിറക്കി. കൂടുതല്‍ സോളാര്‍ ബോട്ടുകളും ഇറക്കും. 1.5 കോടി രൂപ ചെലവിലാണ് ബോട്ട് സ്റ്റേഷന്‍ നിര്‍മിച്ചിട്ടുള്ളത്. ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ അധ്യക്ഷനായി. സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി. തിലോത്തമന്‍ മുഖ്യപ്രഭാഷണം നടത്തി.
ഉദ്ഘാടനം ചെയ്തത് അഞ്ച്
റസ്‌ക്യൂ ബോട്ടുകളില്‍ ആദ്യത്തേത്
ആലപ്പുഴ: സംസ്ഥാന ജലഗതാഗത വകുപ്പ് പുറത്തിറക്കുന്ന അഞ്ച് റസ്‌ക്യൂ ബോട്ടുകളില്‍ ആദ്യത്തേതാണ് മുഖ്യമന്ത്രി പാണാവള്ളിയില്‍ ഇന്നലെ ഉദ്ഘാടനം ചെയ്തത്. 22 പേര്‍ക്ക് ഇരിക്കാന്‍ സൗകര്യമുള്ള ഈ ആംബുലന്‍സ് ബോട്ടില്‍ മൂന്ന് ജീവനക്കാരുമുണ്ട്. പ്രഥമ ശുശ്രൂഷ നല്‍കുന്നതില്‍ പരിശീലനം ലഭിച്ചിട്ടുള്ളവരാണ് ജീവനക്കാര്‍.
ഓക്‌സിജന്‍ സിലണ്ടര്‍, നെബുലൈസര്‍, മാസ്‌ക്, ഫസ്റ്റ് എയ്ഡ് കിറ്റ് എന്നിവയെല്ലാം ബോട്ടില്‍ ക്രമീകരിച്ചിട്ടുണ്ട്. പെരുമ്പളം നിവാസികള്‍ക്കും മറ്റു സ്വകാര്യ വാഹന സൗകര്യം ഇല്ലാത്തവര്‍ക്കും അത്യാവശ്യഘട്ടങ്ങളില്‍ ഇത് ഉപകാരപ്പെടും. 24 മണിക്കൂറും ജല ആംബുലന്‍സിന്റെ സേവനം ലഭിക്കും. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നവ്ഗതി മറൈന്‍ ഡിസൈന്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍സ് ആണ് ആംബുലന്‍സ് രൂപകല്‍പന ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."