ഫാഇസിന്റെ ജീവനുവേണ്ടി പ്രാര്‍ഥനയോടെ നാടും കുടുംബവും
കൊണ്ടോട്ടി: തമിഴ്‌നാട്ടിലെ തേനിയിലുണ്ടായ വാഹനാപകടത്തില്‍ ഒരു കുടംബത്തിലെ നാലുപേര്‍ മരിച്ചതു നാടിനെ കണ്ണീരിലാഴ്ത്തി. രാമനാട്ടുകര അഴിഞ്ഞിലം സ്വദേശി കളത്തില്‍തൊടി റഷീദും ഭാര്യയും രണ്ടു മക്കളുമാണ് അപകടത്തില്‍ മരിച്ചത്.
ഉപ്പയും ഉമ്മയും രണ്ടു സഹോദരങ്ങളും മരിച്ചതറിയാതെ ഗുരുതര പരുക്കുകളോടെ ചികിത്സയില്‍ കഴിയുന്ന റഷീദിന്റെ മറ്റൊരു മകന്‍ ഫാഇസിനെയോര്‍ത്തു വിതുമ്പുകയാണ് നാട്ടുകാര്‍. പത്തു വര്‍ഷത്തിലേറെയായി അബ്ദുല്‍ റഷീദ് ചെന്നൈയില്‍ ജോലി ചെയ്തുവരികയാണ്. പി.സി താഹിര്‍ ആന്‍ഡ് കമ്പനിക്കു കീഴിലെ ചെന്നൈ ശങ്കര്‍ നഗറിലെ അഗിന്‍ റോഡ്‌വേഴ്‌സിന്റെ ജനറല്‍ മാനേജരാണ്. കഴിഞ്ഞ മാര്‍ച്ച് 26നാണ് നാട്ടില്‍നിന്നു കുടുംബം ചെന്നൈയിലേക്കു പോയത്. വെള്ളിയാഴ്ചയാണ് കുടുംബവുമായി റഷീദ് ചെന്നൈയില്‍നിന്നു കൊടൈക്കനാലിലേക്കു യാത്ര പോയത്. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനു ശേഷം തിരികെപ്പോകുന്നതിനിടെയാണ് അപകടം. തേനിയില്‍വച്ച് റഷീദ് ഓടിച്ചിരുന്ന കാര്‍ എതിരേ വന്ന ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ ഇടിക്കുകയായിരുന്നു. അപകടസ്ഥലത്തു വച്ചുതന്നെ റഷീദും ഭാര്യ റസീനയും മക്കളായ ലാമിയ തസ്‌നീമും ബാസില്‍ റഷീദും മരണപ്പെട്ടു.
ഇവരുടെ മൃതദേഹങ്ങള്‍ ആദ്യം തേനി സര്‍ക്കാര്‍ ആശുപത്രിയിലേക്കും തുടര്‍ന്നു ഡിണ്ടിഗല്‍ മെഡിക്കല്‍ കോളജിലേക്കും മാറ്റിയിരിക്കുകയാണ്. ഇടിയുടെ ആഘാതത്തില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ പൂര്‍ണമായും തകര്‍ന്നു. ഇന്നലെ ഉച്ചയോടെയാണ് തമിഴ്‌നാട് പൊലിസ് അപകട വിവരം നാട്ടിലറിയിക്കുന്നത്. നാട്ടിലെ സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ നിറസാന്നിധ്യമായിരുന്ന റഷീദ് സമസ്തയുടെയും മുസ്‌ലിംലീഗിന്റെും സജീവ പ്രവര്‍ത്തകനായിരുന്നു.
അപകടം അറിഞ്ഞ ഉടന്‍തന്നെ ബന്ധുക്കളടങ്ങുന്ന സംഘം ഡിണ്ടിഗല്ലിലേക്കു പുറപ്പെട്ടിട്ടുണ്ട്. ഇന്നലെ രാത്രി ഒന്‍പതോടെ മൃതദേഹങ്ങള്‍ കൊണ്ടുവരാനായി നാല് ആംബുലന്‍സുകളും നാട്ടില്‍നിന്നു തിരിച്ചിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ട നടപടികള്‍ക്കു ശേഷം രാത്രിയോടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനാകുമെന്നാണ് കരുതുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."