പ്രകൃതിയുടെ കാത്തുവയ്പ്പ്
തളിപ്പറമ്പ്: കടുത്ത വേനലില്‍ നാടെങ്ങും കുടിവെള്ളക്ഷാമം രൂക്ഷമാകുമ്പോഴും ചവനപ്പുഴ മീത്തല്‍ നാട്ടുകാര്‍ക്ക് പേടിയില്ല. പ്രദേശത്തെ ഉപേക്ഷിക്കപ്പെട്ട കരിങ്കല്‍ ക്വാറിയിലെ മഴവെള്ള സംഭരണിയിലെ വെള്ളം അടുത്ത മഴക്കാലം വരെ ഉപയോഗിച്ചാലും തീരാത്തത്രയും ഉണ്ടെന്ന ഉറപ്പാണ് കാരണം.
ഒരുകാലത്ത് സജീവമായ കരിങ്കല്‍ ക്വാറി കരിങ്കല്ലിന്റെ ലഭ്യത കുറഞ്ഞതോടെ ഉടമ ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് ഇതൊരു മാലിന്യനിക്ഷേപ കേന്ദ്രമായി മാറി. ജനവാസം കുറഞ്ഞ പ്രദേശത്ത് പുറമേ നിന്നുളളവര്‍ വാഹനങ്ങളിലെത്തിച്ച് മാലിന്യങ്ങള്‍ തള്ളുന്നത് പതിവായി മാറുകയും മഴക്കാലത്ത് ഇവിടെനിന്നു ഒഴുകിയെത്തുന്ന മാലിന്യം കലര്‍ന്ന വെള്ളം ആരോഗ്യത്തിന് ഭീഷണിയായി മാറുകയും ചെയ്തതോടെ നാട്ടുകാര്‍ പ്രദേശത്തുള്ള കുടുംബശ്രീ പ്രവര്‍ത്തകരുടെ സഹകരണത്തോടെ ക്വാറി ശുചീകരണത്തിന് മുന്നിട്ടിറങ്ങുകയായിരുന്നു.
ഇതിനു ശേഷം മാലിന്യ നിക്ഷേപത്തിനെതിരേ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ കാവല്‍ ഏര്‍പ്പെടുത്തുകയും ചെയ്തു.
ഇപ്പോള്‍ ക്വാറിയില്‍ സംഭരിച്ചിട്ടുളള ലക്ഷക്കണക്കിന് ലിറ്റര്‍ മഴവെളളം കൃഷിക്കും കുടിക്കാനുമുള്ള ആവശ്യത്തിനായി നാട്ടുകാര്‍ ഉപയോഗിക്കുന്നുണ്ട്. ഇവിടെയുള്ള അമ്പതോളം കുടുംബങ്ങള്‍ പ്ലാസ്റ്റിക്ക് പൈപ്പ് വഴിയാണ് വീടുകളിലും കൃഷിസ്ഥലങ്ങളിലും വെള്ളം എത്തിക്കുന്നത്. ക്വാറിയെ നാട്ടുകാര്‍ക്ക് ഉപകാരപ്രദമായ മഴവെളള സംഭരണിയായി നിലനിര്‍ത്തുന്നതിനുളള എല്ലാ സഹകരണവും നല്കി ഉടമയും നാട്ടുകാരോടൊപ്പം നില്ക്കുന്നു. കടുത്ത വേനലിലും ക്വാറിയുടെ പല ഭാഗത്തുന്നുനിന്നും ചെറിയ ഉറവകളിലൂടെ ശുദ്ധജലം ഒഴുകിയെത്തുന്നുണ്ട്. വേനല്‍ചൂടിലും സജീവമായ നീര്‍ച്ചാലുകള്‍ ഇത്തവണത്തെ വേനലിനെ അതിജീവിക്കാന്‍ സഹായകരമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."