പെട്രോള്‍ പമ്പുകളിലെ അളവില്‍ കൃത്രിമം
നീലേശ്വരം: ജില്ലയിലെ പെട്രോള്‍ പമ്പുകളില്‍ അളവില്‍ കൃത്രിമം കാണിക്കുന്നത് വ്യാപകം. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയില്‍ എട്ടു പമ്പുകളില്‍ കൃത്രിമം കാണിച്ചതായി കണ്ടെത്തി. ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെയും ഭാരത് പെട്രോളിയത്തിന്റെയും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെയും പമ്പുകളിലാണ് കൃത്രിമം കണ്ടെത്തിയിട്ടുള്ളത്.
നീലേശ്വര്‍ ഏജന്‍സി എച്ച്.പി.സി, വിഷ്ണു ഏജന്‍സി ബി.പി.സി നീലേശ്വരം, ബദിയടുക്ക പെട്രോളിയം എച്ച്.പി.സി, വിഷ്വാദ് പെട്രോളിയം എച്ച്.പി.സി പെര്‍ള, മത്സ്യഫെഡ് പി.ബി മടക്കര, കെ.വി പെട്രോളിയം ഐ.ഒ.സി കാസര്‍കോട്, പ്ലാറ്റിനം ഫ്യൂവല്‍ ഐ.ഒ.സി കാസര്‍കോട്, ട്രന്‍ഡ്‌സ് ഫ്യൂവല്‍ ഐ.ഒ.സി ഡീലര്‍ മഞ്ചേശ്വരം എന്നീ പെട്രോള്‍ പമ്പുകളിലാണ് കൃത്രിമം കാണിക്കുന്നതായി കണ്ടെത്തിയത്. സംസ്ഥാനത്ത് ജില്ലയിലെ പമ്പുകളില്‍ മാത്രമാണ് അളവില്‍ കൃത്രിമം കണ്ടെത്താനായത്. ഈ പമ്പുകള്‍ക്കെതിരേ നിയമ നടപടിയും കൈക്കൊണ്ടിരുന്നു. കൃത്രിമം കണ്ടെത്തിയ ഉടന്‍ തന്നെ വിതരണം നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെടുകയും നോട്ടിസ് നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കൃത്യത ഉറപ്പു വരുത്തി മുദ്ര ചെയ്യുകയും ചെയ്തു. കേസ് രജിസ്റ്റര്‍ ചെയ്തവയില്‍ ഫീസ് ഈടാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.
അസിസ്റ്റന്റ് കണ്‍ട്രോളര്‍മാരുടേയും ഫ്‌ളയിങ് സ്‌ക്വാഡ് അസിസ്റ്റന്റ് കണ്‍ട്രോളര്‍മാരുടേയും നേതൃത്വത്തില്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ചു നടത്തിയ പരിശോധനയിലാണ് കൃത്രിമം കണ്ടെത്താനായത്. സാധാരണ പരിശോധനകള്‍ക്കു പുറമേ മിന്നല്‍ പരിശോധനകളും സ്‌പെഷല്‍ ഡ്രൈവുകളും ലീഗല്‍ മെട്രോളജി വകുപ്പ് നടത്തുന്നുണ്ട്. കൂടാതെ ഫ്‌ളയിങ് സ്‌ക്വാഡുകളുടെ പ്രത്യേക മിന്നല്‍ പരിശോധനകള്‍ സംഘടിപ്പിക്കാനുള്ള നടപടികള്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് ആസൂത്രണം ചെയ്യുന്നുണ്ട്. അതേസമയം പെട്രോള്‍ പമ്പുകള്‍ വഴി വിതരണം ചെയ്യുന്ന പെട്രോള്‍, ഡീസല്‍ എന്നിവയില്‍ മായം കലര്‍ത്തുന്നതായുള്ള പരാതിയും വ്യാപകമാണ്.
ഇത്തരം പമ്പുകളില്‍ നിന്ന് എണ്ണയടിക്കുമ്പോള്‍ മൈലേജ് കിട്ടാറില്ലെന്നും ഡ്രൈവര്‍മാര്‍ പറയുന്നു. മായം കലര്‍ത്തിയ എണ്ണയടിച്ചതു വഴി വാഹന എന്‍ജിന്റെ ഭാഗമായുള്ള ബോര്‍, പിസ്റ്റണ്‍ എന്നിവയ്ക്കും, എന്‍ജിനില്‍ നിന്നുള്ള ഡീസല്‍ പമ്പിനും തകരാര്‍ സംഭവിക്കുന്നതായും ഇവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."