ദലിതരോടുള്ള സമീപനത്തില്‍ സി.പി.എമ്മിന്റെ കപടമുഖം വ്യക്തമായെന്ന് മുണ്ടൂര്‍ രാവുണ്ണി
പാലക്കാട്: ഒരുവശത്ത് ദലിത് സ്‌നേഹം പറയുകയും മറുവശത്ത് അവര്‍ക്കെതിരേ അക്രമം അഴിച്ചുവിടുകയും ചെയ്യുന്ന സി.പി.എമ്മിന്റെ കപടമുഖം ഇന്നലത്തെ സംഭവവികാസങ്ങള്‍ അഴിച്ചുമാറ്റുന്നുവെന്ന് പോരാട്ടം സംഘടനയുടെ ചെയര്‍മാന്‍ മുണ്ടൂര്‍ രാവുണ്ണി പറഞ്ഞു.
വടക്കേ ഇന്ത്യയില്‍ നടക്കുന്ന സമാനതകളില്ലാത്ത ദലിത് വേട്ടക്കെതിരേ പ്രതിഷേധിച്ച് സംസ്ഥാനത്ത് വിവിധ ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത സംസ്ഥാന ഹര്‍ത്താല്‍ ദിനത്തില്‍ ദലിത് നേതാക്കളെ അകാരണമായി കസ്റ്റഡിയിലെടുക്കുകയും മര്‍ദിക്കുകയും ചെയ്തതിലൂടെ സി.പി.എമ്മിന്റെ യഥാര്‍ഥമുഖം വ്യക്തമാകുകയാണ്.
പൊലിസിനെ അഴിച്ചുവിട്ട് സംസ്ഥാനത്ത് യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിക്കാനാണ് സി.പി.എം ശ്രമിച്ചത്. ആദിവാസി-ദലിത് നേതാക്കളും ആക്ടിവിസ്റ്റുകളുമായ ഗീതാനന്ദന്‍, അഡ്വ. പി.ജെ മാന്വല്‍, വി.സി ജന്നി, സി.എസ് മുരളി എന്നിവരെ ഏകപക്ഷീയമായി ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സി.പി.എമ്മിന്റെ ഇരട്ടത്താപ്പാണ് ഇതിലൂടെ വ്യക്തമാകുന്നത്.
സി.പി.എം ചെങ്കൊടി താഴെ വച്ച് മറ്റെന്തെങ്കിലും നിറം സ്വീകരിക്കേണ്ട കാലം വൈകിയിരിക്കുകയാണെന്നും രാവുണ്ണി കുറ്റപ്പെടുത്തി.
സുപ്രീം കോടതിയുടെ ദലിത് വിരുദ്ധ സവര്‍ണ പക്ഷപാത വിധിക്കെതിരായ പ്രതിഷേധത്തെ ചോരയില്‍ മുക്കിക്കൊല്ലാനാണ് സവര്‍ണ ഫാസിസ്റ്റുകള്‍ എന്നും ശ്രമിച്ചുപോന്നിട്ടുള്ളത്.
ഇതിനെതിരായ ഹര്‍ത്താല്‍ തികച്ചും ധാര്‍മികവും നീതിയുക്തവുമാണ്.
ഇതിനോട് പക്ഷം ചേരാന്‍ ഇടതുപക്ഷത്തിനൊ വ്യവസ്ഥാപിത ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്കൊ കഴിഞ്ഞില്ല എന്നത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണെന്നും രാവുണ്ണി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."