മൂവാറ്റുപുഴയില്‍ വീണ്ടും കഞ്ചാവു വേട്ട
മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ തുടര്‍ച്ചയായി രണ്ടാം ദിവസവും കഞ്ചാവുമായി ഒരാള്‍ പിടിയില്‍. മുവാറ്റുപുഴ റെയിഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.എ ഫൈസലിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘവും എറണാകുളം എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണറുടെ നേതൃത്വത്തിലുള്ള ഷാഡോ എക്‌സൈസ് ടീമും സംയുക്തമായി നടത്തിയ പരിശോധനയില്‍ കഞ്ചാവുമായി ഒരാള്‍ പിടിയിലായി.
എക്‌സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ മുവാറ്റുപുഴ മടക്കത്താനം സുധീഷ് സുരേഷാണ് പിടിയിലായത്.
മടക്കത്താനം, ചാറ്റുപാറ ഭാഗങ്ങളിലുള്ള യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ആവശ്യാനുസരണം കഞ്ചാവ് എത്തിച്ച് കൊടുത്തിരുന്നത് സുധീഷ് സുരേഷ് ആണന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വിദ്യാര്‍ഥികള്‍ക്കും മറ്റും കഞ്ചാവും ലഹരി മരുന്നുകളും വിതരണം വ്യാപകമാണന്ന പരാതിയെ തുടര്‍ന്ന് മൂവാറ്റുപുഴയിലും സമീപ പ്രദേശങ്ങളിലും എക്‌സൈസിന്റെ നേതൃത്വത്തില്‍ നിരീക്ഷണങ്ങളും പരിശോധനകളും ശക്തമാക്കിയിരിക്കുകയാണ്.
ഞാറാഴ്ച നടന്ന പരിശോധനയില്‍ ആണ് മയക്ക് മരുന്ന് ഇനത്തില്‍പ്പെട്ട നൈട്രോസെപാം ഗുളികകളും കഞ്ചാവും കഞ്ചാവ് വലിക്കുന്നതിനായി ഉപയോഗിക്കുന്ന പേപ്പറുകളും ഉള്‍പ്പെടെ ആഷിക് ഇബ്രാഹിം എന്നയാളെയും എക്‌സൈസ് പിടികൂടിയിരുന്നു.
മുവാറ്റുപുഴ ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. റെയ്ഡിന് ഷാഡോ എക്‌സൈസ് ടീമംഗങ്ങളായ പി.ബി. ലിബു, പി.ബി. മാഹിന്‍, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി.വി.നന്ദകുമാര്‍, പ്രിവന്റീവ് ഓഫീസര്‍മാരായ എന്‍.എ.മനോജ്, കെ.പി.സജികുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി.എം.കബീര്‍, വി.ഉന്മേഷ്, കെ.എ.റസാക്ക്, എം.യു.സാജു എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."