പാലാരിവട്ടത്ത് ഹോട്ടലില്‍ വന്‍ തീപിടിത്തം
കൊച്ചി: പാലാരിവട്ടത്ത് പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍ വന്‍ തീപിടിത്തം. ഹോട്ടല്‍ പുര്‍ണമായും കത്തി നശിച്ചു. സമീപത്ത് പ്രവര്‍ത്തിച്ചിരുന്ന വ്യാപാര സ്ഥാപനങ്ങളിലേക്കും തീ പടര്‍ന്നെങ്കിലും അഗ്‌നിശമനസേന ഇടപെട്ട് നിയന്ത്രണവിധേയമാക്കിയതോടെ വന്‍ അപകടം ഒഴിവാകുകയായിരുന്നു. ഹോട്ടലിലെ ജീവനക്കാരന്റെ കൈയില്‍ ചെറിയ പൊള്ളലേറ്റതൊഴിച്ചാല്‍ മറ്റ് ആളപായമില്ല.
ഇന്നലെ വൈകുന്നേരം നാലേകാലോടെയായിരുന്നു സംഭവം. പാലാരിവട്ടം പെട്രോള്‍ പമ്പിന് സമീപത്തെ കുന്നത്ത് ബില്‍ഡിംഗ്‌സിന്റെ ഇരുനില കെട്ടിടത്തില്‍ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന ന്യൂ ആര്യ ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്. കാലിയായ ഗ്യാസ് സിലിണ്ടര്‍ മാറ്റി പിടിപ്പിക്കുന്നതിനിടയില്‍ വാതകം ചോരുകയും അടുപ്പില്‍ നിന്ന് തീ ആളി പടരുകയുമായിരുന്നു. ജോലിക്കാരും ഭക്ഷണം കഴിക്കാനെത്തിയവരും അതിവേഗം പുറത്തേക്ക് കടന്നതിന് പിന്നാലെ ഹോട്ടലിനുള്ളിലേക്ക് തീ വ്യാപിച്ചു. ഹോട്ടലുള്‍പ്പടെ നാല് കടകളാണ് ഇവിടെ പ്രവര്‍ത്തിച്ചിരുന്നത്.
സമീപത്തെ കടയില്‍ ഉപയോഗിച്ചിരുന്ന ജനറേറ്ററിലേക്ക് തീ പടര്‍ന്ന് പിടിച്ചതോടെ താഴത്തെ നിലയിലെ മറ്റ് കടകളിലേക്കും വ്യാപിക്കുകയായിരുന്നു. പാചകാവശ്യങ്ങള്‍ക്കായി ആറ് ഗ്യാസ് സിലിണ്ടറുകള്‍ ഹോട്ടലില്‍ സൂക്ഷിച്ചിരുന്നു. ഇതില്‍ മൂന്ന് സിലിണ്ടറുകളില്‍ നിന്ന് ഗ്യാസ് ചോര്‍ന്നതും അപകടത്തിന്റെ വ്യാപ്തി വര്‍ധിച്ചു.
ഗാന്ധിനഗര്‍ ഫയര്‍ സ്റ്റേഷനില്‍ നിന്ന് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ എസ് ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ രണ്ട് അഗ്‌നിശമനസേന യൂനിറ്റ് ഒരുമണിക്കൂര്‍ പരിശ്രമിച്ചാണ് തീ അണച്ചത്. ശക്തമായ തീപിടുത്തത്തിനിടയിലും ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടി തെറിക്കാതിരുന്നത് വന്‍ അപകടമാണ് ഒഴിവാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."