പണത്തിനല്ല വില ജീവനു തന്നെ; മകന്റെ ഘാതകര്‍ക്ക് നിരുപാധികം മാപ്പു നല്‍കി സുഡാനി പൗരന്‍
റിയാദ്: തന്റെ മകന്റെ ഘാതകനു നിരുപാധികം മാപ്പ് നല്‍കി മനുഷ്യ സ്‌നേഹം പകര്‍ന്നു നല്‍കുകയാണ് അബ്ദുല്ലയെന്ന സുഡാനി പൗരന്‍. കൊലപാതകിക്ക് വിധിച്ച വധശിക്ഷയില്‍ നിന്നും രക്ഷ നേടാന്‍ അന്‍പത് ലക്ഷം റിയാല്‍ തന്റെ മുന്നില്‍ വെച്ച് നീട്ടിയിട്ടും അതെല്ലാം വേണ്ടെന്നു വെച്ചാണ് അബ്ദുല്ല കൊലപാതകിക്ക് നിരുപാധികം മാപ്പു നല്‍കിയത്. പതിനഞ്ചു വര്‍ഷം മുന്‍പ് നടന്ന കേസിലാണ് അത്യപൂര്‍വ്വ സംഭവം.
പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ജിദ്ദയുടെ പ്രാന്ത പ്രദേശത്ത് മകന്റെ കൂടെ ആട്ടിടയനായി ജോലി ചെയ്യുന്നതിനിടെയാണ് കൊലപാതകം അരങ്ങേറിയത്.
മകന്‍ മുഹമ്മദിന്റെ പക്കലുണ്ടായിരുന്ന 800 റിയാല്‍ കൈക്കലാക്കുന്നതിനു ചാഡുകാരനായ കൊലയാളി മകനെ അറുകൊല ചെയ്യുകയായിരുന്നു. തുടര്‍ന്ന് മകന്റെ കൊലപാതകത്തില്‍ മനംനൊന്ത് സ്വന്തം നാടായ ദുവൈമിലേക്ക് തിരിച്ചു പോകുകയായിരുന്നു. ഇതിനിടയില്‍ പ്രതിയെ പിടികൂടുകയും കേസ് വിചാരണ ആരംഭിക്കുകയും കോടതി പ്രതിക്ക് വധശിക്ഷ വിധിക്കുകയും ചെയ്തിരുന്നു.
പിന്നീട് ജിദ്ദ ഹ്യുമന്‍ റൈറ്റ്‌സ് അസോസിയേഷന്‍ അധികൃതരാണ് ഒടുവില്‍ അബ്ദുല്ലയെ കണ്ടെത്തിയത്. മകന്റെ കൊലപാതകിക്ക് കോടതി വിധിച്ച വധശിക്ഷ നടപ്പിലാക്കുന്നത് കാണാനായി വീണ്ടും ജിദ്ദയിലെത്തിയതിന് ശേഷമാണ് അനുരഞ്ജന ശ്രമത്തിന്റെ ഭാഗമായി അമ്പതു ലക്ഷം റിയാലും ആവശ്യമെങ്കില്‍ 70 ലക്ഷം റിയാല്‍ വരെയും നല്‍കാനും വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവരുടെ ബന്ധുക്കള്‍ തയാറാണെന്ന വാഗ്ദാനം ലഭിച്ചത്.
തുടര്‍ന്ന് തന്റെ ഭാര്യയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് വധശിക്ഷ നടപ്പാക്കുന്ന സമയത്തിന് അല്‍പ്പം മുന്‍പായി നിരുപാധിക മാപ്പ് നല്‍കുന്നതായി അദ്ദേഹം പ്രഖ്യാപിച്ചത്. സുഡാന്‍ തലസ്ഥാനമായ ഖാര്‍ത്തൂമില്‍ വില്ലയോ നല്ല വീടോ വെച്ച് നല്‍കാമെന്ന വാഗ്ദാനം ലഭിച്ചിട്ടും മനുഷ്യ സ്‌നേഹത്തിന്റെ പര്യായം തീര്‍ത്ത് മാപ്പ് നല്‍കിയ സുഡാന്‍ പൗരന്റെ തീരുമാനത്തില്‍ വധശിക്ഷ നടപ്പിലാക്കുന്നത് കാണാനെത്തിയവരില്‍ വിസ്മയം തീര്‍ക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."