ചൗക്കിദാര്‍ ഉറക്കം മതിയാക്കണം
ഭാരതത്തിന്റെ വര്‍ത്തമാനങ്ങള്‍ സുഖകരമല്ലാതിരിക്കുമ്പോള്‍ ഭാവിയെ എങ്ങനെ ഭംഗിയാക്കാനാവും? പട്ടികജാതി-വര്‍ഗ നിയമത്തിലൊരു ചെറിയ ഇടപെടല്‍ സുപ്രിംകോടതി നടത്താന്‍ ശ്രമിച്ചത് അഞ്ച് സംസ്ഥാനങ്ങളിലെ വലിയ ആളനക്കമുള്ള പ്രതിഷേധത്തിനും പന്ത്രണ്ട് വിലപ്പെട്ട ജീവനുകളുടെ നാശത്തിലും കലാശിച്ചു. പതിവുപോലെ വ്യാപാര സ്ഥാപനങ്ങള്‍ അടഞ്ഞുകിടന്നു. സര്‍ക്കാര്‍ വാഹനങ്ങള്‍ അഗ്നിക്കിരയാക്കി. പൊതുമുതലുകള്‍ നശിപ്പിച്ചു. രണ്ടു നാള്‍ മാധ്യമങ്ങള്‍ക്ക് വാര്‍ത്തകള്‍ക്ക് വകയായി. പറയത്തക്ക ഇന്ത്യന്‍ പരിസരങ്ങളില്‍ ചലനാത്മകത സൃഷ്ടിക്കാന്‍ പ്രതിഷേധങ്ങള്‍ക്ക് കരുത്തില്ലാതാവുന്ന പ്രവണത വര്‍ധിച്ചുവരികയാണ്.
കേന്ദ്രസര്‍ക്കാര്‍ പുനഃപരിശോധനാ ഹരജി നല്‍കാനെടുത്ത തീരുമാനം ഇതിനോട് ചേര്‍ത്തുവായിച്ചാല്‍ ജനമുന്നേറ്റം ഭയക്കാത്ത ഭരണകൂടങ്ങള്‍ ഉണ്ടാവില്ലെന്നു പറയേണ്ടിവരും. സി.ബി.എസ്.ഇ കണക്ക് പരീക്ഷാ പേപ്പര്‍ ചോര്‍ന്നതിന് ഉത്തരക്കടലാസില്‍ തെളിവില്ലെന്നാണ് സി.ബി.എസ്.ഇ ബോര്‍ഡ് വിലയിരുത്തല്‍. അതുകൊണ്ട് പുനഃപരീക്ഷയുടെ ആവശ്യമേ ഉദിക്കുന്നില്ലത്രെ! ഇതിനു മുമ്പും പല ചോര്‍ച്ചകളും ഇന്ത്യയില്‍ വിവാദമായിരുന്നു. നിരവ് മോദി ബാങ്കുകളില്‍ നിന്ന് കോടികള്‍ ചോര്‍ത്തി കടന്നുകളഞ്ഞു. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ എം.എല്‍.എമാരുടെ വോട്ട് ചോര്‍ന്നു. കര്‍ണാടകയില്‍ പാര്‍ട്ടി നേതാക്കള്‍ തന്നെ ചോരുന്നു. ഇത്തരം ചോര്‍ച്ച തടയാനാര്‍ക്കും താല്‍പര്യം കാണുന്നില്ല.
സ്ഥാപനങ്ങള്‍ക്ക് കാവല്‍ നില്‍ക്കുന്നവര്‍ ഉറങ്ങിയാലെന്ത് ചെയ്യും? ഭാരതത്തിന്റെ പ്രധാന കാവലാള്‍ പ്രധാനമന്ത്രിയാണ്. അദ്ദേഹം യാത്രയിലാണ്. അല്ലെങ്കില്‍ മൗനത്തിലാണ്. മന്‍ കീ ബാത്തില്‍ വര്‍ത്തമാനം നന്നായി പറയും. പൊതുയോഗങ്ങളില്‍ മണിക്കൂറുകള്‍ പ്രസംഗിക്കും. പക്ഷേ, പാര്‍ലമെന്റില്‍ പോലും ശരിയായി വരികയോ പറയേണ്ടത് പറയുകയോ ചെയ്യില്ല. പാര്‍ലമെന്റ് നടപടികള്‍ അണ്ണാ ഡി.എം.കെ അംഗങ്ങള്‍ രണ്ടാഴ്ചയിലധികം തടസപ്പെടുത്തി. ഇത് ട്രഷറി സ്‌പോണ്‍സര്‍ ചെയ്ത സമരമാണെന്ന പരാതി നിലവിലുണ്ട്. അവിശ്വാസ നോട്ടിസ് താമസിപ്പിച്ചു ചര്‍ച്ച ഒഴിവാക്കി ഭരണപക്ഷത്തെ ചോര്‍ച്ച ആളറിയാതാക്കാനുള്ള പരിശ്രമം എത്രകാലം വിജയിക്കും.
പ്രതിരോധം, വിദ്യാഭ്യാസം, വിദേശകാര്യം, വാര്‍ത്താവിനിമയം എന്നിവ ഏതാണ്ട് ആര്‍.എസ്.എസ്‌വല്‍ക്കരണ പാതയിലാണ്. പ്രസിഡന്റ്, പ്രധാനമന്ത്രി, പ്രതിരോധമന്ത്രി, രാജ്യസഭാ ഉപാധ്യക്ഷന്‍, ഗൃഹമന്ത്രി, ധനമന്ത്രി താക്കോല്‍ പോസ്റ്റുകളിലെല്ലാം ഒന്നാംതരം ആര്‍.എസ്.എസുകാര്‍ പിടി മുറുക്കിയാണ് ഭരണം നടക്കുന്നത്. രണ്ടു തവണ നിരോധിക്കപ്പെട്ട, ഗാന്ധിജിയെ വെടിവച്ചു വീഴ്ത്തിയ സംഘടനക്ക് ഇന്ത്യയിലിങ്ങനെ വളരാനായതല്ല ചിലര്‍ ചേര്‍ന്നു വളര്‍ത്തിയതാണ്. ഫാസിസം ഇന്ത്യയെ വിഴുങ്ങിയാല്‍ ഇന്ത്യ നാശമടയുമെന്നറിയാത്തവര്‍ കുറയും. ഈ ആപല്‍ക്കരമായ അവസ്ഥക്ക് തടയിടാനുള്ള പ്രതിപക്ഷ നീക്കങ്ങള്‍ക്ക് ഉശിരും ഊര്‍ജവും ആര്‍ജിക്കാനായിട്ടില്ല.
എലികളുടെ യോഗം ചേര്‍ന്നു മാര്‍ജാരന് മണി കെട്ടുന്നതിന് ചര്‍ച്ചകള്‍ നടത്തി ഒന്നുമാവാതെ പിരിഞ്ഞ പഴയകാല പാഠപുസ്തകത്തിലെ കഥ ഓര്‍മിപ്പിക്കുന്നതാണ് വര്‍ത്തമാന ഭാരത ചിത്രം. മമതാ ബാനര്‍ജി അത്താഴവിരുന്നൊരുക്കിയാല്‍ തീരുന്നതല്ല പ്രശ്‌നം. അര മന്ത്രിസ്ഥാനത്തിന് ഉടലോടെ കൂറുമാറാന്‍ മടിയില്ലാത്തവരാല്‍ ഇന്ത്യന്‍ രാഷ്ട്രീയ നേതൃത്വം ദുര്‍ബലമാണ്.
തന്ത്രങ്ങളും കുതന്ത്രങ്ങളും ഉപയോഗപ്പെടുത്തി പത്തൊന്‍പത് സംസ്ഥാനം ഇതിനകം ബി.ജെ.പി പിടിച്ചു. കര്‍ണാടകയില്‍ കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്തുമെന്നാണ് സര്‍വേ ഫലങ്ങളെങ്കിലും കോണ്‍ഗ്രസ് തോല്‍ക്കാനിടയായാല്‍ സോഷ്യലിസം പറഞ്ഞു നടക്കുന്ന ജനതാദളും ഇടതു പാര്‍ട്ടികളും പ്രതിസ്ഥാനത്ത് വരും.
കര്‍ണാടകയിലെ മതേതര മനസ് ഇടതു-സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍ ചേര്‍ന്നു മനസുവച്ച് ഉപയോഗപ്പെടുത്തിയാല്‍ ബി.ജെ.പി മുപ്പത് സീറ്റ് കടക്കാനിടയില്ല. സോഷ്യലിസം അധരവ്യായാമമാക്കി ത്രികോണ മത്സരമൊരുക്കി മതേതര ന്യൂനപക്ഷ വോട്ട് ശിഥിലീകരിച്ചാല്‍ ലിംഗായത്ത് മതന്യൂനപക്ഷമാക്കിയ ഉത്തരവ് കൊണ്ടൊന്നും കോണ്‍ഗ്രസ് രക്ഷപ്പെട്ടുകൊള്ളണമെന്നില്ല.
നമ്മുടെ പതനങ്ങള്‍ക്ക് നമ്മളാണുത്തരവാദികളെന്ന തിരിച്ചറിവാണ് സെക്യുലര്‍ പ്രസ്ഥാനങ്ങള്‍ക്കുണ്ടാവേണ്ടത്. ലക്ഷ്യം മാര്‍ഗത്തെ ന്യായീകരിച്ചതാണ് പ്രശ്‌നങ്ങള്‍. അടല്‍ ബിഹാരി വാജ്‌പേയ് എങ്ങനെ ഇന്ത്യന്‍ പ്രധാനമന്ത്രിയായി, അങ്ങിങ്ങ് ചിതറിക്കിടന്നിരുന്ന ഫാസിസ്റ്റുകള്‍ക്ക് ഡല്‍ഹിയോളം വഴി ഒരുക്കിയ അപരാധം ചെയ്തവര്‍ ഇന്നിപ്പോള്‍ പ്രകടിപ്പിക്കുന്ന ഉല്‍ക്കണ്ഠ ഉള്‍ക്കൊള്ളാനാവില്ല.
മുതലാളിത്ത കോണ്‍ഗ്രസ് ഭരണം മാറാന്‍ 'യാസിന്‍' നേര്‍ച്ച നേര്‍ന്നവര്‍ ഫാസിസം വരാനാണ് പരവതാനി ഒരുക്കിയത്. ഇന്ത്യയില്‍ ചോദ്യപേപ്പര്‍ മാത്രമല്ല മൂല്യങ്ങളും ചോര്‍ത്തുകയാണ്. കാവല്‍ക്കാരന്‍ ഉറങ്ങുകയോ, ഉറക്കം നടിക്കുകയോ, ചോര്‍ത്തലുകള്‍ക്ക് ഒത്താശയോ ചെയ്യുന്നതാണ് തിരുത്തപ്പെടേണ്ടത്. അംബേദ്കര്‍ ആവശ്യമാണെന്ന് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ തിരിച്ചറിയുന്നുണ്ട്. ദലിതര്‍ക്ക് മുന്‍തൂക്കമുള്ള മണ്ഡലത്തിലും ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി തോറ്റത് പുനര്‍ചിന്തക്കിടയാക്കിയിട്ടുണ്ടാവാം. അംബേദ്കര്‍ ബ്രാഹ്മണ്യത്തിന്റെ ഇരയായിരുന്നു. നിവൃത്തികേട് കൊണ്ടാണദ്ദേഹം ഹിന്ദുമതം ഉപേക്ഷിച്ചത്. മ്ലേഛവര്‍ഗമെന്ന് മുദ്രകുത്തി അകറ്റി നിര്‍ത്തിയ അനുഭവങ്ങളാണദ്ദേഹത്തെ മാറ്റി ചിന്തിപ്പിച്ചതും. ഇപ്പോള്‍ ബ്രാഹ്മണ്യം ദലിതരെ ഇഷ്ടപ്പെടുന്നതുകൊണ്ടല്ല. 2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.പിയില്‍ പാര്‍ട്ടിയുടെ കഥ ഒതുങ്ങുമോ എന്ന് ബി.ജെ.പി ഭയന്നു തുടങ്ങിയിരിക്കുന്നു.
ബ്രാഹ്മണ്യം അടിച്ചേല്‍പ്പിച്ചിരുന്ന പാരതന്ത്ര്യത്തിന്റെ ചങ്ങലയില്‍ ശ്വാസം മുട്ടിയാണ് നൂറ്റാണ്ടുകളോളം ദലിതര്‍ കഴിഞ്ഞു കൂടിയിരുന്നത്. അധികാരമുറപ്പിക്കാന്‍ കൗശലപൂര്‍വം മിനഞ്ഞെടുത്ത വിശ്വാസ പട്ടികയില്‍പെടുത്തി ഇനിയുമത് തുടരാനുള്ള നീക്കത്തിലാണ് ഫാസിസ്റ്റുകള്‍. പോയകാല ഭാരതത്തിലെ ഒരവസ്ഥ ഇപ്രകാരം വായിക്കാം.
ഇംഗ്ലീഷുകാരനായ ഓഫിസറും ബ്രാഹ്മണനായ അറ്റന്ററും തിരക്കുപിടിച്ച തെരുവിലൂടെ നടന്നു പോകുന്നു. അസിസ്റ്റന്റ് ഓഫിസറായ ഒരു നായിഡു അവിചാരിതമായി ആ തെരുവിലിറങ്ങി വരുന്നു. ഇരു ഓഫിസര്‍മാരും പരസ്പരം അഭിവാദ്യം ചെയ്തു. എന്നാല്‍, ശിപായിയെ കണ്ട അസിസ്റ്റന്റ് ഓഫിസര്‍ തലപ്പാവ് ഊരി കാലില്‍ തൊഴുതു വന്ദിച്ചു. സായിപ്പിന് അത്ഭുതമായി.
മേലുദ്യോഗസ്ഥനായ തനിക്കില്ലാത്ത വലിയ ആദരം ശിപായിക്കെങ്ങനെ ലഭിച്ചു. കാര്യം തിരക്കിയ സായിപ്പിനോട് നായിഡുവിന്റെ മറുപടി ഇപ്രകാരം. നിങ്ങള്‍ എന്റെ മേലുദ്യോഗസ്ഥനാണ്. മ്ലേഛ ജാതിക്കാരനുമാണ്. ശിപായി ബ്രാഹ്മണനാണ്. നൂറ്റാണ്ടുകളായി ഞങ്ങളുടെ ആളുകള്‍ ആദരവോടെയാണ് അവരെ പരിഗണിക്കുന്നത്. അവരുടെ ജോലിയല്ല ജാതിയാണ് മുഖ്യം. അദ്ദേഹത്തെ ആദരിക്കല്‍ എന്റെ കടമയാണ്. (വിചാരധാര 138-139)
ഇങ്ങനെ വേലികെട്ടി പഠിപ്പിച്ചു പാകപ്പെടുത്തി വളര്‍ത്തി കൊണ്ടുവന്നവരില്‍ പ്രകടമായി കാണുന്ന സ്വത്വബോധം പൊതുപരിസരങ്ങളില്‍ ഇടം അന്വേഷിക്കുന്ന തലത്തിലേക്ക് വളരുന്നത് ബി.ജെ.പി ഭയക്കുന്നുണ്ട്. ദലിതര്‍ക്കൊപ്പം നിന്നാലേ നാളെയുടെ അധികാരം ഉറപ്പിക്കാനാവു എന്ന് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ നിയന്ത്രിത തലച്ചോറുകള്‍ തിരിച്ചറിഞ്ഞുകാണും.
സര്‍ക്കാര്‍ വക ഭൂമി സി.പി.ഐക്കാര്‍ മാത്രമല്ല എല്ലാ പാര്‍ട്ടികളും തരം പോലെ കുറഞ്ഞ വിലക്ക് സ്വന്തക്കാര്‍ക്ക് വിറ്റുവരുന്നത് ആദ്യ സംഭവമല്ല. ഒന്നാം ഘട്ടത്തില്‍ വന്‍കിടക്കാര്‍ക്കോ മുതലാളിമാര്‍ക്കോ കമ്പനികള്‍ക്കോ മൊത്തമായി വില്‍ക്കും.
പിന്നീട് രേഖയില്‍ തരികിട ഒപ്പിച്ച് നല്ല വിലക്ക് പാവപ്പെട്ടവര്‍ക്ക് വില്‍ക്കും. കാലങ്ങള്‍ പിന്നിട്ടാല്‍ പട്ടയമൊപ്പിക്കും. അതിന് പാവപ്പെട്ട കര്‍ഷകര്‍ക്കൊപ്പം നിന്ന് സമരവും ചെയ്യും. വയനാട്ടിലെ മക്കിമല മാത്രമല്ല മൂന്നാറും ഇടുക്കിയും പറഞ്ഞുതന്ന പാഠമിതാണ്. സി.പി.ഐ വയനാട് ജില്ലാ സെക്രട്ടറിയെ ഇടിക്കേമറയില്‍ ശരിയാക്കിയത് സി.പി.എമ്മാണെന്നും പറഞ്ഞു കേള്‍ക്കുന്നു.
പിണറായിയെ അടിക്കടി പിടികൂടി നല്ലപിള്ള പ്രതിഛായ നിര്‍മിച്ചുവന്ന സി.പി.ഐയുടെ നാഭിക്ക് നേരെയാണ് വയനാട്ടിലെ ഭൂമി വിവാദക്കുത്ത് വീണത്. മാധ്യമങ്ങള്‍ നല്ല കാര്യം ചെയ്താല്‍ നല്ലതു തന്നെ. എല്ലാ കളങ്കമോ കലര്‍പ്പോ ക്വട്ടേഷനോ പിന്നിലോ മുന്നിലോ ഉണ്ടെന്നറിയാന്‍ വകുപ്പില്ല. പ്രഖ്യാപിച്ച വിജിലന്‍സ് അന്വേഷണം ആനക്ക് പാപ്പാന്‍ വെക്കുന്ന വെടി പോലെ സി.പി.ഐയെ ഇളകാന്‍ അനുവദിക്കാതെ സി.പി.എം വച്ച വെടി മാത്രമാകാനാണ് സാധ്യത.
മുന്നണിയിലെത്താന്‍ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും പടിപ്പുര കടക്കാനാവാതെ ഐ.എന്‍.എല്‍ നിരാശയിലാണ്. രജതജൂബിലിയായി. 'മുസ്‌ലിം' എന്ന പേര് പാര്‍ട്ടിയില്‍ വേണ്ടെന്നു പറഞ്ഞു കൊടുത്തത് സി.പി.എം നേതാക്കളാണ്. അതനുസരിച്ചു. ജനതാദളിനെ മാടി മാടി വിളിക്കുന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഐ.എന്‍.എല്ലിനെ കൈമടക്കി തൊഴിക്കാനെന്താവും കാരണം? അത്യാവശ്യം വോട്ടു കൈവശം ഉണ്ടെന്നാണവരുടെ രാഷ്ട്രീയ പ്രകടനത്തില്‍ നിന്നു മനസിലാവുക.
കണ്ടുനില്‍ക്കുന്നവരുടെ കണ്ണ് നിറഞ്ഞു പോകുന്നു. അകറ്റല്‍ അവഗണന അവസാനിപ്പിക്കണമെന്ന് തന്നെയാണ് പുറത്തുള്ളവര്‍ പോലും പറയുന്നത്. എ.കെ.ജി സെന്ററില്‍ ആധികാരികമായി അവര്‍ കയറട്ടെ. ചര്‍ച്ചകളില്‍ പങ്കെടുക്കട്ടെ. ഭരണത്തിനകത്തെ വളവും തിരിവുകളും സുഖങ്ങളും അവരും അനുഭവിക്കട്ടെ.
ഐ.എന്‍.എല്‍ നേതാക്കളുടെ പത്രസമ്മേളനം മുഖവിലക്കെടുക്കാന്‍ വൈകരുത്.മുത്വലാഖ് നിരോധന നിയമം ഉള്‍പ്പെടെ ചിലര്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുന്ന കാര്യങ്ങള്‍ ഇന്ത്യയില്‍ കാലുഷ്യം പെരുപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ്. മുസ്‌ലിം സ്ത്രീകള്‍ പൊതുവില്‍ അനുഭവിക്കുന്ന സുരക്ഷയും സംതൃപ്തിയും ഇതര സമൂഹങ്ങളിലില്ലെന്ന് കണക്കുകള്‍ പറയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."