ഇ-പോസ്: റേഷന്‍ വിതരണം നിലച്ചെന്ന് ഡീലേഴ്സ് അസോസിയേഷന്‍
കോട്ടയം: റേഷന്‍ കടകളില്‍ ഇ-പോസ് മെഷീന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് മൂലം സംസ്ഥാനത്തെ ഒന്‍പത് ജില്ലകളില്‍ റേഷന്‍ വിതരണം നിലച്ചിരിക്കുകയാണെന്ന് ഓള്‍ ഇന്ത്യാ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ദേശീയ ജനറല്‍ സെക്രട്ടറി ബേബിച്ചന്‍ മുക്കാടന്‍ പറഞ്ഞു.
ഈ മാസം വിതരണം ചെയ്യേണ്ട റേഷന്‍ സാധനങ്ങള്‍ ഇന്നലെ മുതല്‍ വിതരണം ആരംഭിക്കുമെന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചുവെങ്കിലും, വിഷുവിനുപോലും റേഷന്‍ വിതരണം ആരംഭിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
റേഷന്‍ കടകളില്‍ കൈവശമുള്ള സ്റ്റോക്ക് ഇ-പോസ് സംവിധാനത്തിലൂടെയല്ലാതെ വിതരണം ചെയ്യരുതെന്നാണ് സിവില്‍ സപ്ലൈസ് ഡയരക്ടറുടെ നിര്‍ദേശം.
ഇതോടെ കട തുറക്കാനും കഴിയാതെ ബുദ്ധിമുട്ടുകയാണ് വ്യാപാരികള്‍. അരി കടയില്‍ സ്റ്റോക്കുള്ളപ്പോള്‍ കാര്‍ഡുടമയ്ക്കു കൊടുത്തില്ലെങ്കില്‍ സംഘര്‍ഷമുണ്ടാകാനും സാധ്യതയുണ്ട്.
ഓരോ റേഷന്‍ കടക്കും ലഭിക്കുന്ന ക്വാട്ടയുടെ അളവനുസരിച്ച് കാര്‍ഡുടമകളുടെ വിഹിതം തീരുമാനിച്ച് മെഷീനില്‍ രേഖപ്പെടുത്തി വിതരണം ചെയ്യേണ്ടി വരുന്നതിനാലാണ് കാലതാമസം നേരിടുന്നത്.
വയനാട്, കാസര്‍കോട്, കണ്ണൂര്‍, പത്തനംതിട്ട, തിരുവനന്തപുരം എന്നീ ജില്ലകള്‍ ഒഴികെ ഒന്‍പത് ജില്ലകളിലാണ് ഇന്നലെ മുതല്‍ ഇ-പോസ് മെഷീനിലൂടെ റേഷന്‍ വിതരണം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."