സിറിയക്കെതിരേ കടുത്ത നടപടിക്കു നീക്കം
വാഷിങ്ടണ്‍: കിഴക്കന്‍ ഗൂഥയില്‍ സാധാരണക്കാര്‍ക്കു നേരെ സിറിയന്‍ സൈന്യം നടത്തിയ രാസായുധ പ്രയോഗത്തിനു തിരിച്ചടിക്ക് ഒരുക്കവുമായി അമേരിക്കയും സഖ്യകക്ഷികളും. അധികം വൈകാതെ തന്നെ സിറിയയ്ക്കു നേരെ സൈനിക നടപടിയുണ്ടാകുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി. തൊട്ടുപിറകെ സിറിയക്കെതിരേ സൈനിക നടപടി ആരംഭിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ അമേരിക്കന്‍ വൃത്തങ്ങളുമായി ബ്രിട്ടനും ഫ്രാന്‍സും ചര്‍ച്ച ചെയ്തു.
''സിറിയക്കെതിരേ അതിശക്തമായ നടപടി തന്നെയുണ്ടാകും. സൈനികമായി തന്നെ തിരിച്ചടിക്കാനുള്ള ഒരുപാട് മാര്‍ഗങ്ങള്‍ മുന്നിലുണ്ട്. ഇക്കാര്യത്തില്‍ അധികം വൈകാതെ തീരുമാനമാകും.''-ട്രംപ് വ്യക്തമാക്കി. ശനിയാഴ്ച കിഴക്കന്‍ ഗൂഥയിലെ ദൂമയിലുണ്ടായ സംഭവത്തെ കുറിച്ചും ആരാണ് ആക്രമണത്തിന് ഉത്തരവാദികള്‍ എന്നതിനെ കുറിച്ചും വ്യക്തത വരുത്താനുള്ള ശ്രമത്തിലാണ് തങ്ങളെന്നും ഇക്കാര്യത്തില്‍ ഒരു ഉറപ്പു ലഭിച്ചാല്‍ നടപടിയുടെ കാര്യത്തില്‍ തീരുമാനമാകുമെന്നും ട്രംപ് സൂചിപ്പിച്ചു.
ആക്രമണത്തെ കാടത്തമെന്ന് വിശേഷിപ്പിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ വിഷയം ട്രംപുമായി ചര്‍ച്ച ചെയ്‌തെന്നും അറിയിച്ചു. എന്തു നടപടിയാണ് കൈക്കൊള്ളേണ്ടതെന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമാകുമെന്നും അവര്‍ പറഞ്ഞു. എന്നാല്‍ സൈനിക നടപടിയെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് അവര്‍ പ്രതികരിച്ചില്ല. നേരത്തെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായും അവര്‍ സിറിയയിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തിരുന്നു. ഇതിനു ശേഷമാണ് ട്രംപുമായി ഫോണില്‍ സംസാരിച്ചത്.
ഫോണില്‍ സംസാരിച്ച മാക്രോണും ട്രംപും സിറിയക്കു ശക്തമായ തിരിച്ചടി തന്നെ നല്‍കണമെന്ന കാര്യം ഊന്നിപ്പറഞ്ഞതായി ഫ്രഞ്ച് പ്രസിഡന്റിന്റെ വക്താവ് ബിന്‍യാമീന്‍ ഗ്രിവിയോക്‌സ് പറഞ്ഞു. സിറിയ എല്ലാ പരിധിയും ലംഘിക്കുകയാണെങ്കില്‍ ശക്തമായ തിരിച്ചടി തന്നെ നേരിടേണ്ടി വരുമെന്നും ഗ്രിവിയോക്‌സ് കൂട്ടിച്ചേര്‍ത്തു. രാസായുധം പ്രയോഗിച്ചതായി തെളിഞ്ഞാല്‍ സിറിയക്കെതിരേ ശക്തമായ നടപടിയുണ്ടാകുമെന്ന് കഴിഞ്ഞ ഫെബ്രുവരിയിലും ഫ്രാന്‍സ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ആഭ്യന്തരയുദ്ധം നടക്കുന്ന പ്രേദശങ്ങളില്‍ സിറിയ രാസായുധം പ്രയോഗിക്കുന്നതായി ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തിലായിരുന്നു ഇത്.
സംഭവത്തില്‍ തിങ്കളാഴ്ച യു.എന്‍ രക്ഷാസമിതിയില്‍ പ്രത്യേക യോഗം ചേര്‍ന്നിരുന്നു. സിറിയയിലെ സ്ഥിതിഗതികള്‍ വിലയിരുത്താനായി ചേര്‍ന്ന യോഗത്തില്‍ അമേരിക്കയും റഷ്യയും വാക്‌പോരില്‍ ഏര്‍പ്പെട്ടിരുന്നു. സിറിയയില്‍ രാസായുധ പ്രയോഗം നടന്നതായുള്ള ആരോപണത്തെ കുറിച്ച് പുതിയ അന്വേഷണം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കരടുപ്രമേയത്തിനു മേല്‍ വോട്ടെടുപ്പ് നടത്തണമെന്ന് യോഗത്തില്‍ യു.എസ് അംബാസഡര്‍ നിക്കി ഹാലെ ആവശ്യപ്പെട്ടു. എന്നാല്‍, അസ്വീകാര്യമായ ഘടകങ്ങളുള്ളതിനാല്‍ കരടുപ്രമേയം അംഗീകരിക്കാനാകില്ലെന്ന് റഷ്യ പ്രതികരിച്ചു.
തിങ്കളാഴ്ച സിറിയന്‍ സൈനിക താവളത്തിനുനേരെ വ്യോമാക്രമണമുണ്ടായിരുന്നു. ഇറാന്‍ സൈനികര്‍ അടക്കമുള്ളവര്‍ കഴിയുന്ന മധ്യസിറിയയിലെ ഹോംസ് പ്രവിശ്യയില്‍ തിയാസ് വ്യോമകേന്ദ്രത്തിലാണ് ആക്രമണമുണ്ടായത്.
സംഭവത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു. എന്നാല്‍, ആരാണ് ആക്രമണം നടത്തിയതെന്ന കാര്യം വ്യക്തമായിട്ടില്ല. ഇസ്‌റാഈലാണ് ആക്രമണത്തിനു പിന്നിലെന്ന് സിറിയ ആരോപിച്ചിട്ടുണ്ട്. ആക്രമണം നടത്തിയതെന്ന് തങ്ങളല്ലെന്ന് അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."