റോഡുകള്‍ കൈയേറി അനധികൃത പരസ്യബോര്‍ഡുകള്‍: നിയന്ത്രിക്കാന്‍ നടപടിയില്ല; നിയമങ്ങള്‍ കടലാസിലൊതുങ്ങി
മലപ്പുറം: റോഡരികിലെ പരസ്യ ബോര്‍ഡുകള്‍ അപടകങ്ങള്‍ക്ക് കാരണമാവുമ്പോഴും അനധികൃത പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനെതിരേയുള്ള നിയമങ്ങളും നിര്‍ദേശങ്ങളും കടലാസിലൊതുങ്ങുന്നു. പരസ്യബോര്‍ഡുകള്‍ വന്‍തോതില്‍ അപകടങ്ങള്‍ക്ക് കാരണമാവുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ പരസ്യനയവും തദ്ദേശ സ്ഥാപനങ്ങളുടെ സെക്രട്ടറിമാര്‍ക്ക് നല്‍കിയ നിര്‍ദേശങ്ങളും നടപ്പിലാവുന്നില്ല.
പരസ്യബോര്‍ഡുകള്‍ നിയന്ത്രിക്കുന്നത് സംബന്ധിച്ച് പരിഷ്‌കരിച്ച കേരള ഔട്ട്‌ഡോര്‍ അഡ്വര്‍ടൈസിങ് നയത്തിന് 2016 ഫെബ്രുവരിയിലാണ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. ഇതുപ്രകാരം റോഡരികില്‍ നിന്ന് 50 മുതല്‍ 75 മീറ്റര്‍ വരെയുള്ള ദൂരത്ത് റോഡിന്റെ ഉടമസ്ഥാവകാശമുള്ള ഏജന്‍സി നിശ്ചയിക്കുന്ന സ്ഥലത്ത് മാത്രമേ പരസ്യം സ്ഥാപിക്കാന്‍ അനുവദിക്കുകയുള്ളൂ.
നടപ്പാതകള്‍, ഇടവഴികള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ അനുവദിക്കില്ല. ബോര്‍ഡുകളിലെ പ്രൊജക്ട് ലൈറ്റുകള്‍ റോഡിലും നടപ്പാതയിലും പ്രതിഫലിക്കരുത്, ബസ് സ്റ്റോപ്പുകള്‍, ഇലക്ട്രിസിറ്റി, ടെലിഫോണ്‍ പോസ്റ്റുകള്‍ എന്നിവിടങ്ങളിലും, കെ.എസ്.ഇ.ബി, കെ.എസ്.ആര്‍.ടി.സി, ബി.എസ്.എന്‍.എല്‍ എന്നിവയുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലും പരസ്യം പാടില്ല. ട്രാഫിക് സിഗ്നല്‍, റെയില്‍വേ സിഗ്നല്‍, മറ്റു പൊതു അറിയിപ്പുകള്‍ എന്നിവ മറക്കുന്ന രീതിയിലും പരസ്യം അനുവദിക്കില്ലെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ പരസ്യനയത്തില്‍ പറയുന്നുണ്ട്.
എന്നാല്‍ രണ്ട് വര്‍ഷം കഴിഞ്ഞിട്ടും ഇതിലെ നിയമനിര്‍ദേശങ്ങളൊന്നും ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല. പരസ്യ ബോര്‍ഡുകള്‍ മൂലമുണ്ടാകുന്ന അപകടങ്ങളുടെ ഉത്തരവാദിത്തം അത് സ്ഥാപിച്ചവര്‍ ഏറ്റെടുക്കണമെന്നും നിയമമുണ്ട്. സാമൂഹിക മൂല്യങ്ങള്‍ ലംഘിക്കുന്നതും മാന്യത കൈവിടുന്നതുമായ പരസ്യങ്ങള്‍ നിരോധിക്കുമെന്നും നഗ്‌നത പ്രദര്‍ശിപ്പിക്കുന്ന പരസ്യങ്ങളും ജാതി, മത വിദ്വേഷം എന്നിവ ഉണര്‍ത്തുന്നവയും സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്നും സര്‍ക്കാര്‍ പരസ്യനയത്തില്‍ പറയുന്നുണ്ട്.
1994ലെ പഞ്ചായത്ത് രാജ് ആക്ട് പ്രകാരം അനധികൃതമായി സ്ഥാപിച്ചിട്ടുള്ള പരസ്യ ബോര്‍ഡുകളും ബാനറുകളും നീക്കം ചെയ്യേണ്ടത് പഞ്ചായത്ത് സെക്രട്ടറിയാണ്. വ്യക്തികള്‍, സ്ഥാപനങ്ങള്‍, സംഘടനകള്‍ എന്നിവര്‍ ചട്ടവിരുദ്ധമായി ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കില്‍ അത് പരിശോധിച്ച് നീക്കം ചെയ്യാന്‍ ആവശ്യമായ നടപടികള്‍ തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ സ്വീകരിക്കണമെന്ന് അഡീഷനല്‍ ചീഫ് സെക്രട്ടറി ഉത്തരവിട്ടിരുന്നു. എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികളെയും സ്ഥാപനങ്ങളെയും ഭയന്ന് പഞ്ചായത്ത് സെക്രട്ടറിമാര്‍ നടപടിയെടുക്കുന്നില്ലെന്നാണ് ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."