കാവേരി ബോര്‍ഡ് ജുഡിഷ്യല്‍ അധികാരമുള്ള സമിതിയായിരിക്കും: സര്‍ക്കാര്‍
ന്യൂഡല്‍ഹി: കാവേരി നദീജലം പങ്കിടുന്നതിനെച്ചൊല്ലി കേരളം, തമിഴ്‌നാട്, കര്‍ണാടക, പുതുച്ചേരി എന്നീ സംസ്ഥാനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന തര്‍ക്കം പരിഹരിക്കുന്നതിനായി സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് ജുഡിഷ്യല്‍ അധികാരമുള്ള ഭരണ സമിതിയായിരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. നദീ ജലം വിതരണം ചെയ്യുന്നതിനുള്ള സംവിധാനം ഒരു ജുഡിഷ്യല്‍ അല്ലെങ്കില്‍ നിയമപരമായ അവകാശങ്ങളുള്ള അഡ്മിനിസ്‌ട്രേറ്റീവ് ബോര്‍ഡ് ആയിരിക്കുമെന്ന് ജല വിഭവ മന്ത്രാലയ സെക്രട്ടറി യു.പി സിങ് വ്യക്തമാക്കി. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബോര്‍ഡിലെ അംഗങ്ങള്‍ ആരൊക്കെയായിരിക്കും എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയായിട്ടില്ല. കേസിലെ എല്ലാ കക്ഷികളുമായി ഇതിനകം ആശയവിനിമയം നടത്തിയതിനാല്‍, സംസ്ഥാനങ്ങളുമായി പുതിയ ചര്‍ച്ചകള്‍ ഉണ്ടാവില്ലെന്നും സിങ് പറഞ്ഞു.
ബോര്‍ഡ് സ്ഥാപിക്കണമെന്ന കോടതി ഉത്തരവ് നടപ്പാക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നടപടിയെ സുപ്രിംകോടതി രൂക്ഷമായി വിമര്‍ശിച്ചതിന് പിന്നാലെയാണ് ഇന്നലെ കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ബോര്‍ഡ് രൂപീകരണത്തിന്റെ മുന്നോടിയായി കഴിഞ്ഞമാസം ജലവിഭവമന്ത്രാലയം കാവേരിനദി ജലം പങ്കുവയ്ക്കുന്ന നാലുസംസ്ഥാനങ്ങളുടെയും യോഗം വിളിച്ചിരുന്നു.
20 വര്‍ഷത്തെ പരിചയ സമ്പത്തുള്ള എന്‍ജിനീയര്‍മാരുടെ നേതൃത്വത്തിലായിരിക്കണം കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് സ്ഥാപിക്കേണ്ടതെന്ന കാവേരി ജല തര്‍ക്ക കോടതിയുടെ ഉത്തരവ് നിലവിലുണ്ട്. അടുത്ത മാസം മൂന്നോടെ പദ്ധതിയുടെ കരട് രൂപ രേഖ സമര്‍പ്പിക്കണമെന്ന് തിങ്കളാഴ്ച ചീഫ്ജസ്റ്റിസ് അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ച് നിര്‍ദേശം നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."