കേരളത്തില്‍ ഭീകരത സൃഷ്ടിക്കാന്‍ സി.പി.എം, ബി.ജെ.പി ശ്രമം: മുകുള്‍ വാസ്‌നിക്
കോഴിക്കോട്: കേരളത്തില്‍ രക്തംചിന്തി ഭീകരത സൃഷ്ടിക്കാനാണ് പിണറായിയുടെയും മോദിയുടെയും അണികള്‍ ശ്രമിക്കുന്നതെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്. കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍ നയിക്കുന്ന ജനമോചന യാത്രക്ക് കോഴിക്കോട് നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രത്തില്‍ മോദിയും കേരളത്തില്‍ പിണറായിയും ഭരണഘടനയുടെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നില്ല. മോദി ഭരണത്തിന്റെ ചെറുപതിപ്പാണ് കേരളത്തില്‍ പിണറായി നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിലും കേരളത്തിലെ മറ്റു ഭാഗങ്ങളിലും സി.പി.എമ്മും ആര്‍.എസ്.എസും ബി.ജെ.പിയും അക്രമ രാഷ്ട്രീയമാണ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ആദിവാസികള്‍ക്കും ദലിതര്‍ക്കും കേരളത്തില്‍ രക്ഷയില്ല. വാരാപ്പുഴയിലെ കസ്റ്റഡി മരണം കേരളത്തിലെ ഭരണകൂട ഭീകരതയ്ക്ക് തെളിവാണ്. കുറ്റം ചെയ്യാത്ത യുവാവിനെ പൊലിസ് കസ്റ്റഡിയില്‍ കൊല്ലുകയായിരുന്നു. ചെങ്ങന്നൂരിലെ ഉപതെരഞ്ഞെടുപ്പ് പിണറായി വിജയനെതിരേയുള്ള മറുപടിയായിരിക്കും. ശുഹെബിന്റെ കൊലപാതകവും മധുവിന്റെ മരണവും മനസ്സാക്ഷിയുള്ളവരെ ഞെട്ടിച്ച സംഭവമാണ്. പിണറായിക്കും മോദിക്കുമെതിരേ കൊടുങ്കാറ്റായി കോണ്‍ഗ്രസ് തിരിച്ചു വരും. ഇത് വരെ നടന്ന ഉപതെരഞ്ഞെടുപ്പുകളിലെ കോണ്‍ഗ്രസിന്റെ വിജയം ഈ തിരിച്ചുവരവിനുള്ള തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ദുരിത ഭരണത്തിനെതിരേയുള്ള ജനരോഷം എല്ലായിടത്തും ഉയരുന്നുണ്ട്. രാജ്യത്ത് കര്‍ഷകരും യുവാക്കളും സാധാരണക്കാരും ദുരിതമനുഭവിക്കുകയാണ്. വിദ്യാഭ്യാസ മേഖലയിലും ദുഷ്‌കരമായ അവസ്ഥയാണുള്ളത്.
അഴിമതിയെ കുറിച്ച് വലിയ രീതിയില്‍ വാചകമടിക്കുകയും എന്നാല്‍ അഴിമതിക്ക് തന്നെ കളമൊരുക്കാനുമാണ് മോദി ശ്രമിക്കുന്നത്. ദുരിതം മാത്രമാണ് നാല് വര്‍ഷം മോദി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയതെന്നും മുകുള്‍ വാസ്‌നിക് അഭിപ്രായപ്പെട്ടു. പി.കെ കുഞ്ഞാലിക്കുട്ടി എം.പി മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി പ്രസിഡന്റ് അഡ്വ.ടി.സിദ്ധീഖ് അധ്യക്ഷനായി. സുമ ബാലകൃഷണന്‍, കെ.സി അബു, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, വി.ഡി സതീശന്‍ തുടങ്ങിയവര്‍ സംസാരിച്ചു. മട്ടന്നൂരില്‍ കൊല്ലപ്പെട്ട ശുഹൈബിന്റെ കുടുംബത്തെ സഹായിക്കാന്‍ ഡി.സി.സി സമാഹരിച്ച 20 ലക്ഷം രൂപ ശുഹൈബിന്റെ പിതാവ് മുഹമ്മദും സഹോദരി ശര്‍മിളയും ഏറ്റുവാങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."