റേഡിയോ ജോക്കിയുടെ കൊലപാതകം: മുഖ്യപ്രതി അലിഭായി അറസ്റ്റില്‍
തിരുവനന്തപുരം: റേഡിയോ ജോക്കിയായിരുന്ന മടവൂര്‍ പടിഞ്ഞാറ്റേല ആശാനിവാസില്‍ രാജേഷ് കുമാറിനെ (34) വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഓച്ചിറ സ്‌കൈലാബ് ജങ്ഷനിലെ സ്വാലിഹ് ബിന്‍ ജലാലിനെ (അലിഭായ് -26 ) പൊലിസ് അറസ്റ്റു ചെയ്തു. ഇന്നലെ ഖത്തര്‍ പൊലിസ് ഇയാളെ പിടികൂടി ജെറ്റ് എയര്‍വേയ്‌സ് വിമാനത്തില്‍ തിരുവനന്തപുരത്തേക്ക് അയക്കുകയായിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തില്‍ കാത്തുനിന്ന അന്വേഷണ സംഘം ഇയാളെ അറസ്റ്റ് ചെയ്തു. ഇയാള്‍ക്കൊപ്പം ക്വട്ടേഷന്‍ സംഘാംഗം കരുനാഗപ്പള്ളി കുലശേഖരപുരം കൊച്ചയത്ത് തെക്കേതില്‍ വീട്ടില്‍ തന്‍സീര്‍ (24)ഉം അറസ്റ്റിലായി. തന്‍സീറിനെ കഴിഞ്ഞ ദിവസം പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതോടെ കേസില്‍ അഞ്ചു പേര്‍ അറസ്റ്റിലായി. സ്വാലിഹ് ജലാല്‍ ഒന്നാംപ്രതിയും തന്‍സീര്‍ മൂന്നാംപ്രതിയുമാണ്.
കഴിഞ്ഞ ദിവസങ്ങളില്‍ അറസ്റ്റിലായ കുണ്ടറ ചെറുമൂട് എല്‍.എസ് നിലയത്തില്‍ സ്ഫടികം സ്വാതി സന്തോഷ് (23),കൊല്ലം ശക്തി കുളങ്ങര സനു (33), ഓച്ചിറ എം.എ കോട്ടേജില്‍ യാസിന്‍ മുഹമ്മദ് (23) എന്നിവരാണ് അഞ്ചു മുതല്‍ ഏഴുവരെയുള്ള പ്രതികള്‍. ഇനിപിടികൂടാനുള്ള അപ്പുണ്ണി രണ്ടാം പ്രതിയും,ഖത്തറില്‍ ഉള്ള വിദേശ മലയാളിയായ സത്താര്‍ നാലാം പ്രതിയുമാണ് .
സംഭവം ഖത്തറിലെ വ്യവസായി അബ്ദുല്‍സത്താറിന്റെ ക്വട്ടേഷനാണെന്ന് സ്വാലിഹ് ജലാല്‍ പൊലിസിനോട് സമ്മതിച്ചു. സത്താറിന്റെ മുന്‍ഭാര്യയുമായി രാജേഷിനുണ്ടായിരുന്ന ബന്ധമാണ് ക്വട്ടേഷന്‍ നല്‍കിയതിന് കാരണം. ഈ ബന്ധം കാരണം സത്താറിന്റെ കുടുംബബന്ധം തകര്‍ന്നുവെന്ന് ഇയാള്‍ പൊലിസിന് മൊഴി നല്‍കി. സത്താറിനോടുള്ള സൗഹൃദം മൂലമാണ് രാജേഷിനെ കൊല്ലാമെന്നേറ്റത്. സുഹൃത്തായ അപ്പുണ്ണിയുടെ സഹായത്തോടെയാണ് കൃത്യം ആസൂത്രണം ചെയ്തത്. രാജേഷിന്റെ കൈയും കാലും വെട്ടാനായിരുന്നു പദ്ധതി ഇട്ടതെന്നും പക്ഷേ, അത് കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നുവത്രേ. കൊലയ്ക്ക് ശേഷം ആയുധങ്ങള്‍ കൊല്ലത്ത് ഉപേക്ഷിച്ചുവെന്നും ഇയാള്‍ വെളിപ്പെടുത്തി. ആറ്റിങ്ങല്‍ ഡിവൈ.എസ്.പി ഓഫിസിലെത്തിച്ച് ചോദ്യം ചെയ്ത ശേഷം അലിഭായിയെയും തന്‍സീറിനെയും ഓച്ചിറ, കരുനാഗപ്പള്ളി മടവൂര്‍ ഭാഗങ്ങളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. ഇന്ന് കോടതിയില്‍ ഹാജരാക്കും.
ക്വട്ടേഷന്‍ നല്‍കിയ അബ്ദുല്‍ സത്താറിനെയും ഉടന്‍ നാട്ടിലെത്തിക്കുമെന്ന് അന്വേഷണ സംഘം പറഞ്ഞു. കേസിലെ മറ്റൊരു പ്രതി അപ്പുണ്ണി ഇപ്പോഴും ഒളിവിലാണ്. ഇയാളും ഉടന്‍ പിടിയിലാകുമെന്നാണ് വിവരം. അതേസമയം കേസില്‍ സത്താറിന്റെ മുന്‍ഭാര്യയെ ഒന്നാം സാക്ഷിയാക്കിയേക്കും. രാജേഷുമായി ഇവര്‍ വിഡിയോ കാള്‍ചെയ്യുമ്പോഴാണ് കൊലപാതകം നടന്നത്. നിലവിളി ഫോണിലൂടെ കേട്ട് ഇവരാണ് വിവരം രാജേഷിന്റെ സുഹൃത്തുക്കളെയും മറ്റും അറിയിച്ചത്. മൊഴി രേഖപ്പെടുത്താന്‍ ഇവരെയും നാട്ടിലെത്തിക്കും. മാര്‍ച്ച് 27ന് പുലര്‍ച്ചെയാണ് ചുവന്ന മാരുതി സ്വിഫ്റ്റ് കാറിലെത്തിയ സംഘം മടവൂരിലുള്ള സ്റ്റുഡിയോയ്ക്ക് മുന്നില്‍ വച്ച് രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."