ഉന്നം തെറ്റാതെ ഹീന ; തലയുയര്‍ത്തി അനസ്
ഗോള്‍ഡ് കോസ്റ്റ്: മലയാളി താരം മഹമ്മദ് അനസ് യഹിയക്ക് 400 മീറ്ററില്‍ നേരിയ വ്യത്യാസത്തില്‍ വെങ്കല മെഡല്‍ നഷ്ടമായെങ്കിലും ആറാം ദിനത്തിലും ഇന്ത്യ സ്വര്‍ണ വേട്ട തുടര്‍ന്നു. ഷൂട്ടിങില്‍ ഹീന സിദ്ധുവാണ് ആറാം ദിനത്തിലെ ഇന്ത്യയുടെ സുവര്‍ണ താരം. അംഗപരിമിതരുടെ പോരാട്ടത്തില്‍ ഇന്ത്യയുടെ സച്ചിന്‍ ചൗധരി ഇന്ത്യക്കായി ഇന്നലെ വെങ്കലം സ്വന്തമാക്കി അഭിമാന താരമായി. 11 സ്വര്‍ണവും നാല് വെള്ളിയും ആറ് വെങ്കലവുമായി ഇന്ത്യ മൂന്നാം സ്ഥാനത്ത് കുതിക്കുന്നു. 50 സ്വര്‍ണവും 38 വെള്ളിയും 42 വെങ്കലവുമായി ആസ്‌ത്രേലിയ ഒന്നാം സ്ഥാനത്തും 24 സ്വര്‍ണം 29 വെള്ളി 21 വെങ്കലം മെഡലുമായി ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു.
അഭിമാനമായി അനസ്
മില്‍ഖാ സിങിന് ശേഷം കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ 400 മീറ്റര്‍ ഫൈനലിലേക്ക് കുതിച്ചെത്തി ചരിത്രമെഴുതിയ മലയാളി താരം മുഹമ്മദ് അനസ് യഹിയക്ക് നേരിയ വ്യത്യാസത്തില്‍ വെങ്കലം നഷ്ടമായി. തന്റെ കരിയറിലെ ഏറ്റവും മികച്ച സമയം കുറിച്ച് ദേശീയ റെക്കോര്‍ഡോടെ അനസ് നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. 45.31 സെക്കന്‍ഡിലാണ് താരം മത്സരം പൂര്‍ത്തിയാക്കിയത്. വെങ്കലം നേടിയ ജമൈക്കന്‍ താരം ജാവോന്‍ ഫ്രാന്‍സിസ് 45.11 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തു. ബോട്‌സ്വാന താരങ്ങളായ ഇസാക്ക് മക്‌വാല സ്വര്‍ണവും ബബോലോകി തെബെ വെള്ളിയും നേടി. നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടെങ്കിലും തലയുയര്‍ത്തി തന്നെയാണ് അനസ് ട്രാക്ക് വിട്ടത്.
അനസ് നിരാശനായി മടങ്ങിയ ഒറ്റ ലാപ്പിന്റെ ട്രാക്കില്‍ നിന്ന് ഇന്ത്യക്ക് പ്രതീക്ഷയുടെ വാര്‍ത്തയുമുണ്ട്. വനിതാ വിഭാഗത്തില്‍ തന്റെ ഏറ്റവും മികച്ച സമയം കുറിച്ച് ഇന്ത്യയുടെ ഹിമ ദാസ് ഫൈനലിലേക്ക് എത്തി പ്രതീക്ഷ കാത്തു. 51.53 സെക്കന്‍ഡിലാണ് താരം ഫൈനല്‍ യോഗ്യത നേടിയത്.
സുവര്‍ണ നേട്ടം റെക്കോര്‍ഡോടെ
പത്ത് മീറ്റര്‍ എയര്‍ പിസ്റ്റള്‍ പോരാട്ടത്തില്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി പോയി വെള്ളിയിലൊതുങ്ങിയതിന്റെ ക്ഷീണം ഇന്ത്യയുടെ ഹീന സിദ്ധു തീര്‍ത്തു. അതും 25 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മത്സരത്തില്‍ റെക്കോര്‍ഡോടെ സ്വര്‍ണം സ്വന്തമാക്കി. 38 പോയിന്റുകള്‍ വെടിവച്ചിട്ട് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചാണ് ഹീന കുതിച്ചത്. ആസ്‌ത്രേലിയന്‍ താരം എലന ഗലിബോവിച് വെള്ളിയും മലേഷ്യന്‍ താരം അലിയ സസന്‍ അസ്ഹരി വെങ്കലവുംനേടി. അതേസമയം ഈയിനത്തില്‍ മത്സരിച്ച ഇന്ത്യയുടെ അന്നു രാജ് സിങ് ആറാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഹീന സ്വന്തമാക്കുന്ന ആദ്യ വ്യക്തിഗത സ്വര്‍ണ മെഡലാണിത്. പത്ത് മീറ്ററില്‍ കഴിഞ്ഞ ദിവസം വെള്ളി നേടിയ താരം ഇതോടെ ഇരട്ട മെഡലുകള്‍ക്കും അര്‍ഹയായി. 2010ല്‍ ടീമിനത്തില്‍ സ്വര്‍ണം സ്വന്തമാക്കിയ സംഘത്തില്‍ ഹീന അംഗമായിരുന്നു.
അതേസമയം പുരുഷ വിഭാഗത്തില്‍ 11 വട്ടം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ നേടിയ ഇന്ത്യയുടെ ഗഗന്‍ നരംഗ് 50 മീറ്റര്‍ റൈഫിള്‍ പ്രോണില്‍ മത്സരിച്ചെങ്കിലും നിരാശപ്പെടുത്തി. ഇതേ ഇനത്തില്‍ മത്സരിച്ച ചെയ്ന്‍ സിങും മെഡല്ലിലാതെ മടങ്ങി. ഇരുവരും ഫൈനലിലെത്തിയെങ്കിലും ചെയ്ന്‍ സിങ് നാലാം സ്ഥാനത്തും ഗഗന്‍ ഏഴാം സ്ഥാനത്തുമാണ് മത്സരം അവസാനിപ്പിച്ചത്.
വൈകല്യങ്ങളെ മറികടന്ന് സച്ചിന്‍ ചൗധരി
അംഗപരിമിതരുടെ പവര്‍ലിഫ്റ്റിങില്‍ മത്സരിക്കാനിറങ്ങിയ സച്ചിന്‍ ചൗധരി ഇന്ത്യക്കായി വെങ്കലം നേടി. 181 പോയിന്റുകള്‍ കുറിച്ചാണ് താരം മൂന്നാം സ്ഥാനം സ്വന്തമാക്കിയത്. ഈ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്കായി മെഡല്‍ നേടുന്ന ആദ്യ പാരാ അത്‌ലറ്റാണ് സച്ചിന്‍.
മെഡലുറപ്പിച്ച് ബോക്‌സര്‍മാര്‍
മെഡലുറപ്പാക്കി ഇന്ത്യന്‍ ബോക്‌സര്‍മാര്‍ സെമിയിലേക്ക് കുതിച്ചെത്തി. പുരുഷ വിഭാഗത്തില്‍ മത്സരിച്ച അമിത് ഫംഗല്‍, നമന്‍ തന്‍വര്‍, ഹസ്സമുദ്ദീന്‍ മുഹമ്മദ് എന്നിവരാണ് അവസാന നാലിലേക്ക് എത്തി ഒരു മെഡല്‍ ഉറപ്പാക്കിയത്. 46-49 കിലോ വിഭാഗത്തില്‍ മത്സരിച്ച അമിത് ക്വാര്‍ട്ടറില്‍ സ്‌കോട്‌ലന്‍ഡ് താരം അഖീല്‍ അഹമദിനെ 4-1ന് പരാജയപ്പെടുത്തി. 91 കിലോയില്‍ മത്സരിച്ച നമന്‍ സമോവ താരം ഫന്‍സ് മസോയെ 5-0ത്തിന് വീഴ്ത്തി. 56കിലോയില്‍ മത്സരിച്ച ഹസ്സമുദ്ദീന്‍ സാംബിയ താരം പീറ്റര്‍ മക്‌ഗ്രെയ്‌ലിനെയാണ് കീഴടക്കിയത്.
ഹോക്കിയിലും സെമി
പുരുഷ, വനിതാ വിഭാഗം ഹോക്കിയിലും ഇന്ത്യ സെമിയിലേക്ക് കടന്നു. മലേഷ്യയെ 2-1ന് വീഴ്ത്തിയാണ് പുരുഷ വിഭാഗത്തില്‍ ഇന്ത്യ അവസാന നാലിലേക്ക് എത്തിയത്. ഗ്രൂപ്പില്‍ ഒരു മത്സരം കൂടി ബാക്കി നില്‍ക്കേ തന്നെ ഇന്ത്യ സെമി ബര്‍ത്ത് ഉറപ്പിക്കുകയായിരുന്നു. കളി തുടങ്ങി മൂന്നാം മിനുട്ടില്‍ ഹര്‍മന്‍പ്രീതി സിങിലൂടെ ഇന്ത്യ മുന്നിലെത്തി. പിന്നീട് തന്റെ രണ്ടാം ഗോളിലൂടെ ഹര്‍മന്‍പ്രീത് ഇന്ത്യയുടെ വിജയവും ഉറപ്പാക്കി. 43ാം മിനുട്ടിലാണ് താരം ഗോള്‍ നേടിയത്. ഗ്രൂപ്പിലെ ആദ്യ പോരാട്ടത്തില്‍ പാകിസ്താനുമായി 2-2ന് സമനിലയില്‍ പിരിഞ്ഞ ഇന്ത്യ രണ്ടാം പോരാട്ടത്തില്‍ വെയ്ല്‍സിനെ 4-3ന് വീഴ്ത്തിയിരുന്നു.
വനിതാ ഹോക്കി ക്വാര്‍ട്ടറില്‍ ഇന്ത്യ മറുപടിയില്ലാത്ത ഒറ്റ ഗോളിന് ദക്ഷിണാഫ്രിക്കയെ കീഴടക്കിയാണ് സെമിയിലേക്ക് കടന്നത്. പൂള്‍ ഏയില്‍ രണ്ടാം സ്ഥാനക്കാരായാണ് ഇന്ത്യ അവസാന നാലില്‍ സീറ്റുറപ്പിച്ചത്. നാല് മത്സരങ്ങളില്‍ മൂന്ന് വിജയങ്ങളുമായാണ് വനിതാ ടീമിന്റെ മുന്നേറ്റം.
മറ്റ് മത്സരങ്ങളിലും ഇന്ത്യ പ്രതീക്ഷയോടെ മുന്നേറുകയാണ്. സ്‌ക്വാഷ് പോരാട്ടത്തിന്റെ വനിതാ ഡബിള്‍സില്‍ ദീപിക പള്ളിക്കല്‍- ജോഷ്‌ന ചിന്നപ്പ സഖ്യം പാകിസ്താന്‍ താരങ്ങളായ ഫൈസ സഫര്‍- മദിന സഫര്‍ സഖ്യത്തെ ഒന്നിനെതിരേ രണ്ട് സെറ്റുകള്‍ക്ക് കീഴടക്കി അടുത്ത ഘട്ടത്തിലേക്ക് മുന്നേറി. മിക്‌സഡ് ഡബിള്‍സില്‍ ദീപികയും സൗരവ് ഘോഷാലും ചേര്‍ന്ന സഖ്യം ഗയാനയുടെ ഫംഗ് എ ഫറ്റ്- ജാസന്‍ റോയ് ഖാലി സഖ്യത്തെ 2-0ത്തിന് പരാജയപ്പെടുത്തി. ലോണ്‍ ബോള്‍സിന്റെ വിവിധ വിഭാഗങ്ങളിലും ഇന്ത്യന്‍ താരങ്ങള്‍ വിജയം സ്വന്തമാക്കിയിട്ടുണ്ട്. ബാഡ്മിന്റണ്‍ മിക്‌സഡ് ഡബിള്‍സിലെ ആദ്യ റൗണ്ടില്‍ ഇന്ത്യന്‍ സഖ്യങ്ങള്‍ വിജയിച്ചു. സാത്വിക് രാന്‍കിറെഡ്ഡി- അശ്വിനി പൊന്നപ്പ സഖ്യം ഇംഗ്ലണ്ടിന്റെ സ്റ്റുവര്‍ട്ട് ഹാര്‍ഡി- ക്ലോ ലെ ടിസിയര്‍ സഖ്യത്തെ 21-9, 21-5 എന്ന സ്‌കോറിന് അനായാസം കീഴടക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."