മകള്‍ക്ക് ബി.ജെ.പി സീറ്റ് നല്‍കിയില്ല: എസ്.എം കൃഷ്ണ കോണ്‍ഗ്രസിലേക്ക് മടങ്ങുന്നു
ബംഗളൂരു: കര്‍ണാടക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ബി.ജെ.പിയും അന്തിമ പോരാട്ടം നടത്തുന്നതിനിടയില്‍ നേതാക്കളുടെ കാലുമാറ്റവും സജീവമാകുന്നു. ഇപ്പോഴത്തെ ഏറ്റവും ശ്രദ്ധേയമായ കൂടുമാറ്റ നീക്കമാണ് മുന്‍മുഖ്യമന്ത്രി എസ്.എം കൃഷ്ണയുടെ ഭാഗത്തുനിന്നുണ്ടായത്. ഒരു വര്‍ഷം മുന്‍പ് നാടകീയ നീക്കത്തിനൊടുവില്‍ ബി.ജെ.പിയിലേക്ക് ചേക്കേറിയ അദ്ദേഹം കോണ്‍ഗ്രസിലേക്ക് തിരിച്ചുവരാനുള്ള ഒരുക്കത്തിലാണെന്നാണ് വിവരം. ബി.ജെ.പിയില്‍ അര്‍ഹമായ അംഗീകാരം ലഭിക്കാത്തതും പലപ്പോഴും അദ്ദേഹത്തെ പാര്‍ട്ടി അവഗണിക്കുന്നതുമാണ് കോണ്‍ഗ്രസിലേക്ക് മടങ്ങാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. ഇതിനിടയില്‍ തന്റെ മകള്‍ ശംഭാവിക്ക് രാജരാജേശ്വരിനഗറില്‍ സ്ഥാനാര്‍ഥിത്വം നല്‍കണമെന്ന് എസ്.എം കൃഷ്ണ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇത് അംഗീകരിക്കാന്‍ ബി.ജെ.പി നേതൃത്വം തയാറാകാത്തതും പാര്‍ട്ടി മാറാനുള്ള കാരണങ്ങളിലൊന്നാണ്.
എസ്.എം കൃഷ്ണ കോണ്‍ഗ്രസിലേക്ക് തിരിച്ചു വരുന്നതിനെ സംസ്ഥാന പ്രസിഡന്റ് ഡോ. ജി. പരമേശ്വരയും വൈദ്യുതി മന്ത്രി ഡി.കെ ശിവകുമാറും സ്വാഗതം ചെയ്തു. കൃഷ്ണയുടെ മടങ്ങിവരവുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയുമായി ഇവര്‍ ചര്‍ച്ച നടത്തിയിരുന്നു. രാഹുലും മുഖ്യമന്ത്രി സിദ്ധരാമയ്യയും ഇതിന് സമ്മതം മൂളിയിട്ടുണ്ടെന്നാണ് വിവരം. വൊക്കലിംഗ സമുദായ നേതാവുകൂടിയായ എസ്.എം കൃഷ്ണ നേരത്തെ കോണ്‍ഗ്രസ് വിട്ടത് പാര്‍ട്ടിയെ ഞെട്ടിച്ചിരുന്നു. തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പായി അദ്ദേഹം തിരിച്ചു വരുന്നത് കോണ്‍ഗ്രസിന് വലിയ നേട്ടമായിരിക്കും.
അതേസമയം ചിലകാര്യങ്ങള്‍ക്കായി അദ്ദേഹം മുംബൈയിലേക്ക് പോയതാണെന്നും കോണ്‍ഗ്രസിലേക്ക് മടങ്ങുന്നതുമായി ബന്ധപ്പെട്ട് വ്യക്തമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നുമാണ് അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അറിയിച്ചത്. എന്നാല്‍ ഇതുസംബന്ധിച്ച് പ്രതികരിക്കാന്‍ ബി.ജെ.പി നേതാക്കള്‍ തയാറായിട്ടില്ല. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തെ തള്ളിപ്പറഞ്ഞാണ് കൃഷ്ണ ബി.ജെ.പിയിലേക്ക് ചേക്കേറിയിരുന്നത്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളോട് രാഹുലിന് ബഹുമാനമില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
ബി.ജെ.പിയിലേക്ക് ചേര്‍ന്നെങ്കിലും അദ്ദേഹം അവരുടെ പാര്‍ട്ടി പരിപാടികളിലൊന്നും പങ്കെടുക്കാറുണ്ടായിരുന്നില്ല. ബി.ജെ.പി നേതാക്കള്‍ ആരും തന്നെ അദ്ദേഹത്തെ സന്ദര്‍ശിക്കാറുമുണ്ടായിരുന്നില്ല. ബി.ജെ.പിയുടെ സംസ്‌കാരവുമായി യോജിച്ചുപോകാന്‍ അദ്ദേഹത്തിന് ഇതുവരെ കഴിഞ്ഞിട്ടുമില്ല. ഈ സാഹചര്യത്തിലാണ് അദ്ദേഹം കോണ്‍ഗ്രസിലേക്ക് തിരിച്ചുവരാന്‍ നീക്കം നടത്തുന്നത്.
സിദ്ധരാമയ്യയും പരമേശ്വരയും
രണ്ട് വീതം മണ്ഡലങ്ങളില്‍ മത്സരിക്കും
ബംഗളൂരു: കോണ്‍ഗ്രസ് നേതാക്കളായ സിദ്ധരാമയ്യയും ജി. പരമേശ്വരയും രണ്ട് സീറ്റുകളില്‍ വീതം മത്സരിക്കും. തുടര്‍ച്ചയായി മത്സരിക്കുന്ന വരുണ സീറ്റ് മകന് നല്‍കി ചാമുണ്ഡേശ്വരിയില്‍ സിദ്ധരാമയ്യ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതോടെ അദ്ദേഹത്തിനെതിരേ ജെ.ഡി.എസും ബി.ജെ.പിയും സംയുക്തമായി മത്സരിക്കാന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് ഈ സീറ്റിന് പുറമെ ബാഗല്‍കോട്ടയിലെ ബാദാമി സീറ്റില്‍കൂടി മത്സരിക്കാന്‍ അദ്ദേഹം തീരുമാനിച്ചത്.
കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ജി. പരമേശ്വര തുംകൂര്‍ ജില്ലയിലെ കൊരട്ടഗരെയിലും ബംഗളൂരുവിനടുത്ത പുലികേശി നഗറിലും മത്സരിക്കും. ഇരുവര്‍ക്കും രണ്ട് സീറ്റുകളില്‍ വീതം മത്സരിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അംഗീകാരം നല്‍കിയിട്ടുണ്ട്. അതേസമയം ബാദാമി സീറ്റ് സിദ്ധരാമയ്യ ഏറ്റെടുക്കുന്നതില്‍ സിറ്റിങ് എം.എല്‍.എ ബി.ബി ചിമ്മനകട്ടി പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്. കുറുബ സമുദായക്കാരനായ സിദ്ധരാമയ്യക്ക് ഇവിടെ വലിയതോതില്‍ വോട്ട് നേടാനാകുമെന്നാണ് വിലയിരുത്തുന്നത്. കുറുബ സമുദായത്തിന് ശക്തമായ സ്വാധീനമുള്ള മണ്ഡലമാണ് ബാദാമി.1983 മുതല്‍ 2008 വരെ സിദ്ധരാമയ്യ മത്സരിച്ച മണ്ഡലമാണ് ചാമുണ്ഡേശ്വരി. ആദ്യം സ്വതന്ത്രനായും പിന്നീട് ജെ.ഡി.എസ് ടിക്കറ്റിലുമാണ് അദ്ദേഹം ഇവിടെ നിന്ന് മത്സരിച്ച് ജയിച്ചിരുന്നത്. കോണ്‍ഗ്രസിലേക്ക് മാറിയതോടെ അദ്ദേഹം വരുണ മണ്ഡലത്തിലാണ് മത്സരിച്ചിരുന്നത്.
അതേസമയം ഇരുനേതാക്കളും രണ്ട് മണ്ഡലങ്ങളില്‍ വീതം മത്സരിക്കുന്നത് തോല്‍വിയുണ്ടാകുമെന്ന് ഭയന്നിട്ടാണെന്ന് ബി.ജെ.പിയും ജെ.ഡി.എസും ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."