മോശമായി ചാര്‍ത്തി കിട്ടേണ്ട പട്ടങ്ങള്‍ നേരത്തെ കിട്ടി: മുഖ്യമന്ത്രി
കണ്ണൂര്‍: മോശമായി ചാര്‍ത്തികിട്ടേണ്ട പട്ടങ്ങള്‍ എല്ലാം നേരത്തെ തന്നെ കിട്ടിയ നേതാവാണ് താനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നെല്ലും പതിരും തിരിച്ചറിയുന്നവരാണ് ജനമെന്നു വീണ്ടും തെളിഞ്ഞു. അതിനാലാണ് താന്‍ വീണ്ടും ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടത്. മലബാറിന്റെ വികസനത്തിന് പ്രത്യേക ശ്രദ്ധപതിപ്പിക്കുമെന്നും അതിനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയായ ശേഷം ആദ്യമായി കണ്ണൂരില്‍ എത്തിയ അദ്ദേഹം പിണറായില്‍ നല്‍കിയ സ്വീകരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു.
നേരത്തെ പിണറായി വിജയനു തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ വന്‍ വരവേല്‍പ് നല്‍കി. ബാന്‍ഡ് മേളവും റെഡ് വളണ്ടിയര്‍മാരുടെ അകമ്പടിയോടും കൂടിയാണു മുഖ്യമന്ത്രി പിണറായിയെ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്.
ഇന്നലെ രാവിലെ 7.50ന് തിരുവനന്തപുരം- മംഗളൂരു എക്‌സ്പ്രസ് ട്രെയിനിലാണു പിണറായി വിജയനും ഭാര്യ കമലയും വന്നിറങ്ങിയത്.
മുഖ്യമന്ത്രി ഇറങ്ങിയതോടെ റെയില്‍വെ സ്‌റ്റേഷനില്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ ജനനായകന് അഭിവാദ്യമര്‍പ്പിച്ച് മുദ്രാവാക്യം വിളികളോടെ സ്വീകരിച്ചു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, കെ.കെ രാഗേഷ് എം.പി, എ.എന്‍ ഷംസീര്‍ എം.എല്‍.എ, സി.പി.എം ജില്ലാസെക്രട്ടറി പി ജയരാജന്‍, എം.വി ജയരാജന്‍, മുന്‍ എം.എല്‍.എ കെ.കെ നാരായണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, എം.സി പവിത്രന്‍, എം സുരേന്ദ്രന്‍, സി.പി ഷൈജന്‍, വി രാജേഷ് പ്രേം, ഒ രമേശന്‍ തുടങ്ങിയവര്‍ മുഖ്യമന്ത്രിയെ സ്വീകരിക്കാന്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയിരുന്നു.
രക്തഹാരങ്ങളണിയിച്ചാണു പ്രവര്‍ത്തകര്‍ പിണറായിയെ സ്വീകരിച്ചത്. ജില്ലാ പൊലിസ് ചീഫ് പി ഹരിശങ്കര്‍, സി.ഐ എം.പി മനോജ്, എസ്.ഐ ഷാജു തടങ്ങിയവരുടെ നേതൃത്വത്തില്‍ കനത്ത സുരക്ഷാസന്നാഹവും റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് ഒരുക്കിയിരുന്നു. സ്വീകരണത്തിനുശേഷം നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ മുഖ്യമന്ത്രിയെ ജന്മനാടായ പിണറായിയിലേക്ക് ആനയിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."